'തയ്യല്‍ക്കാരന്‍റെ മകനേ' എന്ന് പരിഹാസം, പക്ഷേ, ഇന്ന് അരുണ്‍ തുന്നിയെടുത്ത ചിത്രത്തിന്‍റെ വില ഒരു കോടി!

By Web Team  |  First Published Mar 4, 2020, 2:06 PM IST

അങ്ങനെ നാല് വര്‍ഷം കടന്നുപോയി. സ്വപ്‍നം സ്വപ്‍നമായിത്തന്നെ മനസില്‍ കിടന്നു. നാല് വര്‍ഷത്തിനുശേഷമാണ് അരുണ്‍ തന്‍റെ പാഷനും പ്രൊഫഷനും തമ്മിലൊന്ന് കൂട്ടിയോജിപ്പിക്കുന്നത്. 


ഇത് പെയിന്‍റിങ്ങാണോ? അതോ ഫോട്ടോഗ്രാഫോ? ഈ ചിത്രം കാണുന്ന ആരും ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. എന്നാല്‍, ആയിരക്കണക്കിന് കഷ്‍ണങ്ങള്‍ നൂലുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു സാധാരണ തയ്യല്‍ മെഷീനില്‍ തയ്ച്ചെടുത്തതാണ് ഈ കലാസൃഷ്‍ടി. 

ഈ അമ്മയുടെയും കുഞ്ഞിന്‍റെയും മനോഹരമായ ചിത്രം കാണുമ്പോള്‍ ബുദ്ധിമുട്ടായിരിക്കും അല്ലേ അത് തയ്‍ച്ചെടുത്തതാണ് എന്ന് വിശ്വസിക്കാന്‍. ഈ ചിത്രത്തിന് പിന്നിലെ കലാകാരന്‍റെ പേരാണ് അരുണ്‍ കുമാര്‍ ബജാജ്. സ്വദേശം പാട്യാല. വേറൊരു പേര് കൂടിയുണ്ട് അരുണിന് 'സൂചിമാന്‍'. സൂചിയില്‍ തീര്‍ക്കുന്ന വിസ്‍മയങ്ങള്‍ കണ്ടാണ് ലോകം അദ്ദേഹത്തിന് ഈ പേര് നല്‍കിയത്. റഷ്യ മുതല്‍ ലോകത്തില്‍ പലയിടങ്ങളിലും ഇന്ന് അരുണിന്‍റെ കലാസൃഷ്‍ടികള്‍ വില്‍ക്കപ്പെടുന്നു. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 

Latest Videos

undefined

 

എങ്ങനെയാണ് തുടക്കം? 

അരുണ്‍ ഒരു തയ്യല്‍ക്കാരനായിരുന്നു. ''എന്‍റെ അച്ഛന്‍ തയ്യല്‍പ്പണിക്കാരനായിരുന്നു. വളര്‍ന്നുവന്നപ്പോള്‍ അത് നല്ലൊരു തൊഴിലാണെന്ന് എനിക്കും തോന്നിയിരുന്നു. പക്ഷേ, പലപ്പോഴും എന്‍റെ കൂട്ടുകാരെന്നെ തയ്യല്‍ക്കാരന്‍റെ മോനേ എന്ന് കളിയാക്കി വിളിച്ചു. അതെന്നില്‍ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.'' അരുണ്‍ പറയുന്നു. പക്ഷേ, എന്തുതന്നെയായാലും അച്ഛന്‍ അരുണിനെ തയ്യല്‍പ്പണിയുടെയും എംബ്രോയിഡറിയുടെയും ബാലപാഠങ്ങള്‍ പഠിപ്പിച്ചു. അപ്പോഴും മകനെ തയ്യല്‍ക്കാരനാവാന്‍ നിര്‍ബന്ധിക്കില്ലെന്ന് ആ അച്ഛന്‍ വാക്ക് നല്‍കിയിരുന്നു. പക്ഷേ, അവന്‍റെ ഭാവി വേറൊന്നായിരുന്നു. 

അച്ഛന്‍ മരിക്കുമ്പോള്‍ അരുണിന് വെറും 16 വയസ്സായിരുന്നു പ്രായം. അങ്ങനെ കുടുംബത്തെ നോക്കാനായി അരുണിന് തയ്യല്‍ ഒരു തൊഴിലായി സ്വീകരിക്കേണ്ടിവന്നു. ''സത്യത്തില്‍ എനിക്ക് ഏതെങ്കിലും വ്യത്യസ്‍തമായ ഒരു തൊഴില്‍ തെരഞ്ഞെടുക്കണമെന്നായിരുന്നു. പണവും പ്രശസ്‍തിയും കിട്ടുന്ന എന്തെങ്കിലും. എന്തെങ്കിലും മോഡേണ്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ജോലി. പക്ഷേ, കടയും തയ്യലും മാത്രമായി മുന്നോട്ടുപോകേണ്ടിവന്നു. അപ്പോഴാണ് ഇതിലെന്തെങ്കിലും വ്യത്യസ്‍തമായി ചെയ്‍തുകൂടാ എന്ന് തോന്നിയത്.'' അരുണ്‍ അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. 

