ഒലിവ് മരം പൂര്‍ണവളര്‍ച്ചയെത്തി പഴങ്ങളുണ്ടാകാന്‍ തുടങ്ങിയാല്‍ ഒരിക്കലും ഒരു ശാഖയിലെ ഒരേ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും കായ്ക്കാറില്ല. ഓരോ വര്‍ഷവും പുതിയ വളര്‍ച്ചകളുണ്ടാകുകയും പൂക്കളും പഴങ്ങളും പുതിയ സ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുകയും ചെയ്യും.
വളരെ ചെറിയ പൂക്കളും കട്ടിയുള്ള ഇലകളുമുള്ള നിത്യഹരിത വൃക്ഷമായ ഒലിവ് മരങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത് മെഡിറ്ററേനിയന്‍ മേഖലകളിലാണ്. ഒലിയ യൂറോപ്യ ( Olea Europaea) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടിയുടെ പലയിനങ്ങളും ഇന്ന് കൃഷി ചെയ്‍തുണ്ടാക്കുന്നുണ്ട്. പൊതുവേ ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒലിവ് മരങ്ങള്‍ ഉഷ്‍ണമേഖലാ പ്രദേശങ്ങളില്‍ വളര്‍ത്താം.
undefined
നിത്യഹരിതമായ ഒലിവ് മരങ്ങള്‍ ഏകദേശം 25 മുതല്‍ 30 അടി വരെ ഉയരത്തില്‍ വളരും. പിണഞ്ഞു കിടക്കുന്ന തായ്ത്തടിയില്‍ നിന്ന് ഉത്ഭവിക്കുന്ന ചില്ലകളില്‍ വെള്ളി നിറത്തിലുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ഇലകള്‍ കാണപ്പെടുന്നു. കായകള്‍ ഉത്പാദിപ്പിക്കാനായി തൈകള്‍ നടുമ്പോള്‍ 16 മുതല്‍ 20 അടി വരെ അകലം നല്‍കുന്നത് നല്ലതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്രയും വലിയ സ്ഥലം കൃഷിക്കായി ഉപയോഗിക്കാനില്ലെങ്കില്‍ കുള്ളന്‍ ഇനങ്ങള്‍ നട്ടുവളര്‍ത്താവുന്നതാണ്.
വിവിധ ഇനത്തില്‍പ്പെട്ട ഒലിവ് മരങ്ങളുടെ തൈകള്‍ ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൃഷി ചെയ്യാനുപയോഗിക്കുന്ന ഇനത്തിനനുസരിച്ച് ഒലിവ് ഓയിലിന്റെ ഗുണവും മണവും രുചിയുമെല്ലാം വ്യത്യാസപ്പെടും. വീടുകളില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന ഇനങ്ങളിലൊന്നാണ് 'മിഷന്‍'. രണ്ട് വര്‍ഷം പ്രായമുള്ള തൈകള്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വിതരണം ചെയ്യാറുണ്ട്.
മൂന്ന് ഇഞ്ച് വലുപ്പമുള്ള പാത്രത്തിലാക്കി 'മാന്‍സാനില്ലോ' എന്നയിനത്തിന്റെ ഏകദേശം എട്ട് ഇഞ്ച് വളര്‍ച്ചയുള്ള തൈകള്‍ ആവശ്യക്കാരിലെത്തിക്കുന്നുണ്ട്. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ഏകദേശം 30 മുതല്‍ 40 അടി വരെ വലുപ്പത്തില്‍ വളരും. നല്ല സ്വാദുള്ള പഴങ്ങളാണ്. കൂടാതെ എണ്ണ ഉത്പാദിപ്പിക്കാന്‍ ഏറെ അനുയോജ്യമായ കായകളുമാണ്.
