സിനിമകളിൽ 'ഇന്റിമസി കോർഡിനേറ്റർ', ജോലി സെക്സ് സീൻ കൊറിയോ​ഗ്രഫി ചെയ്യുക; കൂടുതല്‍ സുരക്ഷിതരാവുമോ സ്ത്രീകള്‍?

By Web Team  |  First Published Apr 19, 2021, 10:44 AM IST

അടുത്തിടെ ഒരു നെറ്റ്ഫ്ലിക്സ് സീരീസില്‍ അഭിനയിച്ച അഞ്ജലി ശിവരാമന്‍, ആസ്തയുടെ സാന്നിധ്യം തനിക്ക് വളരെ ഉപകാരപ്രദമായി എന്ന് പറയുകയുണ്ടായി.


സിനിമകളില്‍ ഡാന്‍സ് കൊറിയോഗ്രാഫറുണ്ടാവും, ആക്ഷനും ഉണ്ടാവും കൊറിയോഗ്രാഫര്‍. അതൊക്കെ നാം കേട്ടിട്ടുണ്ടാകും. എന്നാല്‍, ഇപ്പോള്‍ സിനിമകളില്‍ ഒരു ഇന്‍റിമസി കോര്‍ഡിനേറ്റര്‍ കൂടിയുണ്ട്. സെക്സ് സീന്‍ കൊറിയോഗ്രഫി ചെയ്യുകയാണ് ജോലി. 2017 -ട് കൂടിയാണ് ഇങ്ങനെയൊരു കൊറിയോഗ്രാഫറെ കുറിച്ച് ലോകത്താകെയുള്ള സിനിമാ മേഖലകള്‍ ചിന്തിച്ച് തുടങ്ങിയത്. ആ സമയത്താണ് 'മീ ടൂ മൂവ്മെന്‍റ്' കത്തിപ്പടരുകയും ചൂഷണത്തിന്‍റെ കഥകള്‍ സിനിമാ മേഖലകളിലെ സ്ത്രീകള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്‍തത്. 

നടി എമിലി മീഡെയുടെ അഭ്യര്‍ത്ഥന മാനിച്ച് 2018 -ല്‍ എച്ച്ബിഒ ഒരു ഇന്‍റിമസി കോര്‍ഡിനേറ്ററെ നിയമിച്ചു. 1970 -ലെ ന്യൂയോര്‍ക്കിലെ സെക്സ് ആന്‍ഡ് പോണ്‍ വ്യവസായത്തെ കുറിച്ചുള്ള 'ഡ്യൂസ്' എന്ന പരമ്പരയ്ക്ക് വേണ്ടിയായിരുന്നു ഇത്. തങ്ങളുടെ ഇന്‍റിമസി സീനുകള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ ഒരാളുണ്ടാകും എന്ന് എച്ച്ബിഒ അറിയിച്ചു. പിന്നാലെ, ആമസോണും നെറ്റ്ഫ്ലിക്സും ഇത് പിന്തുടരുകയും ചെയ്തു. 

Latest Videos

undefined

എമിലി മീഡെ

അവിടെ മുതല്‍ നിരവധി സ്റ്റുഡിയോകളും പ്രൊഡ്യൂസര്‍മാരും ഡയറക്ടര്‍മാരും തങ്ങളുടെ സെറ്റുകളില്‍ ഒരു ഇന്‍റിമസി കോര്‍ഡിനേറ്ററുടെ സഹായം തേടി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആ മാറ്റം ഇന്ത്യയിലും പ്രകടമായി. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഇന്‍റിമസി കോര്‍ഡിനേറ്ററാണ് ആസ്ത ഖന്ന. ഇരുപത്തിയാറുകാരിയായ ആസ്ത പറയുന്നത് തന്‍റെ ജോലി ഒരു ആക്ഷന്‍ ഡയറക്ടറോടോ ഡാന്‍സ് കൊറിയോഗ്രാഫറോടോ താരതമ്യപ്പെടുത്താവുന്നതാണ് എന്നാണ്. എന്നാല്‍, തന്‍റെ കൊറിയോഗ്രഫി ഇന്‍റിമേറ്റ് സീനുകളില്‍ ആണ്. 

