ക്യാമറകളെ അവരെല്ലാം അത്രയേറെ ഭയപ്പെട്ടിരുന്നു...

By Web Team  |  First Published Nov 4, 2020, 4:04 PM IST

കാടിനു ഞാനെന്തു പേരിടും? ആ ഫോട്ടോയുടെ കഥ. രോഷ്‌ന ആര്‍.എസ് എഴുതുന്നു


ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

വീതിയുള്ള, ആളനക്കമുള്ള വഴിയില്‍ നിന്നും ഒരു ഊടു വഴിയിലേക്ക് ഞങ്ങള്‍ മാറി നടന്നു. ഒച്ചകളില്ലാത്ത അടുത്തടുത്ത വീടുകള്‍. മണ്ണ് തേച്ച് പിടിപ്പിച്ച്, പുല്ലു മേഞ്ഞ വീടുകള്‍ക്ക് ചുറ്റും തളംകെട്ടി നിന്ന നിശ്ശബ്ദത രണ്ടു വഴികളെയും രണ്ട് വ്യത്യസ്ത സാംസ്‌കാരിക
ഭൂപടങ്ങളായി അടയാളപ്പെടുത്തി.

'കുമ്പളങ്ങി നൈറ്റ്‌സിലെ' തമിഴന്‍ സുഹൃത്തിന്റെ പൂമ്പാറ്റ പാറുന്ന മണ്‍വീടുപോലൊരു കുടിലിനരികത്താണ് മാങ്ങാനാറി ചെടികളുള്ളത്. ആ ചെടികളുടെ ഇലയനക്കങ്ങളിലേക്ക് റബ്ബര്‍ ചെരിപ്പിട്ട രണ്ടമ്മമാര്‍ നടന്നടുത്തു. നാട്ടുകൂട്ടമുള്ള ദിവസമാണ്. സ്ത്രീകളെയും കുട്ടികളെയും മാത്രമേ ഊരിലപ്പോള്‍ കാണാനാകൂ. പിന്നീട് കണ്ട മറ്റു സ്ത്രീകളെ പോലെ ബ്ലൗസും, മുട്ടെത്തുന്ന മുണ്ടും,മേല്‍മുണ്ടുമാണ് ആ അമ്മമാരുടുത്തത്. കഴുത്തോളം മാത്രം നീട്ടി വളര്‍ത്തിയ മുടിയുള്ള അവര്‍ മുക്കുത്തി തിളക്കവുമായി കടന്നു പോയി. പണിയര്‍, കാട്ടുനായ്ക്കര്‍-അവരുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഞങ്ങളിറങ്ങിച്ചെന്നു.

പൊട്ടിയടര്‍ന്നു കിടക്കുന്ന മണ്‍ ഭിത്തികള്‍ക്കിടയിലൂടെ ഊരിലെ കുട്ടിക്കണ്ണുകള്‍ ഞങ്ങളിലേക്ക് നീണ്ടു കിടന്നു. അരികോടരികു ചേര്‍ത്ത് കെട്ടിയ വീടുകള്‍...ഫോണ്‍ ക്യാമറ പൊന്തുമ്പോള്‍ അവരെല്ലാം ആമകളെന്നവണ്ണം തല വീടിനകത്തേക്ക് വലിച്ചിട്ടു. കാടുകടന്നെത്തുന്ന ക്യാമറ കണ്ണുകളെ അവര്‍ ഭയപ്പെട്ടു.

വയസ്സായ സ്തീകളുടെ മടിശ്ശീല വീര്‍ത്തിരിക്കുന്നു. ആളറിയാതെ ഫോട്ടോ എടുക്കല്ലേന്ന് മനസ്സ് കിന്നാരം പറഞ്ഞു. മുറുക്കാനുള്ള വക ഇടിച്ച് കുത്തി വായിലിട്ട് ചുവപ്പിക്കുന്ന ഒരമ്മയോട് ഫോട്ടോയ്ക്കുള്ള അനുവാദം ചോദിച്ചു. വെറ്റിലച്ചാറ് വശങ്ങളിലേക്ക് പാറ്റിത്തുപ്പിയതിനോടൊപ്പം ഇതുവരെ പിടികിട്ടാത്തൊരു ഭാഷയവര്‍ നീട്ടിത്തുപ്പി. കയ്യില്‍ ഫോണ്‍ പിടിച്ചവരെയൊക്കെ പുതിയ ഭാഷ പരിചയപ്പെടുത്തി. കാരണം, അവരെല്ലാം ക്യാമറകളെ അത്രയേറെ ഭയപ്പെട്ടിരുന്നു.

കുട്ടികളോട് മെല്ലെ മെല്ലെ സംസാരിച്ചു തുടങ്ങി. ഞങ്ങളവരിലൊരാളായപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടി, കഥകള്‍ പറഞ്ഞു...!

തലകള്‍ക്കൊപ്പം ശരീരത്തേയും പുറത്തേക്കെത്തിക്കാനവര്‍ മടിച്ചില്ല.അവിടെ വിതരണം ചെയ്ത മിഠായിക്കടലാസിന്റെ നിറക്കൂട്ടുകള്‍ ആ കുട്ടികള്‍ വഴി ഞങ്ങളിലേക്ക് പരന്നൊഴുകി.

ഡി.വിനയചന്ദ്രന്റെ 'കാട്' എന്ന കവിതയിലെ വരികള്‍ ഓര്‍മയില്‍ നിന്നെത്തി നോക്കി-

'കാടിനു ഞാനെന്തു പേരിടും
കാട്ടിലെ കൂട്ടുകാര്‍ക്കെന്തു ഞാന്‍ പേരിടും
കാടിനു ഞാനെന്റെ പേരിടും' 

.......

'ഒന്നുതന്നല്ലയോ നിങ്ങളും-ഞാനു
മിക്കാടും കിനാക്കളുമണ്ഡകടാഹവും'.......!

click me!