ഇൻഡോറായും സെറാമിക് പാത്രത്തിലും വരെ സപ്പോട്ട വളര്‍ത്താം, സൂര്യപ്രകാശം ഉറപ്പ് വരുത്തിയാൽ മതി

By Web Team  |  First Published Feb 23, 2022, 3:12 PM IST

വിത്ത് മുളപ്പിച്ച് പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് ശേഷമേ വിളവെടുക്കാന്‍ പറ്റൂ. നല്ല പഴുത്ത സപ്പോട്ടയെടുത്ത് മുറിച്ച് ഉള്ളില്‍ നിന്ന് കുരു പുറത്തെടുക്കണം.


പോഷകമൂല്യങ്ങളുടെ ഉറവിടമായ രുചികരമായ സപ്പോട്ട മട്ടുപ്പാവിലും പൂന്തോട്ടത്തിലുമെല്ലാം ചട്ടികളിലും പാത്രങ്ങളിലും വളര്‍ത്തി വിളവെടുക്കാം. ഇനി നിങ്ങള്‍ക്ക് ഇന്‍ഡോര്‍ ആയി വളര്‍ത്തണമെങ്കില്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്ന ജനലരികിലും വളര്‍ത്താം. മികച്ച വിളവ് ലഭിക്കുന്നത് 12 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ചെടികളില്‍ നിന്നാണ്. പൂര്‍ണവളര്‍ച്ചയെത്തിയ സപ്പോട്ട മരങ്ങള്‍ക്ക് വളരെ കുറച്ചുമാത്രം വെള്ളം നല്‍കിയാല്‍ മതി. നല്ല രോഗപ്രതിരോധശേഷിയുമുള്ളതിനാല്‍ ചട്ടിയിലും വളര്‍ത്തി വിളവെടുക്കാം.

വളര്‍ച്ചയുടെ അനുപാതവും പഴങ്ങളുണ്ടാകാനെടുക്കുന്ന സമയദൈര്‍ഘ്യവും പഴങ്ങളുടെ വലുപ്പവും നിറവും ആകൃതിയും ആശ്രയിച്ച് സപ്പോട്ടയ്ക്ക് പല ഇനങ്ങളുണ്ട്. സപ്പോട്ട പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ വെക്കണം. തണുപ്പില്‍ നിന്നും അകറ്റിനിര്‍ത്തണം.

Latest Videos

undefined

മക്കോക്ക് എന്നയിനം തായ്‌ലാന്റില്‍ നിന്നുള്ളതാണ്. മെയിലും നവംബറിലുമാണ് വിളവെടുക്കുന്നത്. നല്ല മണവും രുചിയുമുള്ള പഴങ്ങള്‍ ലഭിക്കുന്ന കുള്ളന്‍ ഇനമാണിത്.

മോലിക്‌സ് എന്ന മെക്‌സിക്കന്‍ ഇനം പാത്രങ്ങളില്‍ വളര്‍ത്താവുന്ന കുള്ളന്‍ ഇനമാണ്. ഇളം ചുവപ്പ് നിറമുള്ള പഴങ്ങള്‍ അതിമധുരമുള്ളതാണ്. ഫെബ്രുവരിയിലും മെയിലുമാണ് പഴങ്ങള്‍ വിളവെടുക്കുന്നത്.

ടിക്കല്‍ എന്നത് അമേരിക്കയില്‍ നിന്നുള്ള നീളത്തില്‍ വളരുന്നയിനമാണ്. പക്ഷേ, ചെടിച്ചട്ടികളിലേക്ക് പ്രൂണ്‍ ചെയ്ത് വളര്‍ത്താവുന്നതാണ്.

ഇവയെക്കൂടാതെ ഇന്ത്യന്‍ ഇനങ്ങളായ കല്‍ക്കത്ത ലാര്‍ജ്, ധോല ദിവാനി, ബരാമസി, പോട്ട് സപ്പോട്ട, പാല, ബഹരു, ഗന്‍ന്ധെവി, മുരാബ എന്നിവ എല്ലാ സംസ്ഥനങ്ങളിലും വളര്‍ത്താവുന്നതാണ്.