അങ്ങനെ നാല് വര്‍ഷം കടന്നുപോയി. സ്വപ്‍നം സ്വപ്‍നമായിത്തന്നെ മനസില്‍ കിടന്നു. നാല് വര്‍ഷത്തിനുശേഷമാണ് അരുണ്‍ തന്‍റെ പാഷനും പ്രൊഫഷനും തമ്മിലൊന്ന് കൂട്ടിയോജിപ്പിക്കുന്നത്. പെയിന്‍റിങ്ങിലുള്ള തന്‍റെ ഇഷ്‍ടം എങ്ങനെ തന്‍റെ ജോലിയുമായി ചേര്‍ത്തുപിടിക്കാമെന്നാണ് അരുണ്‍ ചിന്തിച്ചത്. അങ്ങനെ ആദ്യമായി ഗുരു നാനാക്കിന്‍റെ ഒരു ഛായാചിത്രമുണ്ടാക്കി. ആ ചിത്രം നല്ലതായിവന്നു. അതോടെ അങ്ങനെയുള്ള കൂടുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ വരക്കാനുള്ള ആവേശവും അരുണിലുണ്ടായി. 

 

പിറ്റേദിവസം അരുണ്‍ തന്‍റെ കടയില്‍ പണികളൊന്നും ഏറ്റെടുത്തില്ല. സിഖ് ഗുരുവിന്‍റെ ഒരു ചിത്രം ഒരു കടലാസില്‍ വരച്ചു. പിന്നീട് വിവിധ നിറത്തിലുള്ള നൂലുകള്‍കൊണ്ട് അത് തയ്ച്ചെടുത്തു. 15 ദിവസങ്ങളെടുത്തു അത് പൂര്‍ത്തിയാക്കാന്‍. അതിനിടയില്‍ ചില്ലറ പരാജയങ്ങളുമുണ്ടായി. ഏതായാലും ഈ രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയായതോടെ ഇനി ഇത് തന്നെയാണ് തന്‍റെ ജോലിയെന്ന് അരുണങ്ങുറപ്പിച്ചു. എംബ്രോയിഡറി ജോലികളെല്ലാം അരുണ്‍ തന്‍റെ കൈകള്‍കൊണ്ടാണ് ചെയ്‍തിരുന്നത്. ഒരോ നൂലുകളും ചേര്‍ത്തുവച്ചുവേണം ചിത്രം പൂര്‍ത്തിയാക്കാന്‍ അതൊട്ടും എളുപ്പമായിരുന്നില്ല. മാസങ്ങളാണ് ഓരോ ജോലിയും പൂര്‍ത്തിയാക്കാനെടുത്തിരുന്നത്. അതിലെ ഏറ്റവും മനോഹരമായ പടം ഒരു കടുവയുടേതായിരുന്നു. രണ്ട് വര്‍ഷമാണ് അത് പൂര്‍ത്തിയാക്കാനെടുത്തത്. അതുപോലെ തന്നെയാണ് ഭഗവാന്‍ കൃഷ്‍ണന്‍റെ ചിത്രവും അത് പൂര്‍ത്തിയാക്കാനെടുത്തത് മൂന്നുവര്‍ഷമാണ്. അതിന്‍റെ വില കേട്ടാല്‍ ആരുമൊന്നു ഞെട്ടും, ഒരു കോടി രൂപ!

ഏതായാലും അച്ഛന്‍ തന്നെ തയ്യല്‍ പഠിപ്പിച്ചതില്‍ അരുണിന് നന്ദിയുണ്ട്. പക്ഷേ, എന്തെങ്കിലും വ്യത്യസ്‍തമായി ചെയ്യണമെന്ന ആഗ്രഹത്തെ അപ്പോഴും അരുണ്‍ കൂടെക്കൊണ്ടുനടന്നു. അതിലേക്കെത്തിച്ചേരാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‍നവും ആത്മസമര്‍പ്പണവും വേണ്ടിവന്നു. 'തയ്യല്‍ക്കാരന്‍റെ മകന്‍' എന്ന കളിയാക്കി വിളിയില്‍നിന്ന് ഒരു കോടി രൂപയ്ക്ക് തന്‍റെ ചിത്രം വില്‍ക്കുന്ന അവസ്ഥയിലേക്ക് താനെത്തിയിട്ടുണ്ടെങ്കില്‍ കഠിനപരിശ്രമത്തിലൂടെ ആര്‍ക്കും ജീവിതത്തില്‍ വിജയിക്കാമെന്നാണ് അരുണ്‍ പറയുന്നത്.

അരുണിന്‍റെ ചില ചിത്രങ്ങള്‍:

 

 

 

click me!