മാടമ്പ്: എത്ര കേട്ടാലും മടുക്കാത്ത ഒരാള്‍...

By Web Team  |  First Published Nov 18, 2020, 4:43 PM IST

ആ ഫോട്ടോയുടെ കഥ. പി രഘുനാഥ് എഴുതുന്നു


ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

മാടമ്പ് കുഞ്ഞുകുട്ടനെ ആദ്യമായി ഞാന്‍ കാണുന്നത് മച്ചാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ്. 

സുഹൃത്തും നാട്ടുകാരനുമായ  മജിസണ്‍ തോമസിന് ലളിതകലാ അക്കാദമിയുടെ  സ്‌പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ സംഘടിപ്പിച്ച അനുമോദന  ചടങ്ങില്‍ വിശിഷ്ടിതിഥിയായിരുന്നു അദ്ദേഹം. സിനിമയിലും സാഹിത്യത്തിലും ഒരുപോലെ കത്തിനില്‍ക്കുന്ന സമയമാണ്. ദേശാടനം,കരുണം തുടങ്ങി ജയരാജിന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും  തിരക്കഥാകൃത്ത് അദ്ദേഹമാണ്. 

ഒരു കലാകാരന്‍ എങ്ങനെ ആയിരിക്കണം എന്നതേക്കുറിച്ച്ായിരുന്നു മാടമ്പിന്റെ പ്രസംഗം. ''കലാകാരന്‍ ഒരിക്കലും സുഖിക്കരുത്. ശാന്തമായ ഒരു ജീവിതം അവനു കിട്ടരുത്. ജോലിയൊന്നുമില്ലാതെ ദുരിതങ്ങളും ദുരന്തങ്ങളും അനുഭവിച്ചുകൊണ്ടിരുന്നാലേ  അവനിലെ കല ഉദാത്തമാവുകയുള്ളൂ.''

മജിസണ്‍ എന്നും ദുരിതങ്ങള്‍ അനുഭവിക്കട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് അദ്ദേഹം അവിടെ നിന്ന് പോയത്. മജിസണ്‍ പോലും ഞെട്ടിവിറച്ചിരിക്കണം. അഭിനന്ദനം ഏറ്റുവാങ്ങാന്‍ വന്നയാള്‍ക്ക് ശാപം കിട്ടിയതുപോലെ. പക്ഷെ, ശാപം ഏറ്റില്ല. കാലം മജിസന് ഒരു ചിത്രകലാ അദ്ധ്യാപകന്റെ കുപ്പായം തയ്ച്ചുവെച്ചിരുന്നു.  

അന്ന് മാടമ്പുമായി സംസാരിക്കാനോ അടുത്തിടപഴകാനോ ധൈര്യമുണ്ടായില്ല. പിന്നീട് സുരേഷ് മച്ചാടിന്റെ 'മൗനം' സിനിമയുമായി ബന്ധപ്പെട്ടു നടക്കുമ്പോഴാണ് മാടമ്പുമായി കൂടുതല്‍ അടുക്കുന്നത്. തിരക്കഥാരചനയും മറ്റുമായി വയനാട്ടിലെ വൈത്തിരി ആശ്രമത്തില്‍ ഒരാഴ്ചയോളം മാടമ്പിനൊപ്പം  താമസിക്കേണ്ടി വന്നു. വൈത്തിരിയില്‍ അദ്ദേഹത്തിന്റെ ദിനചര്യ കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുലര്‍ച്ചെ മൂന്നരയ്ക്ക് എഴുന്നേല്‍ക്കും. കുളിയും ചെറിയ പൂജയും കഴിഞ്ഞ് നേരെ എഴുതാന്‍ ഇരിക്കും. എഴുതിയില്ലെങ്കില്‍ വായന. ആറരയ്ക്ക് പ്രാതല്‍ വേണം. ശേഷം വീണ്ടും എഴുത്ത്, അല്ലെങ്കില്‍ വായന. ഉച്ചക്ക് 12 മണിക്ക് മുന്‍പ് ഊണ് നിര്‍ബന്ധമാണ്. അതുകഴിഞ്ഞാലുള്ള  ഉച്ചയുറക്കം.  

തുടര്‍ച്ചയായി എഴുതുന്ന ഒരു സ്വഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്. പ്രധാനമായും പുലര്‍ച്ചെയാണ് എഴുത്ത്. എഴുതിയതില്‍ വലിയ വെട്ടലും തിരുത്തലുമുണ്ടാവില്ല. തിരുത്താന്‍ എന്തോ മടിയുള്ളതു പോലെ.  സുരേഷുമായി വലിയ സിനിമാ ചര്‍ച്ചകള്‍ക്ക് ഇരുന്നു കൊടുക്കുന്നത് കണ്ടിട്ടില്ല. ചെയ്യാനുള്ള സിനിമയേക്കാള്‍ നാട്ടുകാര്യങ്ങളും മറ്റുമായിരുന്നു ചര്‍ച്ച. 

