ഉപ്പയുടെ മണവും ആത്മാവുമുള്ള അഡിഡാസ് ബാഗ്

By Web Team  |  First Published Nov 13, 2020, 2:23 PM IST

ഇതൊരു വെറും ബാഗല്ല. ആ ഫോട്ടോയുടെ കഥ.  അന്‍വര്‍ഷാ യുവധാര എഴുതുന്നു


ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

നമുക്കേറ്റവും പ്രിയപ്പെട്ടൊരാള്‍ നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടും അയാളുടെ ഓര്‍മകള്‍ക്കൊപ്പം അയാള്‍ നിധിപോലെ പോലെ കാത്തു സൂക്ഷിച്ചതോ ഇഷ്ടത്തോടെ കൂടെ കൊണ്ടുനടന്നിരുന്നതോ ആയ ഒരു വസ്തു നമുക്ക് കിട്ടിയാല്‍, കാലങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ പ്രിയപ്പെട്ടവയുടെ കൂട്ടത്തില്‍ അത് സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍...

ഓര്‍മ്മകള്‍ തരുന്ന സുരക്ഷയ്ക്കും സ്‌നേഹത്തിനും നൊമ്പരങ്ങള്‍ക്കും അപ്പുറത്ത് ഒറ്റപ്പെടുമ്പോള്‍  ആ സമ്മാനം ഹൃദയത്തോടു  ചേര്‍ത്തുവെച്ച് നാം എത്രയോ തവണ വിതുമ്പിയിട്ടുണ്ടാകണം.

തൊണ്ണൂറുകളിലെ മഴയായിരുന്നു. സ്‌കൂള്‍ വിട്ടുവന്ന്  ഉമ്മറത്തിരുന്ന് മഴയിലേക്ക് നോക്കി അരിവറുത്തതും തേങ്ങാ ചിരകിയതും നല്ല ചൂടന്‍ സുലൈമാനിയും ഊതിയൂതി കുടിക്കുന്ന സമയം. 

മഴനൂലുകളുടെ അവ്യക്തതകള്‍ക്കിടയിലൂടെ രണ്ടു രൂപങ്ങള്‍ മഴനനയിച്ച നാട്ടുപാതയിലൂടെ മുറ്റത്തെ ആര്യവേപ്പിന്റെ ഇലപെയ്ത്തുകളുടെ  താഴെ വന്നു നിന്നു. ചീനിക്കര കവലയില്‍ ചായക്കട നടത്തുന്ന നായരേട്ടന്റെ നീളന്‍ കുടയ്ക്ക് കീഴില്‍ ഉപ്പയും  ഉപ്പയുടെ തോളിലുള്ള നിറം മങ്ങിയ കാവി ബാഗും മഴനനയാതെ  വീടിന്റെ വരാന്തയില്‍ വന്ന് പുഞ്ചിരിച്ചു  .

നിറം മങ്ങിയ കാവി ബാഗില്‍ സ്ഥിരം കൊണ്ടുവരാറുള്ള എരിവുള്ള കൊയമ്പത്തൂര്‍  മിച്ചറോ, കറുമുറെ കട്ടന്‍ചായയുടെ കൂടെ കടിക്കുന്ന മുറുക്കോ ഒന്നുമായിരുന്നില്ല എന്റെ ലക്ഷ്യം. ബാഗിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചുവെച്ച കടും നീലയും ഇളം നീലയും നിറത്തിലുള്ള അഡിഡാസിന്റെ പേര് പ്രിന്റ് ചെയ്തു വെച്ചിട്ടുള്ള  കുഞ്ഞു ബാഗ് പുറത്തെടുക്കുന്നതിന്ന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

വൈകുന്നേരത്തെ ചായകുടിക്ക് ശേഷം അഡിഡാസിന്റെ ബാഗില്‍ നിന്നും വീട്ടു ചിലവിനുള്ള പൈസയെടുത്ത് ഉപ്പ  ഉമ്മയെ ഏല്‍പ്പിച്ചു .
ആര്‍ക്കൊക്കെയോ കൊടുക്കുവാനുള്ള പണം വേറെ മാറ്റിവെച്ചു.