പാത്രങ്ങളില്‍ എങ്ങനെ വളര്‍ത്താം?

ശാഖകള്‍ മുറിച്ച് നട്ട് പുതിയ ചെടികളുണ്ടാക്കുന്നതാണ് കൃഷി ചെയ്യാനുള്ള എളുപ്പ മാര്‍ഗം. നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൊണ്ട് പഴങ്ങളുണ്ടാകും.

നല്ല നീര്‍വാര്‍ച്ചയുള്ള പോഷകഗുണമുള്ള മണ്ണാണ് സപ്പോട്ട വളര്‍ത്താന്‍ ആവശ്യമുള്ളത്. നിങ്ങളുടെ തോട്ടത്തില്‍ നിന്നുള്ള മണ്ണാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം മണലും പെര്‍ലൈറ്റും കലര്‍ത്തിയാല്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്താം.

ഉയര്‍ന്ന ഗുണനിലവാരമുള്ള നടീല്‍ മിശ്രിതം തന്നെ വേണം. മണലും പീറ്റ് മോസ് അഥവാ പന്നലും പെര്‍ലൈറ്റ് അല്ലെങ്കില്‍ വെര്‍മിക്കുലൈറ്റും, ജൈവകമ്പോസ്റ്റും ആണ് ഏറ്റവും അനുയോജ്യം.

വേര് പിടിച്ച് വളരാന്‍ ആവശ്യമുള്ള സ്ഥലം നല്‍കുന്ന പാത്രങ്ങള്‍ സപ്പോട്ട വളര്‍ത്താന്‍ ഉപയോഗിക്കാം. 18 മുതല്‍ 23 ഇഞ്ച് വരെ വ്യാസമുള്ളതും 20 മുതല്‍ 22 ഇഞ്ച് വരെ ആഴമുള്ളതുമായ പാത്രമാണ് ആവശ്യം. രണ്ടോ മൂന്നോ ദ്വാരങ്ങള്‍ നിര്‍ബന്ധമായും വെള്ളം വാര്‍ന്നുപോകാന്‍ കണക്കാക്കിയുണ്ടാക്കണം.

പ്ലാസ്റ്റിക്, മെറ്റല്‍, സെറാമിക്, മരം എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളില്‍ സപ്പോട്ട വളര്‍ത്താം. വേനല്‍ക്കാലം തുടങ്ങുന്നതിന് മുമ്പ് സപ്പോട്ട കൃഷി ആരംഭിക്കുന്നതാണ് നല്ലത്.

വിത്ത് മുളപ്പിച്ച് വളര്‍ത്തുമ്പോള്‍

വിത്ത് മുളപ്പിച്ച് പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് ശേഷമേ വിളവെടുക്കാന്‍ പറ്റൂ. നല്ല പഴുത്ത സപ്പോട്ടയെടുത്ത് മുറിച്ച് ഉള്ളില്‍ നിന്ന് കുരു പുറത്തെടുക്കണം. എന്നിട്ട് ഒരു പേപ്പര്‍ ടവലില്‍ പൊതിഞ്ഞുവെക്കണം.

കറുത്ത നിറത്തിലുള്ള കട്ടിയുള്ള ഭാഗം ഒഴിവാക്കി നടുമ്പോഴാണ് വിത്ത് വേഗം മുളയ്ക്കുന്നത്.

നടാനുപയോഗിക്കുന്ന പാത്രങ്ങളില്‍ മണ്ണില്ലാത്ത പോട്ടിങ്ങ് മിശ്രിതമാണ് നിറയ്‌ക്കേണ്ടത്. കൂര്‍ത്ത ഭാഗം മുകളിലേക്കായി വരത്തക്കവിധം മണ്ണിന് മുകളില്‍ അര ഇഞ്ച് പൊങ്ങി നില്‍ക്കുന്ന രീതിയില്‍ നടണം.