സംസ്‌കൃതത്തിലെ ശ്ലോകങ്ങളും, എഴുത്തച്ഛന്റെയും വൈലോപ്പിള്ളിയുടെയും ആശാന്റേയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകളും ചൊല്ലുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. എല്ലാം അദ്ദേഹത്തിന് കാണാപാഠം ആയിരുന്നു. കവിത ചൊല്ലി തീരുമ്പോള്‍ ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കും. 

സിനിമ ചെയ്തു കഴിഞ്ഞിട്ടും അദ്ദേഹവുമായുള്ള ബന്ധം വിട്ടില്ല. പുതിയ സിനിമയ്ക്കും തിരക്കഥയ്ക്കും എന്ന പേരില്‍ ഞങ്ങള്‍ ഇടയ്ക്കിടെ കിരാലൂരിലെ മാടമ്പ് മനയില്‍ പോയിക്കൊണ്ടിരുന്നു. സത്യത്തില്‍ ഞാന്‍ മാടമ്പുമായി  അടുക്കുന്നത് ഈ ഒരു കാലത്താണ്. അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയില്‍ നിന്ന് സാവകാശം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നോവലുകള്‍ അപ്പോഴും എഴുതിക്കൊണ്ടിരുന്നു. നല്ല വായനയുമുണ്ട്. പണ്ടത്തെപ്പോലെയല്ല, കവിതകളും സംസ്‌കൃതശ്ലോകങ്ങളും കുറഞ്ഞിരിക്കുന്നു. ഓര്‍മ്മയ്ക്ക് കുഴപ്പമൊന്നുമില്ല. അതിനിടക്ക് ഉദരസംബന്ധമായ അസുഖത്തിന് വലിയ ഒരു ഓപ്പറേഷന്‍ കഴിഞ്ഞു. ആശങ്കകളെ അതിജീവിച്ച് അദ്ദേഹം പഴയപോലെ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ചിട്ടയായ ജീവിതക്രമങ്ങളും  ഭക്ഷണത്തിലുള്ള ലാളിത്യവുമാണ് അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

മനയില്‍ എത്തുമ്പോള്‍ വല്ലാത്ത ഒരു ഊര്‍ജ്ജമാണ് മനസ്സിലേക്ക് ഒഴുകിയെത്തുന്നത്. ഒന്നരമണിക്കൂര്‍ അദ്ദേഹത്തിനൊപ്പം വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയുകയേ ഇല്ല. ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഇല്ല. സാഹിത്യം, സിനിമ, കല, സംസ്‌കാരം, രാഷ്ട്രീയം, നാട്ടുവര്‍ത്താനം, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്... അങ്ങനെഎല്ലാറ്റിനെക്കുറിച്ചും അദ്ദേഹവുമായി സംസാരിക്കും.അറിയാത്ത കാര്യങ്ങളില്‍ അദ്ദേഹത്തിന് കുട്ടികളുടെ കൗതുകമാണ്. ചോദിച്ചു മനസ്സിലാക്കി അതറിഞ്ഞു വെക്കും. അടുത്ത തവണ അതേക്കുറിച്ച് ചോദിക്കരുത് എന്നൊരു നിര്‍ബന്ധം ഉള്ളപോലെ. വാട്‌സപ്പും ഫേസ്ബുക്കും നോക്കില്ലെങ്കിലും അതേക്കുറിച്ച് ചോദിച്ചറിയും. 

സെയില്‍സ് ഫീല്‍ഡിലെ പ്രഷറും ടാര്‍ഗറ്റ് അച്ചിവ്‌മെന്റിലെ പോരായ്മയും കൊണ്ട്  മനസ്സ് മടുക്കുമ്പോള്‍ ഞാന്‍ ചെന്നെത്തുന്ന അഭയ സങ്കേതം അവിടമാണ്. മാടമ്പ് മനയിലെ നീളന്‍ ഉമ്മറത്തിരുന്ന്, കവുങ്ങിന്‍തലപ്പിലൂടെ, തെങ്ങോലകളെ തഴുകിവരുന്ന കാറ്റിനെയറിഞ്ഞ്, നിര്‍ഭയം മുന്നിലൂടെ നടന്നുനീങ്ങുന്ന മയിലുകളെയും നോക്കി, അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കുമ്പോള്‍ മറ്റെങ്ങും കിട്ടാത്ത സന്തോഷവും സമാധാനവും ശാന്തിയും ഉള്ളില്‍ നിറയും. 

click me!