ഒടുവില്‍ എന്നെ അടുത്തേക്ക് വിളിച്ച് ബാഗില്‍ നിന്നും ഒരു ഇന്‍ലന്റ് പുറത്തെടുത്തു.

അത് ഞാന്‍ കോയമ്പത്തൂരിലേക്ക് ഉപ്പാക്ക് എഴുതിയ കത്തായിരുന്നു. സ്‌കൂളില്‍ നിന്നും മലമ്പുഴയിലേക്ക് ടൂര്‍ പോകുന്നുണ്ടെന്നും എനിക്കു പോകാന്‍ 150 രൂപ വേണം എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം .

ഉപ്പ ആ ഇന്‍ലെന്റ്  എനിക്ക് നേരെ നീട്ടി തുറന്നു നോക്കാന്‍ പറഞ്ഞു. ആശ്ചര്യത്തോടെ ഞാനത് തുറന്നപ്പോള്‍ അതില്‍ നൂറിന്റെയും അന്‍പതിന്റെയും ഒറ്റനോട്ടുകളുംം പിന്നെ പത്തുരൂപയുടെ അഞ്ചു നോട്ടുകളുമായിരുന്നു.

സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു .

മഴനനായതെ അഡിഡാസ് ബാഗില്‍  വീണ്ടും എന്നിലേക്ക് തന്നെ തിരികെ വന്ന ആ കത്തിലെ നീലാക്ഷരങ്ങളില്‍  എന്റെ സന്തോഷ കണ്ണീര് പിടഞ്ഞു വീണ്  നനഞ്ഞു.

ഉപ്പ എന്നെ ചേര്‍ത്തു പിടിച്ചപ്പോള്‍ അഡിഡാസിന്റെ കടും നീല നിറത്തിലുള്ള കുഞ്ഞു ബാഗില്‍  മുഷിഞ്ഞ കുറച്ചു നോട്ടുകളും അല്പം നാണയത്തുട്ടുകളും പിന്നെ കുറച്ചു കടലാസു തുണ്ടുകളും മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. 

ഓരോ തവണയും പത്തോ പതിനഞ്ചോ ദിവസത്തെ അവധിക്ക് ശേഷം  ഉപ്പ കോയമ്പത്തൂരിലേക്ക് തിരികെ പോകുമ്പോള്‍ അതില്‍ അവശേഷിക്കുന്ന എല്ലാ നാണയത്തുട്ടുകളും എനിക്ക് തരും.

സൂലൂരുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ക്യാമ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്നു ഉപ്പ.

പ്രിയപ്പെട്ടവരെ കാണുമ്പോള്‍ സ്‌നേഹത്തോടെ കെട്ടിപിടിച്ച് കരയുകയും റേഡിയോയില്‍ ഹിന്ദിപാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടക്കുകയും നിശ്ശബ്ദമായി പുഞ്ചിരിക്കുകയും ചെയ്യുന്ന ഉപ്പയുടെ കണ്ണീര്‍ നനവുകളെ അന്നൊന്നും എനിക്ക് മനസ്സിലാകുമായിരുന്നില്ല .

ഷൊറണൂരില്‍ ട്രെയിനിറങ്ങി ബസ്സില്‍ നാട്ടിലെത്തുന്ന ഉപ്പയുടെ ഓരോ വരവിനും തലമുടി നരക്കുന്നതിനോടൊപ്പം പഴയ ബെല്‍ബോട്ടന്‍ പാന്റസും വലിയ കോളറുകളുള്ള വെള്ള ഷര്‍ട്ടും നരച്ചതല്ലാതെ അധികമൊന്നും നിറം  മാറിയുടുക്കുന്നത് കണ്ടിട്ടില്ല. 

