ചെടി വളർന്ന് ആവശ്യത്തിന് ഇലകൾ തളിർത്തു വരുന്നതുവരെ തണലത്തു വെക്കുന്നതാണ് നല്ലത്. റോസ് തളിർത്തു വന്നതിനുശേഷം മാത്രം വെയിലത്തേയ്ക്ക് മാറ്റി വയ്ക്കുക.
പൂച്ചട്ടിയിലും നിലത്തും നട്ടുവളർത്താവുന്ന റോസാച്ചെടി അഥവാ പനിനീർപ്പൂച്ചെടി നടാനുള്ള നല്ല സമയമാണ് ഇത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് റോസ് നടുവാൻ ഏറ്റവും നല്ല സമയം.
റോസാച്ചെടിയിൽ നല്ല ഭംഗിയും നിറവുമുള്ള ധാരാളം പൂക്കൾ ഉണ്ടാകാൻ ചെറിയ ചില വിദ്യകൾ പ്രയോഗിച്ചാൽ മതി. ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നവയാണ് ഈ സൂത്രങ്ങൾ.
undefined
*മണ്ണും മണലും ചാണകപ്പൊടിയും ചകിരിച്ചോറും എല്ലുപൊടിയും കൂട്ടിക്കലർത്തിയ മിശ്രിതമാണ് റോസാച്ചെടി നടാൻ ഏറ്റവും നല്ലത്. ഇത് ചെടിച്ചട്ടിയുടെ മുക്കാൽ ഭാഗത്തോളം നിറച്ച് അതിലാണ് ചെടി നടേണ്ടത്.
* സാധാരണ ഗതിയിൽ പനിനീർച്ചെടി പിടിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ വളർച്ചാഹോർമോണിൽ കമ്പുമുക്കി നടുന്നതാണു നല്ലത്.
* റോസാക്കമ്പിൽനിന്ന് പുതുതായി ചെടി വളർന്നു കിട്ടാൻ ഒരു സൂത്രമുണ്ട്. ഒരു ഉരുളക്കിഴങ്ങിന്റെ മധ്യത്തിൽ ഒരു റോസാ കമ്പ് കുത്തിയിറക്കാൻ പാകത്തിൽ ദ്വാരമിടുക. അതിലേക്ക് ഇലകൾ എല്ലാം നീക്കിയ കമ്പ് വെക്കുക. എന്നിട്ട് ചെടിച്ചട്ടിയുടെ ഏകദേശം മധ്യഭാഗത്തായി ഈ ഉരുളക്കിഴങ്ങു വരുന്ന തരത്തിൽ താഴെയും മുകളിലും മണ്ണു നിറയ്ക്കുക. അടിവശം വെട്ടിമാറ്റിയ ഒരു പ്ലാസ്റ്റിക് കുപ്പി (ജ്യൂസ് കുപ്പി മതി) കുപ്പിക്കഴുത്തു മുകളിൽ വരുന്നതരത്തിൽ വച്ച് ഈ റോസാക്കമ്പിനെ അതിനകത്താക്കി വെക്കുക. പതിവായി നന തുടരുക. അത്ഭുതകരമായ രീതിയിൽ റോസാച്ചെടി വളർന്നുവരും.
*ചെടി വളർന്ന് ആവശ്യത്തിന് ഇലകൾ തളിർത്തു വരുന്നതുവരെ തണലത്തു വെക്കുന്നതാണ് നല്ലത്. റോസ് തളിർത്തു വന്നതിനുശേഷം മാത്രം വെയിലത്തേയ്ക്ക് മാറ്റി വയ്ക്കുക.
* അടുക്കളയിൽ നിന്ന് കിട്ടുന്ന തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊലി, മീൻ കഴുകിയ വെള്ളം, ഇറച്ചി കഴുകിയ വെള്ളം, അക്വേറിയത്തിലെ വെള്ളം എന്നിവയെല്ലാം പനിനീർച്ചെടി നന്നായി വളരുന്നതിനും നന്നായി പൂക്കുന്നതിനും സഹായിക്കും.
*തേയില ചണ്ടിയും മുട്ടത്തോടും പഴത്തൊലിയും വെള്ളം ചേർത്തരച്ച് തയ്യാറാക്കുന്ന ജൈവമിശ്രിതം ഒഴിച്ചുകൊടുത്താൽ ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകും.
* റോസാച്ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വേരു ചീയുന്നത് ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്.
* ചെടികളിൽ ഇലകളിലെ കറുപ്പ് പൊട്ടു മാറാൻ വേപ്പെണ്ണ ഇമൽഷൻ തളിക്കുന്നതു നല്ലതാണ്. (ഒരു ലിറ്റർ വെള്ളത്തിൽ 120 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച ലായനി രണ്ടു ലിറ്റർ വേപ്പെണ്ണ ചേർത്ത് നന്നായി ഇളക്കുക. ഇതിൽ പത്തിരട്ടി വെള്ളം ചേർത്താണ് വേപ്പെണ്ണ ഇമൽഷൻ തയ്യാറാക്കുന്നത്.) ഇത് ചെടികളിൽ തളിച്ചുകൊടുത്താൽ കുമിൾ രോഗങ്ങൾ മാറും.
*രണ്ട് ടീസ്പൂൺ വിനാഗിരി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി റോസാ ചെടിയിൽ തളിച്ചുകൊടുത്താലും കുമിൾ രോഗങ്ങൾക്കു ശമനം ഉണ്ടാകും.
* റോസാച്ചെടിയുടെ ഇലകളിലെ മുരടിപ്പ് രോഗം മാറാൻ പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ച് ഒഴിച്ചുകൊടുക്കുകയോ തളിച്ചുകൊടുക്കുകയോ ചെയ്യാം.