​ഇത് മാമ്പഴക്കാലം, ഓൺലൈനിൽ ബുക്ക് ചെയ്താൽ വീട്ടുപടിക്കലെത്തിക്കാൻ കർണാടക സർക്കാർ

By Web Team  |  First Published May 17, 2022, 12:12 PM IST

2020 -ൽ കൊവിഡ്-19 മഹാമാരിക്കിടയിലാണ് അവർ ആദ്യമായി ഇത്തരമൊരു സംരംഭം തുടങ്ങുന്നത്. രാമനഗര, ചിക്കബല്ലാപ്പൂർ, കോലാർ ജില്ലകളിലെ കർഷകരിൽ നിന്നാണ് അന്ന് പഴങ്ങൾ സംഭരിച്ചത്.


ഇത് മാമ്പഴ (Mango) സീസണാണ്, കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ്  (Karnataka State Mango Development and Marketing Corporation Limited -കെഎസ്‌എംഡിഎംസിഎൽ) ഉപഭോക്താക്കൾക്ക് വിവിധ ഇനം മാമ്പഴങ്ങൾ വാങ്ങാനായി ഒരു പുതിയ വെബ് പോർട്ടൽ തന്നെ ഈ അവസരത്തിൽ ആരംഭിച്ചിരിക്കയാണ്. 

വെബ്‌സൈറ്റിൽ (www.karsirimangoes.karnataka. gov.in) മാമ്പഴങ്ങളുടെ വിവിധ ഇനങ്ങൾ ലഭ്യമാണ്. ഇങ്ങനെ വിവിധ ഇനങ്ങൾക്കായി തിങ്കളാഴ്ച ഓർഡർ എടുക്കാൻ തുടങ്ങി. ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ പഴങ്ങൾ എത്തിക്കുന്ന സംവിധാനമാണിത്. ഇന്ത്യ പോസ്റ്റിന്റെ കൂടി പങ്കാളിത്തത്തോടെയാണ് വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് കെഎസ്എംഡിഎംസിഎൽ അധികൃതർ അറിയിച്ചു.

Latest Videos

undefined

"പ്രിയ ഉപഭോക്താക്കളേ, 2022 മെയ് 16 മുതൽ മാംഗോ പോർട്ടൽ തുറക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മാമ്പഴക്കാലം ഒരു മാസം വൈകിയെങ്കിലും 2022 ഓഗസ്റ്റ് ആദ്യം വരെ ഇത് തുടരും" പോർട്ടലിൽ എഴുതിയിരിക്കുന്നു. എന്നാൽ, ഇത് ആദ്യമായിട്ടല്ല കർണാടക സർക്കാർ മാമ്പഴം ആളുകളുടെ വീട്ടുപടിക്കലെത്തിക്കുന്നത്. 

2020 -ൽ കൊവിഡ്-19 മഹാമാരിക്കിടയിലാണ് അവർ ആദ്യമായി ഇത്തരമൊരു സംരംഭം തുടങ്ങുന്നത്. രാമനഗര, ചിക്കബല്ലാപ്പൂർ, കോലാർ ജില്ലകളിലെ കർഷകരിൽ നിന്നാണ് അന്ന് പഴങ്ങൾ സംഭരിച്ചത്. ആദ്യ സംരംഭം വിജയമായതിനാൽ 2021 -ലും ഇന്ത്യാ പോസ്റ്റ് വഴി മാമ്പഴം വിതരണം ചെയ്യുന്നത് തുടർന്നു. 2022 -ലും അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ് ഇപ്പോൾ.

“കഴിഞ്ഞ രണ്ട് വർഷമായി കർഷകർക്കും ഉപഭോക്താക്കൾക്കും ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്” കെഎസ്എംഡിഎംസിഎൽ മാനേജിംഗ് ഡയറക്ടർ സിജി നാഗരാജു ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

2021-ൽ കർണ്ണാടകയിലുടനീളമുള്ള 35,000 ഉപഭോക്താക്കൾക്കായി 100 ടൺ മാമ്പഴം വിതരണം ചെയ്തതായി നാഗരാജു പറഞ്ഞു. മാമ്പഴം വിതരണം ചെയ്യുന്ന കർഷകരുടെ പേരും നമ്പറും വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുന്നു. ഒരു ഉപഭോക്താവ് വെബ്‌സൈറ്റിൽ ഒരു ഓർഡർ നൽകുമ്പോൾ ഏതിനമാണോ വേണ്ടത് ആ കർഷകന് ഒരു സന്ദേശം ലഭിക്കും. 

ഓർഡർ സ്ഥിരീകരിച്ച ശേഷം, കർഷകൻ പഴങ്ങൾ പായ്ക്ക് ചെയ്ത് ബെംഗളൂരുവിലെ ജനറൽ പോസ്റ്റ് ഓഫീസിലേക്ക് (ജിപിഒ) അയയ്ക്കും. പാക്കേജുകൾ പിന്നീട് ഉപഭോക്താക്കൾക്ക് അയയ്ക്കും. 

click me!