പേടിയോടെ ഒറ്റയ്‌ക്കൊരു ഗുജറാത്ത് യാത്ര; ജീവിതം മാറ്റിമറിച്ച കൂട്ടുകാരി

By Web Team  |  First Published Oct 22, 2020, 6:19 PM IST

ആ ഫോട്ടോയുടെ കഥ. അസാധാരണമായ ഒരു സൗഹൃദത്തിന്റെ ഫോട്ടോഗ്രാഫിക് അനുഭവം.നിംന വി എഴുതുന്നു


ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്

 

Latest Videos

undefined

സ്‌നേഹത്തിന്റെ എത്ര അപരിചിതമുഖങ്ങളാണ് നാം ജീവിതത്തില്‍ കണ്ടുമുട്ടാറുള്ളത്. കാലങ്ങളുടെയും ബന്ധങ്ങളുടെയും അളവുകോലില്‍ സ്‌നേഹത്തെ  നിര്‍ണയിച്ച നമ്മുടെ സമവാക്യങ്ങളെ തിരുത്തിയെഴുതിയ മനുഷ്യര്‍. ചില യാത്രകളില്‍ കണ്ട കാഴ്ചകളെക്കാളേറെ കണ്ണും മനസും നിറച്ചത് കുറച്ചു മുഖങ്ങളല്ലേ? 

പ്രിയപ്പെട്ട ജെന്നി, എന്റെ അപൂര്‍ണമായ വാക്കുകളില്‍ നിന്നെ വരച്ചിടുകയെന്നത്  അസാധ്യമെന്നറിയാം. എങ്കിലും ഇത് നിനക്ക് വേണ്ടിയാണ്. എന്റെ സ്‌നേഹത്തിന്റെ സമവാക്യത്തെ തണുത്ത കൈകളാല്‍ ചേര്‍ത്തു പിടിച്ചു  മാറ്റിയെഴുതിയതിന്, പുതിയ സ്‌നേഹതുരുത്തുകള്‍ തുറന്നു തന്നതിന്. 

ജീവിതത്തിലാദ്യമായി പ്രണയം തോന്നിയ നഗരമാണ് മുംബൈ. സ്വപ്നങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പുതിയ ചിറകുകള്‍ നല്‍കി ഓരോ ദിവസവും മുംബൈ എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നു. ഇഷ്ടമുള്ള ജോലിയും നഗരവും എല്ലാം സ്വന്തമായിട്ടും ഇനിയും ചെയ്യാന്‍  എന്തോ ബാക്കിയുണ്ടെന്ന തോന്നലില്‍ തിരക്കുള്ള ലോക്കല്‍ ട്രെയിനിലിരുന്നു ദിവാസ്വപ്നം കാണവേയാണ് മൊബൈല്‍ സ്‌ക്രീനില്‍ പ്രകാശം പരത്തി അവളുടെ മെസേജ് വന്നത്. 

ഏകാന്തമായ ഹൈദരാബാദ് ദിനങ്ങളില്‍  തണുപ്പുള്ള കൈകള്‍ കൊണ്ട്  'നിംനാ ചായ കുടിക്കാന്‍ പോകാം ..'എന്ന ചോദ്യത്തോടെ അനുവാദമില്ലാതെ എന്റെ കൈ പിടിച്ചു മെസ്സിലേക്ക്  നടന്നിരുന്ന ഗുജറാത്ത് ഡെസ്‌കിലെ ജെന്നി. ജോലിയെ കുറിച്ചും ഓഫീസിലെ ഒറ്റപ്പെടലിനെ കുറിച്ചും അവള്‍ എന്നും പരാതിയുടെ കെട്ടഴിച്ചു. 'ഞാന്‍ തിരിച്ചു പോകും' എന്ന് ഭീഷണി മുഴക്കി. എന്നാല്‍, പെട്ടന്നൊരു ദിവസം ഒരു യാത്ര പോലും പറയാതെ അവള്‍ ഇറങ്ങി പോകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. ഇപ്പോള്‍ ഇതാ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹൈദരാബാദിലെ കൂട്ടുകാരെ തപ്പി പിടിച്ചു ഇറങ്ങിയിരിക്കുകയാണ് അവള്‍.

