ഈ മത്സ്യം ചെറിയ ചെടികളും പ്രാണികളും പുഴുക്കളുമെല്ലാം ഭക്ഷണമാക്കുന്നു. അതുകൊണ്ടുതന്നെ വളര്‍ത്താന്‍ ചിലവ് കുറവാണ്.
അക്വാപോണിക്‌സ് വഴി മത്സ്യം വളര്‍ത്തുമ്പോള്‍ പോഷകഗുണമുള്ള വെള്ളം ചെടികള്‍ക്ക് വളമായും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. അതുപോലെ ചെടികള്‍ വെള്ളം ശുദ്ധീകരിച്ച് മത്സ്യങ്ങള്‍ക്കും അനുകൂലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇങ്ങനെ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ശുദ്ധജല മത്സ്യമാണ് തിലാപ്പിയ അല്ലെങ്കില്‍ ഫിലോപ്പി. വ്യത്യസ്‍ത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഈ മത്സ്യത്തിനുള്ളതുകൊണ്ടുതന്നെ അക്വാപോണിക്‌സ് സംവിധാനത്തില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്.
തിലാപ്പിയ വളര്‍ത്തുമ്പോഴുള്ള ഗുണം
undefined
അസുഖങ്ങളെ നല്ല രീതിയില്‍ പ്രതിരോധിക്കാനുള്ള കഴിവുള്ള മത്സ്യമാണ് തിലാപ്പിയ. വെള്ളത്തിലെ താപനില മാറിയാലും അതിജീവിക്കാന്‍ കഴിവുണ്ട്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും അമോണിയയുടെ അളവ് കൂടിയാലും ഈ മത്സ്യത്തിന് നിലനില്‍ക്കാന്‍ കഴിയും. എളുപ്പത്തില്‍ പൂര്‍ണവളര്‍ച്ചയെത്തി വിളവ് ലഭിക്കുമെന്നതും പ്രത്യേകതയാണ്. പ്രത്യുത്പാദനം നടത്താനും എളുപ്പമാണ്.
അക്വാപോണിക്‌സ് വഴി വളര്‍ത്തുമ്പോള്‍ തിലാപ്പിയ പെട്ടെന്ന് വിളവെടുക്കാം. വിളവെടുക്കുന്നതിന് മൂന്ന് ദിവസം മുമ്പേ തീറ്റ നല്‍കുന്നത് നിര്‍ത്തണം. ഇവയെ പ്രത്യേകം വൃത്തിയാക്കിയ ടാങ്കിലേക്ക് മാറ്റണം. ഇങ്ങനെ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഭക്ഷണം കൊടുക്കാതിരുന്നാല്‍ ദഹനവ്യവസ്ഥ ശുചിയാവുകയും മത്സ്യത്തിന്റെ വിസര്‍ജ്യമുള്ള ഈ വെള്ളം പച്ചക്കറികള്‍ക്ക് ഒഴിച്ചുകൊടുക്കുകയും ചെയ്യാം. ഇപ്രകാരം വിളവെടുക്കുന്ന മത്സ്യങ്ങള്‍ക്ക് നല്ല രുചിയുണ്ടാകും.
ഈ മത്സ്യം ചെറിയ ചെടികളും പ്രാണികളും പുഴുക്കളുമെല്ലാം ഭക്ഷണമാക്കുന്നു. അതുകൊണ്ടുതന്നെ വളര്‍ത്താന്‍ ചിലവ് കുറവാണ്.
അക്വാപോണിക്‌സിന് അനുയോജ്യമായ ഇനങ്ങള്‍
ഉഷ്‍ണമേഖല സാഹചര്യങ്ങളില്‍ ഏറ്റവും നന്നായി വളര്‍ച്ചാനിരക്ക് കാണിക്കുന്ന ഇനമാണ് നിലോട്ടിക്ക.
ഫ്‌ളോറിഡ റെഡ് തിലാപ്പിയ എന്ന ഇനവും വളര്‍ത്താന്‍ നല്ലതാണ്. ഇതിന് ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമാണ്.
വളരെ കുറഞ്ഞ വളര്‍ച്ചാനിരക്ക് കാണിക്കുന്ന ഇനമാണ് ഓറ. എന്നാല്‍, തണുപ്പിനെ അതിജീവിക്കാന്‍ ഏറ്റവും കഴിവുള്ള ഇനമാണിത്.
നൈല്‍ തിലാപിയയുടെ ശാസ്ത്രീയനാമമാണ് ഓറിയോക്രോമിസ് നിലോട്ടിക്കസ്. ഇത് പ്രത്യുത്പാദനപരമായി പൂര്‍ണവളര്‍ച്ച കൈവരിക്കാന്‍ അഞ്ചോ ആറോ മാസത്തോളമെടുക്കും. മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ ബ്രീഡിങ്ങ് സൈക്കിള്‍ ഉള്ള ഇനമാണിത്.
