വീട്ടിലെ ടെറസിൽ 700 -ലധികം ചെടികൾ, പൂക്കളും പഴങ്ങളും പക്ഷികളുമുള്ള കുഞ്ഞുവനം തന്നെ

By Web Team  |  First Published Sep 10, 2021, 2:26 PM IST

15 വര്‍ഷം മുമ്പ് ഈ നഗരത്തിലെത്തുമ്പോള്‍ തനിക്ക് ഗാര്‍ഡനിംഗിനെ കുറിച്ച് ഒന്നുമറിയുമായിരുന്നില്ല. എന്നാല്‍, പാറ്റ്നയില്‍ നിന്നും വരുമ്പോള്‍ പ്രകൃതിയോടുള്ള സ്നേഹവുമായിട്ടാണ് താന്‍ വന്നത് എന്നും അവര്‍ പറയുന്നു.


രശ്മി ശുക്ല ദ്വാരകയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് താമസിക്കുന്നത്. അവരുടെ ടെറസിൽ ഒരു കുഞ്ഞുവനം തന്നെ അവര്‍ സൃഷ്ടിച്ചിട്ടുണ്ട്. വീട്ടിൽ സമൃദ്ധമായ ടെറസ് പൂന്തോട്ടം വേണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? എന്നാല്‍, അങ്ങനെയൊരു തോട്ടമാണ് രശ്മിയുടേത്. അല്ലെങ്കിലും വായുമലിനീകരണവും ചൂടും ജീവിതം കഠിനമാക്കുന്ന നഗരത്തില്‍ തണുപ്പ് നല്‍കുന്ന ഒരു ടെറസ് ആരാണ് ആഗ്രഹിക്കാത്തത് അല്ലേ? 

രശ്മിയുടെ ടെറസിൽ 700 തരത്തില്‍ പെട്ട ചെടികളും ബേര്‍ഡ്ഹൗസും ഫലവൃക്ഷങ്ങളും ഉൾക്കൊള്ളുന്ന ഒരു ചെറിയ വനം തന്നെയാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ആളുകൾ സാധാരണയായി പാർക്കിലേക്ക് പോകുന്നത് ശുദ്ധവായു ലഭിക്കാനും പച്ചപ്പ് അനുഭവിക്കാനും ആണ്. പക്ഷേ, രശ്മിക്ക് അതിനായി എവിടേയും പോകേണ്ടതില്ല. പകരം സ്വന്തം തോട്ടത്തിലേക്ക് പോയാല്‍ മതി. ചുറ്റുവട്ടത്തുള്ള പല പൂന്തോട്ട പ്രേമികൾക്കും രശ്മി ശരിക്കും പ്രചോദനമാണ്. 

Latest Videos

undefined

"കീടബാധ പോലുള്ള ഗുരുതരമായ സാഹചര്യം ഉണ്ടാകുന്നില്ലെങ്കിൽ തോട്ടത്തിൽ രാസവസ്തുക്കൾ തൊടരുതെന്നാണ് എന്‍റെ അഭിപ്രായം. പ്രാണികളും പക്ഷികളും സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് തോന്നുന്ന ഇടങ്ങളാണ് പലപ്പോഴും സന്ദർശിക്കാൻ തിരഞ്ഞെടുക്കുന്നത്. അവരെ സ്വാഗതം ചെയ്യുന്നതിനായി ഒരു പൂന്തോട്ടം ശ്രദ്ധയോടെയും ജൈവരീതിയില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്" എന്ന് രശ്മി ബെറ്റര്‍ ഇന്ത്യയോട് പറയുന്നു. 

രശ്മി കൂടുതലും ജൈവ കമ്പോസ്റ്റുകളും അടുക്കള മാലിന്യങ്ങളുമാണ് തോട്ടത്തില്‍ ഉപയോഗിക്കുന്നത്. കീടങ്ങളെയും പ്രാണികളെയും അകറ്റിനിർത്താൻ, അവര്‍ വീട്ടിൽ തന്നെ നേര്‍പ്പിച്ച പാലും വെള്ളവും ഉപയോഗിച്ചുള്ള മിശ്രിതം തയ്യാറാക്കുന്നു. ഇത് സസ്യങ്ങൾക്ക് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അവരുടെ പൂന്തോട്ടത്തിൽ ഡാലിയ, ജമന്തി തുടങ്ങിയ മനോഹരമായ പൂക്കളും ചിക്കു, മാതളനാരങ്ങ, നാരങ്ങ തുടങ്ങിയ പഴങ്ങളും മറ്റുമുണ്ട്. 

15 വര്‍ഷം മുമ്പ് ഈ നഗരത്തിലെത്തുമ്പോള്‍ തനിക്ക് ഗാര്‍ഡനിംഗിനെ കുറിച്ച് ഒന്നുമറിയുമായിരുന്നില്ല. എന്നാല്‍, പാറ്റ്നയില്‍ നിന്നും വരുമ്പോള്‍ പ്രകൃതിയോടുള്ള സ്നേഹവുമായിട്ടാണ് താന്‍ വന്നത് എന്നും അവര്‍ പറയുന്നു. ആ സ്നേഹവും അഭിനിവേശവും തന്നെയാവാം ഇന്ന് അവരുടെ വീട് പൂക്കളും പഴങ്ങളും പക്ഷികളും നിറഞ്ഞ ഒരു കുഞ്ഞുവനമാക്കി മാറ്റുന്നത്. 

click me!