പറയാതെ പോയത്തിലുള്ള വിഷമം പങ്കുവയ്ക്കാന്‍ മാത്രം ആത്മന്ധം ഇല്ലാത്തതു കൊണ്ടോ ,ഹൈദരാബാദിലെ ഒരു ഓര്‍മയും പൊടി തട്ടി എടുക്കാന്‍ ഇഷ്ടമില്ലാത്തതിനാലോ രണ്ടു മൂന്നു മെസേജുകളില്‍ സൗഹൃദം പുതുക്കി ഞാന്‍ തടിതപ്പി. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ വാട്സാപ്പ് തുറന്നാല്‍ ആദ്യം കാണുന്ന സന്ദേശം അവളുടേതാകും . ഓഫീസിലെ തിരക്കുകളില്‍ നിന്നും കുറച്ചു ദിവസം അവധിയെടുത്താലോ എന്ന ചിന്തയുമായി നടക്കുമ്പോഴാണ് നവരാത്രിക്ക് ഗുജറാത്തിലേക്കുള്ള ക്ഷണവുമായി അവളെത്തുന്നത്. 

 

 

പെട്ടെന്ന് തോന്നിയ ആവേശത്തില്‍ അവള്‍ക്ക് വാക്കു കൊടുത്തു. ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്തു  കഴിഞ്ഞപ്പോഴാണ് യാഥാര്‍ഥ്യങ്ങളുടെ ക്ലോക്ക് മനസ്സില്‍  മണി അടിക്കാന്‍ തുടങ്ങിയത്. കുറച്ചു കാലത്തെ ഓഫീസ് പരിചയമല്ലാതെ അവളെ കുറിച്ച് കൂടുതലായി എനിക്കൊന്നും അറിയില്ല.

മുംബൈയില്‍ തനിച്ചു നില്‍ക്കുന്നതിന്റെ ആവലാതികളുടെ കെട്ട് എന്നും അഴിക്കാറില്ലെങ്കിലും  അഡ്രസ്സ് പോലും അറിയാത്ത ഒരാളുടെ വീട്ടിലേക്ക്, മറ്റൊരു നാട്ടിലേക്ക് മകളെ തനിയെ പറഞ്ഞുവിടാനുള്ള അത്ര വിശാലമനസ്‌കത വീട്ടുകാര്‍ക്കും ഉണ്ടാകില്ലെന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ഗുജറാത്തിലേക്ക് ട്രെയിന്‍ പിടിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി. 

ഓഫീസിലെ ആവശ്യങ്ങള്‍ എന്ന് പറഞ്ഞു വീട്ടില്‍ തടി തപ്പിയെങ്കിലും ദിനവും കേള്‍ക്കുന്ന പത്രവാര്‍ത്തകളും കൂട്ടുകാരുടെ ഉപദേശവും എന്റെ ഉറക്കം കെടുത്തി. ഒറ്റക്ക് ഹിമാലയം വരെ ബൈക്ക് ഓടിച്ചു പോയ ചേച്ചിയുടെ കഥയും പെണ്‍കുട്ടികളുടെ സോളോ ട്രാവല്‍ അനുഭവങ്ങളും മാറി മാറി വായിച്ചെങ്കിലും ഹൃദയം പതിന്മടങ് വേഗത്തില്‍ മിടിച്ചു എന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഗുജറാത്തിലേക്കുള്ള ട്രെയിന്‍. നാല് മണിക്ക് യൂബര്‍ വിളിച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതു വരെ ഞാന്‍ യൂബര്‍ ചേട്ടനെ തുറിച്ചു നോക്കി എന്റെ ധൈര്യം വെളിപ്പെടുത്തി കൊണ്ടിരുന്നു. 

പക്ഷെ, പേടിപ്പെടുത്തുന്ന ചിന്തകളുടെ ചവറ്റുകൊട്ടയുമായി ഗുജറാത്തില്‍ ട്രെയിനി റങ്ങിയ  എന്നെ കാത്തിരുന്നത് സ്‌നേഹത്തിന്റെ കരുതലിന്റെ മറ്റൊരു ലോകമായിരുന്നു. രാവിലെ ഉറക്കമെണീക്കുമ്പോള്‍ ചെളി പുരണ്ട എന്റെ ഷൂ വരെ കഴുകി വെടിപ്പാക്കി മുന്നില്‍ വച്ച് , ജട പിടിച്ച തലമുടിയില്‍ ചൂടുള്ള വെളിച്ചണ്ണയിട്ട് , ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ നിരത്തി വച്ച്, അയല്‍ വീടുകളില്‍ എന്നെക്കുറിച്ച് വാചാലരായി,  ഒരു കുടുംബം മുഴുവന്‍ നാലു ദിവസം എനിക്ക് കാവലിരുന്നു. 