വളരെ ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇനമാണ് 'അര്‍ബോസാന'. 12 മുതല്‍ 15 അടി വരെ ഉയരത്തില്‍ വളരുകയും ഏകദേശം 20 അടി വരെ വിസ്‍താരത്തില്‍ വ്യാപിക്കുകയും ചെയ്യുന്ന മരമാണിത്. സ്‍പാനിഷ് ഇനമായ അര്‍ബോസാന ചെറിയ പഴങ്ങള്‍ ധാരാളമായി ഉത്പാദിപ്പിക്കും. ഉയര്‍ന്ന അളവിലുള്ള എണ്ണയുടെ അംശവും ഇതിലുണ്ട്.
ഒലിവ് ചെടിയിലെ പഴങ്ങള്‍ ഉത്പാദിപ്പിക്കാത്ത ഇനമാണ് 'വില്‍സോനി'. സ്വപരാഗണം നടക്കുന്നയിനമാണ്. ദിവസം മുഴുവന്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് എല്ലായിനങ്ങളും വളര്‍ത്തേണ്ടത്. വിവിധ തരത്തിലുള്ള മണ്ണുമായി യോജിച്ചുപോകുന്ന ഒലിവ് ചെടികള്‍ നല്ല നീര്‍വാര്‍ച്ചയുണ്ടെങ്കില്‍ കളിമണ്ണ് അടങ്ങിയ മണ്ണിലും വളരും. പുതിയ വളര്‍ച്ചകള്‍ ചെടിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ വളപ്രയോഗം നടത്തണം. സാധാരണ ജൈവവളങ്ങളും വളരെ കുറഞ്ഞ അളവിലുള്ള നൈട്രജന്‍ അടങ്ങിയ വളങ്ങളുമാണ് ഒലിവ് ചെടിക്ക് നല്‍കാറുള്ളത്.
ഒലിവ് മരം പൂര്‍ണവളര്‍ച്ചയെത്തി പഴങ്ങളുണ്ടാകാന്‍ തുടങ്ങിയാല്‍ ഒരിക്കലും ഒരു ശാഖയിലെ ഒരേ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും കായ്ക്കാറില്ല. ഓരോ വര്‍ഷവും പുതിയ വളര്‍ച്ചകളുണ്ടാകുകയും പൂക്കളും പഴങ്ങളും പുതിയ സ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ചെടി വളര്‍ന്ന് അഞ്ചാം വര്‍ഷം മുതല്‍ കൊമ്പുകോതല്‍ നടത്തിയാല്‍ വായുസഞ്ചാരം കൂട്ടാനും ഭാവിയില്‍ പഴങ്ങളുടെ ഉത്പാദനം നിയന്ത്രിക്കാനും കഴിയും.
പഴയീച്ചയുടെ ആക്രമണവും ഒലിവ് ആന്ത്രാക്‌നോസ് എന്ന കുമിള്‍രോഗവും ഒലിവ് മരത്തെ ബാധിക്കാറുണ്ട്. പഴങ്ങള്‍ പര്‍പ്പിള്‍ നിറമാകുന്നതിന് മുമ്പ് പച്ചനിറത്തിലാണ് കാണപ്പെടുന്നത്. പിന്നീട് നല്ല കറുപ്പ് നിറമാകും. മൂപ്പെത്താത്ത പഴങ്ങള്‍ക്ക് കയ്‍പുരസം കൂടും. പച്ചനിറമുള്ള കായകളാണ് സാധാരണ വിളവെടുക്കാറുള്ളത്. എന്നാല്‍, ചിലയിനങ്ങള്‍ കറുപ്പ് നിറമാകുമ്പോഴാണ് വിളവെടുക്കാന്‍ അനുയോജ്യം. വിളവെടുത്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യയോഗ്യമായ രീതിയില്‍ സംസ്‌കരിക്കണം. പച്ചയായ കായകള്‍ക്ക് കയ്പുരസമുണ്ടാകുന്നത് രാസസംയുക്തമായ ഓല്യുറോപിന്‍ അടങ്ങിയതുകൊണ്ടാണ്.