 

 

അപ്പോഴും വലിയ കാവി ബാഗിനുള്ളിലെ കടുത്ത നീലനിറത്തിലുള്ള അഡിഡാസിന്റെ കുഞ്ഞുബാഗ് നിറം മങ്ങാതെ തടിച്ചും മെലിഞ്ഞും  നാലുജീവിതങ്ങളുടെ സ്വപ്നങ്ങള്‍ക്കും  പ്രതീക്ഷകള്‍ക്കും  നിറം നല്‍കുന്ന  നിധിസൂക്ഷിപ്പുകാരനായി.  

കൊച്ചു വീടിനോട് ചേര്‍ന്ന്  ബാത് റൂം പണിയുവാനും കിണറില്‍ പമ്പുസെറ്റ് ഇറക്കാനും അടുക്കള മാറ്റി പണിയാനും മൂന്ന് സഹോദരിമാരുടെ വിവാഹം കഴിപ്പിച്ചയക്കുവാനും  എനിക്ക് വെറുതെ നടന്ന് പഠിക്കാനും  സിനിമകാണുവാനും  പുസ്തകങ്ങള്‍ വാങ്ങുവാനും ഉപ്പ ഹൃദയത്തോട് ചേര്‍ത്തു വെച്ച ആ അഡിഡാസ് ബാഗ് കുറെ വട്ടം മെലിഞ്ഞും തടിച്ചും നിശ്വസിച്ചും തളര്‍ന്നും പൊട്ടിയ സിബ്ബിന് പകരം പുതിയത് വെച്ചും ഉപ്പയുടെ ഓരോ കോയമ്പത്തൂര്‍ ഷൊറണൂര്‍ യാത്രകളില്‍ കൂടെ സഞ്ചരിച്ചിട്ടുണ്ട് .

എത്ര ശക്തിയായ മഴയിലും കാറ്റിലും ഉലയാതെ നനയാതെ നിറം മങ്ങാതെ ഉപ്പയുടെ ഹൃദയത്തോടൊപ്പം ചേര്‍ന്ന് നടന്ന കടും നീല നിറത്തിലുള്ള കുഞ്ഞു ബാഗായിരുന്നു ഞങ്ങളുടെ എല്ലാം.

മഴയുള്ള ഒരു വൈകുന്നേരം അധികം പരിചിതനല്ലാത്ത ഉപ്പയുടെ കൂട്ടുകാരന്റെ കൂടെ നടക്കുവാന്‍ കഴിയാത്ത വിധം തളര്‍ന്ന് വരുമ്പോള്‍ കാവി നിറത്തിലുള്ള വലിയ ബാഗ് ഉപ്പയുടെ കയ്യില്‍ ഇല്ലായിരുന്നു. പകരം  തമിഴില്‍ എന്തോ എഴുതിയ തുണി സഞ്ചിയില്‍ ഉപ്പയുടെ രണ്ടു ഷര്‍ട്ടുകള്‍ക്കിടയില്‍ അഡിഡാസിന്റെ ആ കുഞ്ഞു ബാഗ് ശ്വാസം മുട്ടി കിടപ്പുണ്ടായിരുന്നു .

എന്തോ നഷ്ടപെട്ടവനെ പോലെ ഉപ്പ അതില്‍ വെറുതെ തിരയുമ്പോള്‍ ഡോക്ടറുടെ മരുന്ന് കുറിപ്പും അതിനോട് ചേര്‍ത്ത് കെട്ടിയ കുറച്ച് ഗുളികകളും മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.