ബ്ലൂ തിലാപ്പിയ
ഈ ഇനത്തിന് ഉപ്പുവെള്ളത്തിലും ജീവിക്കാന്‍ കഴിയും. ഇതിന് വയറിന്റെ അടിഭാഗത്ത് പിങ്ക് നിറമാണ്. അക്വാപോണിക്‌സ് വഴി വളര്‍ത്താന്‍ ഏറ്റവും പറ്റിയ ഇനമാണിത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഏറ്റവും കഴിവുണ്ടെന്നതും മറ്റെല്ലാ തരത്തില്‍പ്പെട്ട തിലാപ്പിയ മത്സ്യങ്ങളേക്കാളും കൂടുതല്‍ രുചിയുണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഹവായിയന്‍ ഗോള്‍ഡ് തിലാപ്പിയ
ഓറിയോ ക്രോമിസ് മൊസാബിക്കസ് എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. ഈ മത്സ്യം 16 ഇഞ്ച് വലുപ്പത്തിലും 2.5 പൗണ്ട് ഭാരത്തോടും കൂടി വളരും.
വെള്ള തിലാപ്പിയ
ബ്ലൂ തിലാപ്പിയയുടെ ഹൈബ്രിഡ് ഇനമാണിത്. ഇതിന് ചാരനിറമോ വെള്ളനിറമോ ആയിരിക്കും. അല്‍പം ചൂട് കാലാവസ്ഥയാണ് ഇഷ്ടം.
അക്വാപോണിക്‌സ് വഴി എങ്ങനെ വളര്‍ത്താം?
നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അതേഗുണനിലവാരമുള്ള വെള്ളം തന്നെ ടാങ്കില്‍ നിറയ്ക്കണം. ഈ മത്സ്യങ്ങള്‍ ചര്‍മം വഴി ഓസ്‌മോസിസ് പ്രവര്‍ത്തനത്തിലൂടെ വെള്ളം ആഗിരണം ചെയ്യും. വെള്ളത്തില്‍ എന്ത് കലര്‍ന്നാലും ശരീരത്തില്‍ ആഗിരണം ചെയ്യുമെന്നതുകൊണ്ട് ശ്രദ്ധിക്കണം. പെട്ടെന്ന് താപനിലയിലും പി.എച്ച് മൂല്യത്തിലും വെള്ളത്തിന്റെ രാസഘടനയിലും മാറ്റമുണ്ടാകുന്നത് മത്സ്യത്തിന് അസ്വസ്ഥതയുണ്ടാക്കും.
പുതിയ വെള്ളത്തിലേക്ക് മാറ്റുമ്പോള്‍ നേരത്തേ മത്സ്യം ജീവിച്ചിരുന്ന അതേ പി.എച്ച് മൂല്യം നിലനിര്‍ത്തണം. ചെടികളും മത്സ്യവും ഓരേപോലെ കുഴപ്പമില്ലാതെ വളരാന്‍ അനുയോജ്യമായ പി.എച്ച് ലെവല്‍ 6 -നും 7 -നും ഇടയിലാണ്. മത്സ്യത്തിന് നല്ല രുചിയുണ്ടാകണമെങ്കില്‍ വളര്‍ത്തുന്ന വെള്ളത്തിലേക്ക് ഖരമാലിന്യങ്ങള്‍ കലര്‍ത്തരുത്.
സസ്യഭുക്ക് ആയി ജീവിക്കാനുള്ള പ്രവണതയുള്ള മത്സ്യമാണിത്. ആല്‍ഗകളും മറ്റ് ജലസസ്യങ്ങളുമാണ് ഇഷ്ടഭക്ഷണം. നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ജൈവരീതിയിലുള്ള തീറ്റയും നല്‍കാം.
അക്വാപോണിക്‌സ് സംവിധാനം സൂര്യപ്രകാശമുള്ള സ്ഥലത്ത് ഒരുക്കണം. തിലാപ്പിയ വളരെ പെട്ടെന്ന് വളരാന്‍ 18 മണിക്കൂര്‍ വെളിച്ചമുള്ള സാഹചര്യം ആവശ്യമാണ്. ദിവസേന വെള്ളം മാറ്റുന്ന അക്വാപോണിക്‌സ് സംവിധാനത്തില്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഫില്‍റ്ററുകളുടെ ആവശ്യമില്ല. ഈ വെള്ളം പച്ചക്കറികള്‍ക്ക് നല്‍കാം.