തമ്മില്‍ സംസാരിക്കാന്‍ ഒരു ഭാഷയില്ലാതെ എങ്ങനെ അവളുടെ കുടുംബവുമായി ഒത്തുപോകുമെന്ന എന്റെ എല്ലാ സംശയങ്ങളെയും സ്‌നേഹത്തിന്റെ ഭാഷയില്‍ അവര്‍ ഇല്ലാതാക്കി. നവരാത്രിയില്‍ നിറയെ ദീപം കൊളുത്തി ഒരു ഗ്രാമം  മുഴുവന്‍ തിളങ്ങി നിന്നപ്പോള്‍ അവര്‍  സമ്മാനമായി നല്‍കിയ പുതിയ വസ്തങ്ങളണിഞ്ഞു ഞാനും ആദ്യമായി ഗര്‍ബ നൃത്തത്തിന് താളം ചവിട്ടി. രാവിലെ മുഴുവന്‍ ഗുജറാത്തിലെ ഓരോ മുക്കും മൂലയിലൂടെയും എന്നെയും കൂട്ടി അവള്‍ വേഗത്തില്‍ നടന്നു. കണ്ടു തീര്‍ക്കാന്‍ ഒരു കാഴ്ചയും ബാക്കിയാവരുതെന്ന് എന്നെ ഇടക്കിടെ ഓര്‍മപ്പെടുത്തി. 

കൈ നിറയെ മധുരപലഹാരങ്ങള്‍ സമ്മാനമായി നല്‍കി ഇനിയും തിരിച്ചു വരുമെന്ന ഉറപ്പില്‍ എന്നെ യാത്രയാക്കിയപ്പോഴും സ്‌നേഹത്തിന്റെ കണ്ണുനീര്‍ അവരില്‍ ശേഷിച്ചിരുന്നു. 

ഒറ്റക്കൊരു യാത്ര പോവണം എന്ന എന്റെ സ്വപത്തിന്റെ സാക്ഷാത്കാരത്തെക്കാള്‍ ആ യാത്ര എനിക്കൊരു തിരിച്ചറിവുകൂടിയായിരുന്നു. ലോകത്തിന്റെ ഏത് കോണിലും സ്‌നേഹത്തിന്റെ  മുഖമായി നമ്മെ കാത്തിരിക്കുന്ന ആരെങ്കിലുമൊക്കെ ബാക്കിയുണ്ടാകുമെന്ന തിരിച്ചറിവ്. 

ജെന്നി...ഇന്ന് നീ എനിക്ക് ഒരുപാട് പ്രിയപ്പെട്ടവളാണ്. നീ വിളിച്ചാല്‍ പേരറിയാത്തോരിടത്തേക്ക് പെട്ടന്നൊരു ദിവസം ഇറങ്ങി വരാന്‍ പോലും  ഞാന്‍ ഒരുക്കമാണ്. ജീവിതത്തില്‍ നിന്നും പെട്ടന്നൊരു ദിവസം ഒളിച്ചോടണമെന്നു തോന്നുമ്പോള്‍ ഞാന്‍ ആദ്യം വണ്ടി പിടിക്കുക അവിടേക്കാണ്. സന്തോഷങ്ങള്‍ കൊണ്ട് മാത്രം ഞാന്‍ പണിതുതീര്‍ത്ത എന്റെ സാങ്കല്‍പികലോകത്തേക്കാള്‍ എത്രയോ സുന്ദരമാണവിടം.

ഇരുപതു വര്‍ഷത്തോളം കേട്ട് പഴകിയ ഭയപ്പെടുത്തുന്ന വാര്‍ത്തകളും  അനാവശ്യ കരുതലുകളും പൊട്ടിച്ചെറിയാന്‍ അന്ന് ഞാന്‍ ധൈര്യം കാണിച്ചില്ലായിരുന്നില്ലെങ്കില്‍ നീ എനിക്ക് ഇന്നും ഹൈദരബാദിലെ  ഏകാന്തതയില്‍ എന്നെ തനിച്ചാക്കി യാത്ര പറയാതെ ഇറങ്ങി പോയ ഒരു പെണ്‍കുട്ടി മാത്രമായേനെ... സ്‌നേഹത്തിന്റെ പുതിയ തുരുത്തുകള്‍ എനിക്ക് അന്യമായേനെ. 

പ്രിയപ്പെട്ട ജെന്നി തണുത്ത കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു നീ എന്നെയും കൂട്ടി നടന്നത് പുതിയ കാഴ്ചകളിലേക്ക് മാത്രമായിരുന്നില്ല സ്വാത്രന്ത്യത്തിന്റെ , സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ, കരുതലിന്റെ ഒരു പുതിയ ലോകത്തേക്ക് കൂടിയാണ് .

 

ആ ഫോട്ടോയുടെ കഥകള്‍
സന്ന്യാസു എഴുതുന്നു: പ്രളയജലം കൊണ്ടുപോയ  പുസ്തകങ്ങള്‍

 

click me!