ലില്ലിച്ചെടി വളര്‍ത്താം പോളിഹൗസിനുള്ളില്‍; ലാഭം നേടിത്തരാന്‍ പൂക്കള്‍

By Web Team  |  First Published Sep 3, 2020, 8:22 AM IST

പോളിഹൗസില്‍ സാധാരണയായി വിലപിടിപ്പുള്ള പുഷ്പങ്ങളാണ് വളര്‍ത്താറുള്ളത്. പോളിവിനൈല്‍ ഉപയോഗിച്ചുള്ള കവര്‍ പോളിഹൗസില്‍ വളരുന്ന ചെടികളെ പ്രാണികളുടെ ശല്യത്തില്‍ നിന്നും സംരക്ഷിക്കും. 


പോളിഹൗസില്‍ വളര്‍ത്തി ലാഭം നേടാവുന്ന ലില്ലിച്ചെടി വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും വളര്‍ത്താം. മനോഹരമായ പൂക്കള്‍ വെളുപ്പ്, മഞ്ഞ, ഓറഞ്ച് , ചുവപ്പ്, പര്‍പ്പിള്‍, പിങ്ക് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ശരിയായ രീതിയിലുള്ള പോളിഹൗസിനുള്ളില്‍ താപനിലയും വായുസഞ്ചാരവും പ്രകാശവും വളരെ കൃത്യമായി നിലനിര്‍ത്തിയാല്‍ നല്ല സുഗന്ധമുള്ള പൂക്കള്‍ വളര്‍ത്തി വിളവെടുത്ത് ലാഭം നേടാം.

വെളുപ്പ് നിറമുള്ളതും ടൈഗര്‍ ലില്ലി എന്നറിയപ്പെടുന്നതുമായ രണ്ടിനങ്ങള്‍ക്ക് മാത്രമേ സുഗന്ധമുള്ള പൂക്കളുള്ളു. ബാക്കിയെല്ലാം മണമില്ലാത്ത ഇനത്തില്‍പ്പെട്ടതാണ്. ലില്ലിയിലെ വിവിധ ഇനങ്ങളില്‍ പ്രധാനമാണ് അലാസ്‌ക, ബിയാട്രിക്‌സ്, കണക്ടിക്കട്ട് കിങ്ങ്, കോര്‍ഡിലിയ, എലൈറ്റ്, പാരിസ്, മെന്റണ്‍, മോന ലിസ, ഓറഞ്ച് മൗണ്ടന്‍, യെല്ലോ ജൈന്റ്, കാസബ്ലാങ്ക, ടൈഗര്‍ എന്നിവ.

Latest Videos

undefined

ഏഷ്യാറ്റിക് ഹൈബ്രിഡ് എന്ന വര്‍ഗത്തില്‍പ്പെട്ടവയാണ് മഞ്ഞ നിറത്തിലുള്ള ഡ്രീംലാന്റ്, ഓറഞ്ച് നിറത്തിലുള്ള ബ്രൂണെല്ലോ, വെള്ള നിറത്തിലുള്ള നൊവോന, മഞ്ഞനിറത്തിലുള്ള പോളിയന്ന, പിങ്ക് നിറത്തിലുള്ള വിവാള്‍ഡി, കടുംചുവപ്പ് നിറമുള്ള ബ്ലാക്ക് ഔട്ട് എന്നിവയും. ഓറിയന്റല്‍ ഹൈബ്രിഡ് എന്ന ഇനത്തില്‍പ്പെട്ടതാണ് പിങ്കും വെളുപ്പും നിറത്തിലുള്ള സ്റ്റാര്‍ ഗെയ്‌സറും നിറോസ്റ്റാറും സൈബീരിയയും കാസാബ്ലാങ്കയും.
ഈസ്‌റ്റേണ്‍ ലില്ലിയുടെ ഇനങ്ങളാണ് എലഗന്റ് ലേഡി, സ്‌നോ ക്വീന്‍, വൈറ്റ്, അമേരിക്കന്‍, ക്രോഫ്റ്റ്, ഹാര്‍ബര്‍ എന്നിവ.

പോളിഹൗസില്‍ സാധാരണയായി വിലപിടിപ്പുള്ള പുഷ്പങ്ങളാണ് വളര്‍ത്താറുള്ളത്. പോളിവിനൈല്‍ ഉപയോഗിച്ചുള്ള കവര്‍ പോളിഹൗസില്‍ വളരുന്ന ചെടികളെ പ്രാണികളുടെ ശല്യത്തില്‍ നിന്നും സംരക്ഷിക്കും. ആരോഗ്യമുള്ള തൈകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. അതുപോലെ പുറത്ത് നല്ല തണുപ്പാണെങ്കില്‍ പോളിഹൗസിനുള്ളില്‍ അല്‍പം ചൂടുള്ള കാലാവസ്ഥ നിലനിര്‍ത്താനും കഴിയും.

