പ്രളയജലം കൊണ്ടുപോയ  പുസ്തകങ്ങള്‍

By Web Team  |  First Published Oct 21, 2020, 6:14 PM IST

ആ ഫോട്ടോയുടെ കഥ. പുതിയ പരമ്പര ആരംഭിക്കുന്നു. സന്യാസു എഴുതുന്നു


ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്



 

Latest Videos

undefined

ഒന്നിന് പിറകെ മറ്റൊന്ന്, പ്രകൃതിദുരന്തങ്ങള്‍ നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. ഇപ്പോള്‍ എട്ടൊമ്പത് മാസങ്ങളായി കൊറോണയുടെ പിടിയിലാണ് നമ്മള്‍. ഈ വില്ലന്‍ എന്നത്തേക്ക് നമ്മുടെ ഭൂമി വിട്ടു പോകുമെന്ന് ആര്‍ക്കും ഒരു എത്തുംപിടിയുമില്ല. 

2018 ഓഗസ്റ്റിലെ പ്രളയത്തിനെടുത്ത ചിത്രമാണിത്. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു നടുക്കമാണ്. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളെയാണ് അന്ന് പ്രളയം ബാധിച്ചത്. ഞങ്ങളുടെ വീട് പമ്പയുടെ തീരത്താണെങ്കിലും കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഒരിക്കല്‍പോലും ഇത്തരമൊരു ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എന്റെ കുട്ടിക്കാലത്ത് എപ്പോഴോ മുറ്റത്തുവരെ വെള്ളം വന്ന് എത്തിനോക്കിയിട്ട് തിരികെപ്പോയതായി ചെറിയൊരു ഓര്‍മ്മയുണ്ട്, പിന്നീട് ഇപ്പോഴാണ്... നാട്ടുകാര്‍ വള്ളവുമായി വന്നാണ് അമ്മൂമ്മക്കിളിയെ ഒരു കരയ്‌ക്കെത്തിച്ചത്. 

 

Photo: Sanyasu 

 

രണ്ടാഴ്ചയോളം ബന്ധുവീട്ടിലായിരുന്നു ഞങ്ങളുടെ പൊറുതി. തിരികെ വന്നപ്പോള്‍ കണ്ട കാഴ്ച കണ്ണു നനയിപ്പിക്കുന്നതായിരുന്നു... കഴുത്തറ്റത്തോളം വെള്ളം പൊങ്ങിയതായി ചുവരുകള്‍ സാക്ഷ്യം പറഞ്ഞു. മുറിയ്ക്കുള്ളിലെയും അടുക്കളയിലെയും സാമാനസാമഗ്രികളെല്ലാം സ്ഥാനംതെറ്റി ചെളിയില്‍ കുളിച്ചു കിടക്കുന്നു. വിറകുപുരയില്‍ കൂട്ടിയിട്ടിരുന്ന മരത്തടികളും നാളികേരങ്ങളും അപ്രത്യക്ഷം. 

എന്റെ മനസ്സിനെ കൂടുതല്‍ വേദനിപ്പിച്ചത് വേറൊന്നാണ്,  പലപ്പോഴായി എഴുതിക്കൂട്ടി കിടക്കയ്ക്കടിയില്‍ സൂക്ഷിച്ച കുഞ്ഞന്‍ കഥകളും കുഞ്ഞുകുഞ്ഞ് കുറിപ്പുകളും എല്ലാം വെള്ളത്തില്‍ കുതിര്‍ന്ന് എന്നെ നോക്കി പറയുന്നുണ്ടായിരുന്നു: ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല സന്ന്യാസൂ... പ്രിയപ്പെട്ട പുസ്തകശേഖരം മുക്കാലും പ്രളയം വിഴുങ്ങിയിരുന്നു. 

ഇപ്പോഴും ഓഗസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഭീതിയാണ്. ഗ്യാസുകുറ്റിയുള്‍പ്പടെ വേണ്ടുന്നതെല്ലാം തട്ടിന്‍മുകളില്‍ ഒതുക്കി കാത്തിരിയ്ക്കും, പക്ഷേ... എന്തും നേരിടാന്‍ നമ്മുടെ മനസ്സിനെ പ്രാപ്തമാക്കാന്‍ വേണ്ടി പ്രകൃതി കളിയ്ക്കുന്ന ഓരോ കളികളാവും ഇവയൊക്കെയെന്ന് വെറുതേ സമാധാനിയ്ക്കും. ഇതും കടന്നുപോവും, എന്നിട്ട് ഇതിനേക്കാള്‍ വലുത് വരും... നമ്മള്‍ അതും നേരിടും. നമ്മളോടാ കളി, ഹും...

click me!