മനസ്സും ശരീരവും തളര്‍ന്ന് ശബ്ദം നഷ്ടപ്പെട്ട് ചെറിയ വീടിന്റെ ഇരുണ്ട മുറിയില്‍ മുറ്റത്തെ ആര്യവേപ്പിന്റെ പച്ചില പ്രതീക്ഷകളിലേക്ക് നോക്കിയിരിക്കുന്ന എന്നെ നോക്കി വിതുമ്പുമ്പോള്‍ എനിക്ക് എടുത്ത് തരാന്‍  ഉപ്പയുടെ വിറയ്ക്കുന്ന കയ്യിലുള്ള നിറം മങ്ങി തുടങ്ങിയ നീല ബാഗില്‍ ചില്ലറ തുട്ടുകള്‍ പോലും അവശേഷിച്ചിരുന്നില്ല .

തളി പള്ളി പറമ്പിലെ മൈലാഞ്ചിക്കാട്ടിലെ മീസാന്‍ കല്ലുകളുടെ സൗഹൃദങ്ങളിലേക്ക് ഉപ്പ ഇറങ്ങിപ്പോയ രാത്രിയില്‍ വര്‍ഷങ്ങളോളം  ഉപ്പ കിടന്ന ഇരുണ്ട മുറിയില്‍ ഉപ്പയുടെ മണവും മരുന്ന് കുറിപ്പടികള്‍ മാത്രം അവശേഷിപ്പിച്ച ആ ബാഗും മാത്രമായിരുന്നു മനസ്സിന് ധൈര്യം തരാന്‍ ഉണ്ടായിരുന്നത് .

പ്രവാസത്തിലേക്കുള്ള യാത്രയില്‍ കൊണ്ടുപോകുവാനുള്ള വസ്തുക്കളുടെ ഇടയില്‍ എന്റെ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും പാസ്‌പോര്ട്ടും വിസയും സൂക്ഷിച്ചു വെക്കാന്‍ ആദ്യം കിട്ടിയത് ഉപ്പ സമ്മാനിച്ചു പോയ നിറം മങ്ങിയ ആ കുഞ്ഞു  നീല ബാഗായിരുന്നു .

ഇപ്പോഴും സങ്കടം വരുമ്പോഴും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോഴും പതറിപോകുമ്പോഴും ആരുമില്ലല്ലോ എന്ന തോന്നലുകള്‍ ഉണ്ടാകുമ്പോഴും എന്റെ ഹൃദയത്തോട്  ചേര്‍ന്ന് കൊണ്ട് 'ഞാനില്ലേടാ' എന്ന് സ്‌നേഹത്തോടെ പറയാന്‍ അഡിഡാസിന്റെ കുഞ്ഞു ബാഗ് എന്റെ കൂടെ തന്നെയുണ്ട്.

രണ്ടു ദിവസം മുന്‍പ് പെയ്ത മഴയില്‍ സൂഫി വില്ലയിലെ റൂമില്‍ വെള്ളം കയറിയപ്പോള്‍ വലിയ ബാഗില്‍ സൂക്ഷിച്ച എല്ലാം നനഞ്ഞിട്ടും എന്റെ കണ്ണുകളെ മാത്രം നനയിക്കാനായി അല്ലെങ്കില്‍ എന്റെ കണ്ണീരിന് മാത്രമേ തന്നെ നനയിക്കാനാവൂ എന്ന വീമ്പോടെ ആ കുഞ്ഞു ബാഗ് അജയ്യനായി നിന്നു .

ചൂടുള്ളപ്പോള്‍ തണുപ്പായും മഞ്ഞു പെയ്യുമ്പോള്‍ ഇളം ചൂടായും എനിക്ക് പ്രിയപ്പെട്ടതെല്ലാം സൂക്ഷിക്കാന്‍ ഇരുപത് വര്‍ഷം മുന്‍പ് എന്റെ കൂടെ കൂടിയ, അതിന്ന് എത്രയോ മുന്‍പ് ഉപ്പയുടെ കൂടെ കൂടിയ ഉപ്പയുടെ മണവും ആത്മാവുമുള്ള ബാഗ് എന്റെ കൂടെയുണ്ട് .

click me!