ഒരു ആക്ഷന്‍ ഡയറക്ടറുടെ ജോലി സ്റ്റണ്ട് സീനെടുക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. തന്‍റെ ജോലി സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക എന്നതാണ് എന്നും ആസ്ത പറയുന്നു. എന്‍റെ ജോലി അഭിനേതാക്കളാരും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഒരു മോശം അനുഭവമുണ്ടായതനാല്‍ എന്‍റെ അഞ്ച് വര്‍ഷം അഭിനയിക്കാന്‍ കഴിയാതെ പോയി എന്ന് ഒരു അഭിനേത്രിക്കും പറയേണ്ടി വരരുത് എന്നും ആസ്ത പറയുന്നു. അവളുടെ കിറ്റിൽ ക്രോച്ച് ഗാർഡുകൾ, ബോഡി ടേപ്പുകൾ, നിപ്പിള്‍ പേസ്ട്രി, ഒരു ഡോനട്ട് തലയിണ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് സെക്സ് സീനുകള്‍ക്കിടയില്‍ അഭിനേത്രിയുടെ സ്വകാര്യാവയവങ്ങളിൽ സ്പർശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്. 

ഓസ്കാർ പുരസ്കാരം നേടിയ ആർത്തവത്തെക്കുറിച്ചുള്ള 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്' എന്ന ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവ് മന്ദാകിനി കക്കർ, തന്റെ അടുത്ത പ്രോജക്ടിനായി ഖന്നയുടെ സഹായം തേടാന്‍ തീരുമാനിക്കുകയുണ്ടായി. ആ പ്രൊജക്ട് പൂർണമായും ഇന്‍റിമസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. സാധാരണയായി ഇന്ത്യന്‍ സിനിമകള്‍ അധികം ഇന്‍റിമസി സീനുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. അത് കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ കൊള്ളില്ല എന്നതാണ് കാരണം പറയാറ്. അതുപോലെ തന്നെ കഠിനമായ സെന്‍സറിംഗിനും വിധേയമാകേണ്ടി വരാറുണ്ട്. അതിനേക്കാളെല്ലാം ഉപരിയായി പലപ്പോഴും അഭിനേത്രികള്‍ക്ക് ചൂഷണവും നേരിടേണ്ടി വരുന്നു. 

അഞ്ജലി ശിവരാമന്‍

അടുത്തിടെ ഒരു നെറ്റ്ഫ്ലിക്സ് സീരീസില്‍ അഭിനയിച്ച അഞ്ജലി ശിവരാമന്‍, ആസ്തയുടെ സാന്നിധ്യം തനിക്ക് വളരെ ഉപകാരപ്രദമായി എന്ന് പറയുകയുണ്ടായി. തന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരാളുണ്ടാവുക എന്നത് തന്നെ വളരെ അധികം സന്തോഷിപ്പിച്ചുവെന്നും അവര്‍ ബിബിസിയുടെ ഗീതാ പാണ്ഡേയോട് പറഞ്ഞു. 'നേരത്തെ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു സെക്സ് സീന്‍ ആ സീരീസില്‍ തനിക്ക് അഭിനയിക്കേണ്ടതായി ഉണ്ടായിരുന്നു. അപ്പോള്‍ കണ്ടുമുട്ടിയ ഒരു അഭിനേതാവുമായിട്ടായിരുന്നു അഭിനയിക്കേണ്ടത്. ഒരു സ്പോര്‍ട്സ് ബ്രായും അടിവസ്ത്രവും മാത്രമാണ് താന്‍ ധരിച്ചിരുന്നത്. ഏറെക്കുറെ നഗ്നയായിരുന്നു എന്ന് തന്നെ പറയാം. അതിനാല്‍ താനാകെ പതറിയിരുന്നു. അപരിചിതനായ ഒരു സഹാഭിനേതാവിനെ ചുംബിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഡയറക്ടറോട് ഇതേക്കുറിച്ച് സംസാരിക്കാനുള്ള മനസാന്നിധ്യവും ഇല്ലായിരുന്നു. എന്നാല്‍, ആസ്ത തനിക്ക് വേണ്ടി ഡയറക്ടറോട് സംസാരിച്ചു. അങ്ങനെ ആ ചുംബന സീന്‍ വേണ്ടെന്ന് വച്ചു. സെക്സ് സീനുകളില്‍ ഡോനട്ട് കുഷ്യന്‍ വച്ചു. അങ്ങനെ തങ്ങളുടെ ശരീരം നേരിട്ട് സ്‍പര്‍ശിക്കുന്നത് ഒഴിവാക്കാനായി' എന്നും അഞ്ജലി ശിവരാമന്‍ പറയുന്നു. 