നല്ല രീതിയിലുള്ള പോളിഹൗസിന്റെ വശങ്ങളില്‍ ധാരാളം വായു കടക്കാനുള്ള മാര്‍ഗമുണ്ടായിരിക്കും. നല്ല തിളക്കമുള്ള നിറത്തിലും ആരോഗ്യമുള്ള തണ്ടുകളോടുകൂടിയതുമായ പൂക്കളുണ്ടാകാന്‍ ഇത് സഹായിക്കും. നല്ല വിളവ് ലഭിക്കാനായി 21 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനില നില നിര്‍ത്താവുന്നതാണ്. ലില്ലിച്ചെടികള്‍ വളരാനായി പോളിഹൗസിനുള്ളില്‍ 80 മുതല്‍ 85 വരെ ശതമാനത്തോളം ആര്‍ദ്രത നിലനിര്‍ത്താവുന്നതാണ്.

വ്യാവസായികമായി വളര്‍ത്താന്‍ ടിഷ്യു കള്‍ച്ചര്‍ രീതിയാണ് ഏറ്റവും നല്ലത്. പോളിഹൗസില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. ജൈവവള സമ്പുഷ്ടമായിരിക്കണം. ഉയര്‍ന്ന അളവിലുള്ള ലവണാംശം ലില്ലിച്ചെടിയുടെ വളര്‍ച്ചയെ ബാധിക്കും. കൃത്യമായ പി.എച്ച് മൂല്യം നിലനിര്‍ത്തിയാല്‍ മാത്രമേ വേരുകള്‍ വളര്‍ന്ന് പോഷകമൂല്യങ്ങള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു. ഏഷ്യാറ്റികും ലോഞ്ജിഫ്‌ളോറം ഹൈബ്രിഡും ആയ ഇനങ്ങള്‍ക്ക് വളരാന്‍ പി.എച്ച് മൂല്യം ആറിനും ഏഴിനും ഇടയിലാകുന്നതാണ് നല്ലത്. ഓറിയന്റല്‍ ഹൈബ്രിഡിന് പി.എച്ച് മൂല്യം 5.5നും 6.5 നും ഇടയിലായിരിക്കണം.

നല്ല ഗുണനിലവാരമുള്ള പൂക്കളുണ്ടാകാന്‍ രാത്രികാല താപനില ഏകദേശം 10 മുതല്‍ 15 വരെ ഡിഗ്രി സെന്റിഗ്രേഡ് ആയിരിക്കണം. പകല്‍ സമയത്ത് 20 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കണം. വേനല്‍ക്കാലത്ത് കടുത്ത സൂര്യപ്രകാശത്തില്‍ നിന്നും രക്ഷനേടാനായി 50 ശതമാനം മുതല്‍ 75 ശതമാനം വരെ തണല്‍ കിട്ടുന്ന രീതിയില്‍ പോളിഹൗസിനുള്ളില്‍ ക്രമീകരണം നടത്തണം.

മണ്ണിന്റെ നിലവാരം അനുസരിച്ചാണ് നനയ്‌ക്കേണ്ടത്. ജലസേചനമാണ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകം. വളര്‍ച്ചാഘട്ടത്തില്‍ ചെടികള്‍ക്ക് കരുത്തില്ലെങ്കില്‍ അമോണിയം നൈട്രേറ്റ് അടങ്ങിയ വളം നല്‍കാം. വിളവെടുക്കുന്നതിന് മൂന്ന് ആഴ്ചകള്‍ മുമ്പേ വളം നല്‍കാം. ഉയര്‍ന്ന അളവില്‍ നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ നല്‍കരുത്.

90 മുതല്‍ 120 ദിവസങ്ങള്‍ക്ക് ശേഷം ലില്ലി പൂക്കള്‍ വിളവെടുക്കാം. മുറിച്ചെടുത്ത തണ്ടുകള്‍ തണുത്ത വെള്ളത്തില്‍ മുക്കിവെക്കണം. ആദ്യത്തെ പൂമൊട്ടോ അഞ്ചെണ്ണം വരെയോ വിടര്‍ന്നു വരുന്ന സമയത്താണ് തണ്ടുകള്‍ മുറിച്ചെടുക്കുന്നത്. 15 മുതല്‍ 20 സെമി ഉയരത്തില്‍ വെച്ച് മുറിച്ചെടുക്കും. അതിരാവിലെയാണ് പൂക്കള്‍ വിളവെടുക്കുന്നത്.

click me!