'പോൾ ഡാൻസ് ഒരു മോശം കലയല്ല, സ്വന്തം മനക്കരുത്ത് തിരിച്ചറിയാനുള്ള അവസരം കൂടിയാണ്'

By Web Team  |  First Published Apr 29, 2020, 4:07 PM IST

കുറഞ്ഞ വസ്ത്രധാരണത്തിന്റെ പേരിലും തെരഞ്ഞെടുത്ത പ്രൊഫഷന്റെ കാര്യത്തിലും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ആരിഫയ്ക്ക് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അതിലൊന്നും തളരാനൊരുക്കമല്ല ആരിഫ.


ആരിഫ ഭിന്ദര്‍വാല, അതാണ് ഈ പെണ്‍കുട്ടിയുടെ പേര്. ആരിഫ മുംബൈ കേന്ദ്രീകരിച്ചുള്ള പോള്‍ ഡാന്‍സറാണ്, പരിശീലകയും. വളരെ അധ്വാനം വേണ്ടതായ ഒന്നാണ് പോള്‍ ഡാന്‍സ്. പക്ഷേ, ആരിഫ അത്രയേറെ അനായാസമായിട്ടാണ് അത് ചെയ്യുന്നത്. അവളുടെ മുഖം ശാന്തമാണ്. കലയും കായികവും ഒരുപോലെ ചേര്‍ന്നിരിക്കുന്നു എന്നതിനാലാണ് താനിത് ഇഷ്ടപ്പെടുന്നത് എന്നാണ് ആരിഫ പറയുന്നത്. ശക്തി, വഴക്കം, സഹിഷ്ണുത, ദൃഢത, നിയന്ത്രണം, ബാലൻസ് എന്നിവയെല്ലാം വികസിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പോള്‍ ഡാന്‍സ് എന്ന് ആരിഫ പറയുന്നു. 

ഏതായാലും പോള്‍ ഡാന്‍സറാവണമെന്ന ആരിഫയുടെ ആഗ്രഹത്തെ എല്ലാവരുമൊന്നും അംഗീകരിച്ചിരുന്നില്ല. ഇതെന്തോ ക്ലബ്ബിലും ബാറിലുമൊക്കെ മാത്രമുള്ള പരിപാടിയല്ലേ എന്നായിരുന്നു സംശയം. എന്നാല്‍, ഈ കലയോട് തനിക്കുള്ളത് സ്വാഭാവികമായ എന്തോ ഒരടുപ്പമാണ് എന്നാണ് ആരിഫ പറയുന്നത്. കായികമായി ഒന്നിലും മുന്‍പരിചയമില്ലാത്ത ഒരാളായിരുന്നു ആരിഫ. ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള തന്‍റെ സഹോദരിയെ ആറ് വര്‍ഷം മുമ്പൊരിക്കല്‍ സന്ദര്‍ശിച്ചതാണ് പോള്‍ ഡാന്‍സറിലേക്കുള്ള ആരിഫയുടെ യാത്രക്ക് കാരണമാകുന്നത്. അവിടെ പോള്‍ ഡാന്‍സ് ക്ലാസുകളിലൊരു പരീക്ഷത്തിന് അവള്‍ തയ്യാറായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

Latest Videos

undefined

 

ചലനങ്ങള്‍ക്കും ശരീരവഴക്കത്തിനും ബാലന്‍സിങ്ങിനുമെല്ലാമായി ഒരുപാട് പരിശീലനം ആവശ്യമായിരുന്നു. പരിശീലനത്തിനിടയില്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പോളില്‍ നിന്ന് പൊള്ളലേറ്റു, മുറിവുകളുണ്ടായി. പക്ഷേ, ആരിഫ പരിശീലനം തുടര്‍ന്നു. ഒടുവില്‍ അവള്‍ വിജയം കൈവരിച്ചു. അനായാസേന അവളുടെ ശരീരം ചലിച്ചു തുടങ്ങി. പിന്നീടുള്ള രണ്ട് വര്‍ഷം കൊണ്ട് പെര്‍ത്തില്‍ തന്നെ അഡ്വാന്‍സ്ഡ് ലെവല്‍ കോഴ്സും ചെയ്തു. ഓരോ ക്ലാസിലും അവള്‍ കൂടുതല്‍ കരുത്ത് നേടി, കൂടുതല്‍ അനായാസമായി ചലിച്ചു തുടങ്ങി. ബാലന്‍സും സ്റ്റാമിനയും വര്‍ധിപ്പിച്ചു. 2016 -ല്‍ അവള്‍ മുംബൈയില്‍ തിരിച്ചെത്തി. എത്തിയ ഉടനെ ചെയ്തത് പരിശീലനത്തിനായി വീട്ടിലൊരു പോള്‍ സ്ഥാപിക്കുകയാണ്. 

പതിയെ അവള്‍ ജുഹുവില്‍ ഒരു സ്റ്റുഡിയോ തുടങ്ങി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പതിനായിരത്തോളം പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. അവിടെ പ്രായപരിധിയൊന്നും ഒരു തടസ്സമേയല്ല. ദ ക്രിയേറ്റീവ് ഇന്ത്യന്‍സ് എന്ന നെറ്റ്ഫ്ലിക്സ് ഷോയില്‍ പ്രത്യക്ഷപ്പെട്ടതോടെ ആരിഫയ്ക്ക് ആരാധകര്‍ കൂടിയിട്ടുണ്ട്. എങ്കിലും പരിശീലനം നൽകുക എന്നതാണ് ആരിഫയ്ക്ക് ഏറ്റവും ഇഷ്ടം. പോൾ ഡാൻസ് നമ്മുടെ ശരീരവും മനസും ഒരുപോലെ സുതാര്യമാക്കുകയും കരുത്ത് നൽകുകയും ചെയ്യുന്നുവെന്നാണ് ആരിഫ പറയുന്നത്. 

 

കുറഞ്ഞ വസ്ത്രധാരണത്തിന്റെ പേരിലും തെരഞ്ഞെടുത്ത പ്രൊഫഷന്റെ കാര്യത്തിലും യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ആരിഫയ്ക്ക് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അതിലൊന്നും തളരാനൊരുക്കമല്ല ആരിഫ. പുരുഷന്മാരെ ആകർഷിക്കാനാണ് പോൾ ഡാൻസ് എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല, അതിനുമപ്പുറം സ്ത്രീകൾക്ക് അവളുടെ മനക്കരുത്ത് തിരിച്ചറിയാനുള്ള അവസരമാണ് പോൾ ഡാൻസ് നൽകുന്നത് എന്നും ആരിഫ പറയുന്നു. 

click me!