ചക്ക കൃഷിയില്‍ വിയറ്റ്‌നാം വിജയഗാഥ; സൂപ്പര്‍ഹിറ്റായി സലീമിന്‍റെ 'സൂപ്പര്‍ ഏര്‍ലി'

By Web Team  |  First Published Nov 10, 2022, 12:55 PM IST

 ഒരു വര്‍ഷത്തില്‍ രണ്ട് മാസമൊഴിച്ച് ബാക്കി എല്ലാ  മാസവും വിളവ് ലഭിക്കുന്ന ഇനമാണ് സൂപ്പര്‍ ഏര്‍ളി പ്ലാവുകള്‍.



മലപ്പുറം:  കാര്‍ഷിക രംഗത്ത് മധുരമൂറും ചക്കയുടെ പുത്തന്‍ പരീക്ഷണവുമായി പാരമ്പര്യ കര്‍ഷകന്‍ വണ്ടൂര്‍ സ്വദേശി കോട്ടമ്മല്‍ സലീം. നാടന്‍ ചക്കയ്ക്ക് പകരം വിദേശിയും അത്യുത്പാദന ശേഷിയുള്ളതുമായ വിയറ്റ്‌നാം സൂപ്പര്‍ എര്‍ളി എന്നയിനം പ്ലാവാണ് സലീം കൃഷി ചെയ്യുന്നത്. അഞ്ചേക്കറോളം സ്ഥലത്താണ് ഇദ്ദേഹം ചക്ക കൃഷി വിജയകരമായി നടത്തുന്നത്.

വിദേശത്തെ ജോലിക്കിടെ വിയറ്റ്‌നാമുകാരുമായുള്ള സഹവാസത്തിനിടെയാണ് വിയറ്റ്നാം ചക്കയുടെ പോഷക ഗുണവും അതില്‍ നിന്നുത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാധ്യതയും സലീം തിരിച്ചറിഞ്ഞത്. നാട്ടിലെത്തിയ ഇദ്ദേഹം പരീക്ഷണാടിസ്ഥാനത്തില്‍ ചക്ക കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. ഈ കൃഷിയില്‍ വിജയിച്ചതോടെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും ചക്കയുടെ തോഴനായ സലീമിനെ തേടിയെത്തി. 

Latest Videos

undefined

രണ്ട് വര്‍ഷം മാത്രം പ്രായമുള്ള പ്ലാവിന്‍ തൈകളില്‍ ചക്ക നിറഞ്ഞ് നില്‍ക്കുന്നത് കൗതുക കാഴ്ചയാണ്. ഒരു വര്‍ഷത്തില്‍ രണ്ട് മാസമൊഴിച്ച് ബാക്കി എല്ലാ  മാസവും വിളവ് ലഭിക്കുന്ന ഇനമാണ് സൂപ്പര്‍ ഏര്‍ളി പ്ലാവുകള്‍.
ഇടിച്ചക്ക, കറിച്ചക്ക, പഴുത്ത ചക്ക ഇങ്ങനെ മൂന്നിനങ്ങളാണ് വിളവെടുക്കുന്നത്. പരമാവധി എട്ട് കിലോയോളമാണ് മൂത്ത ചക്കയുടെ തൂക്കം. ഇത് പഴുത്താല്‍ രുചിയും മധുരവും ഏറെ സ്വാദിഷ്ടമാണ്. ആയിരത്തിലധികം പ്ലാവില്‍ നിന്ന് വരുമാനം ലഭിക്കുന്ന സംസ്ഥാനത്തെ തന്നെ പ്രധാന ചക്ക കര്‍ഷകനാണ് സലീം. 

കൊവിഡ് കാലത്ത് വീട്ടിലിരുന്ന സമയത്താണ് തൈകളെത്തിച്ച് കൃഷിചെയ്യാന്‍ തുടങ്ങിയത്. വീട്ടു വളപ്പിനോട് ചേര്‍ന്നും വാണിയമ്പലം ശാന്തി അത്താണിക്കലിലെ സ്വന്തം പറമ്പിലുമാണ് ഇദ്ദേഹം ചക്ക കൃഷിയിറക്കിയിട്ടുള്ളത്. വിളവെടുക്കുന്ന ചക്കകള്‍ ലുലുമാള്‍, തൃപ്പൂണിത്തുറയിലെ ശ്രീനി ഫാംസ് എന്നിവിടങ്ങളിലാണ് വിപണനം നടത്തുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഉഡുപ്പിയില്‍ നടന്ന സൗത്ത് ഇന്ത്യന്‍ കോണ്‍ക്ലേവില്‍ വെച്ച് സലീം അവാര്‍ഡ് നേടിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ചക്ക കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സലീം.

click me!