വിത്ത് മുളച്ച് വരുന്നതുവരെ നന്നായി നനച്ച് ഈര്‍പ്പം നിലനിര്‍ത്തണം. വിത്തുകള്‍ പകുതി തണലുള്ള സ്ഥലത്ത് വെക്കണം. മൂന്നോ നാലോ ആഴ്ചകള്‍ കൊണ്ട് വിത്ത് മുളയ്ക്കും. തൈകള്‍ രണ്ടു മുതല്‍ നാല് അടി ഉയരത്തില്‍ വളരുമ്പോള്‍ നിങ്ങള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റിനടണം.

വളരെ ശ്രദ്ധയോടെ വേരുകള്‍ക്ക് നാശമുണ്ടാകാതെ ചെടികള്‍ പറിച്ചു നടണം. നൈട്രജനും പൊട്ടാഷും അടങ്ങിയ വളങ്ങള്‍ നല്‍കിയാല്‍ പെട്ടെന്ന് വളരും. ഏറ്റവും പ്രധാനപ്പെട്ട കാര്യം 15 മാസം പ്രായമായ തൈകള്‍ക്ക് വളം നല്‍കിത്തുടങ്ങണമെന്നതാണ്. കുറേ വര്‍ഷങ്ങള്‍ തന്നെ നല്ല പരിചരണം നല്‍കേണ്ടി വരും. മഞ്ഞില്‍ നിന്നും സംരക്ഷണം നല്‍കുകയെന്നതും അതിപ്രധാനമാണ്.

നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ വളര്‍ത്തുന്ന വിധം

ആരോഗ്യമുള്ളതും ശക്തിയുള്ളതുമായ തൈകള്‍ നോക്കി വാങ്ങണം. മാറ്റി നടാനുപയോഗിക്കുന്ന പാത്രങ്ങള്‍ നഴ്‌സറിയില്‍ വളര്‍ത്തിയ പാത്രത്തേക്കാള്‍ മൂന്ന് മടങ്ങ് വലുതായിരിക്കണം.

പാത്രത്തിലേക്ക് നടീല്‍ മിശ്രിതം നിറയ്ക്കണം. പാത്രത്തിന്റെ നടുവില്‍ ആഴത്തിലൊരു ദ്വാരമുണ്ടാക്കുക. പാത്രത്തില്‍ മണ്ണ്  കനം കുറച്ച്  നിറച്ചാല്‍ വേര് വളരാന്‍ എളുപ്പമാകും.

വേര് മുഴുവനായി മണ്ണില്‍ മൂടത്തക്ക വിധത്തില്‍ നടീല്‍ മിശ്രിതം നിറയ്ക്കണം. പാത്രത്തിന്റെ അടിയിലെ ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്ന രീതിയില്‍ നനയ്ക്കണം. ഏകദേശം അഞ്ചോ ആറോ മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തില്‍ വെളിച്ചമുള്ള സ്ഥലത്തേക്ക് മാറ്റിവെക്കണം.

ചെടിയുടെ ചുവട്ടില്‍ രണ്ട് ഇഞ്ച് മാറി കനം കുറച്ച് ജൈവകമ്പോസ്റ്റ് ഇട്ടുകൊടുക്കണം. ചെടിക്ക് താങ്ങ് നല്‍കണം. മരമായി വളരാന്‍ തുടങ്ങുമ്പോള്‍ ഓരോ ആറാഴ്ച കൂടുമ്പോഴും വളപ്രയോഗം നടത്തണം.മണ്ണിന്റെ പി.എച്ച് മൂല്യം 6.0 നും 8.0 നും ഇടയിലാണ് കൃഷിക്ക് അനുയോജ്യം. 

click me!