നേരത്തെ ഇന്‍റിമസി കോര്‍ഡിനേറ്റര്‍മാരില്ലാത്ത കാലത്ത് അമ്മയേയോ വിശ്വസ്തരായ മാനേജര്‍മാരെയോ ഒക്കെയാണ് നടിമാര്‍ കൂടെക്കൂട്ടിയിരുന്നത്. അവര്‍ക്ക് സ്വയമൊരു ഇന്‍റിമസി കോര്‍ഡിനേറ്റര്‍ പോലും ആകേണ്ടി വന്നിരുന്നുവെന്നും പൂജാ ഭട്ട് ബിബിസിയോട് പറയുകയുണ്ടായി. 'ബോംബെ ബീഗ'ത്തില്‍ അഭിനയിക്കുമ്പോള്‍ അവിടെ ഒരു ഇന്‍റിമസി കോര്‍ഡിനേറ്റര്‍ ഉണ്ടായിരുന്നില്ല എന്നും പകരം സംവിധായികയായ അലംകൃത ശ്രീവാസ്തവ തന്നെ ആ സ്ഥാനം കൂടി നോക്കി എന്നും ഭട്ട് പറയുന്നു. അലംകൃതയും താനും കൂടി ഇന്‍റിമസി സീനുകളെ കുറിച്ച് ചര്‍ച്ച ചെയ്തു. എങ്കിലും ഒരു ഇന്‍റിമസി കോര്‍ഡിനേറ്ററുടെ സാന്നിധ്യം സെറ്റിന് നല്ലതാണ് എന്ന് ഭട്ടും പറയുന്നു. 

പൂജാ ഭട്ട്, ബോംബെ ബീഗംസ്

എങ്കിലും എല്ലാ സംവിധായകരും തന്നെ പൂര്‍ണമായും സെറ്റിലേക്ക് സ്വാഗതം ചെയ്യുന്നവരല്ല എന്നും ആസ്ത പറയുന്നുണ്ട്. പലപ്പോഴും ഇന്‍റിമസി സീനുകളിലെന്തെങ്കിലും ആവശ്യം വന്നാല്‍ മാത്രം സെറ്റിലേക്ക് വിളിക്കുന്നവരുമുണ്ട്. ഇല്ലെങ്കില്‍ വാനില്‍ തന്നെ ഇരിക്കേണ്ടി വരും. ലോകത്തെമ്പാടുമുള്ള സിനിമകളിൽ നിന്നും ഇന്റിമസി രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ചൂഷണം ചെയ്യപ്പെട്ട കഥകളുണ്ടായിട്ടുണ്ട്. ഷൂട്ട് ചെയ്തതിൽ നിന്നും വ്യത്യസ്ത ആം​ഗിളുകളിൽ അവ ഉപയോ​ഗിക്കുക തുടങ്ങി അതങ്ങനെ നീളുന്നു. എന്നാൽ, കഴിവുറ്റ ഒരു ഇന്റിമസി കോർഡിനേറ്ററുടെ സാന്നിധ്യം ആ അവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും എന്നതിൽ സംശയമില്ല. 

(വിവരങ്ങൾക്ക് കടപ്പാട്: ബിബിസി) 

click me!