ഇന്‍ഡോര്‍ പ്ലാന്റിന്റെ ഇലകള്‍ വൃത്തിയാക്കാന്‍ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പ് വെള്ളത്തില്‍ കലക്കി വളരെ നേര്‍പ്പിച്ച് ഉപയോഗിക്കാം. അതിനുശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകിയാല്‍ ഇലകള്‍ കീടങ്ങളെ പ്രതിരോധിക്കാന്‍ കൂടി ശേഷിയുള്ളവയാകും. വേപ്പെണ്ണയും ഇലകള്‍ കഴുകുന്ന വെള്ളത്തില്‍ ചേര്‍ക്കാം.
വീട്ടിനകത്ത് ചെടികള്‍ വളര്‍ത്തിയാല്‍ മാത്രം പോരല്ലോ. അവയെ നന്നായി പരിചരിക്കുകയും വേണം. വെള്ളവും വളവും വെളിച്ചവും ആവശ്യത്തിന് നമ്മള്‍ നല്‍കാറുണ്ട്. ഇലകള്‍ വൃത്തിയാക്കുന്ന കാര്യത്തില്‍ പലരും ശ്രദ്ധിക്കാറില്ല. ദിവസവും ഇലകളുടെ കാര്യത്തില്‍ ശ്രദ്ധ കാണിച്ചാല്‍ അസുഖങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാനും ഒഴിവാക്കാനും കഴിയും.
ജെയ്‍ഡ്, സാന്‍സിവേറിയ, സ്‌പൈഡര്‍ ചെടി, കലാഞ്ചിയ എന്നിവയെല്ലാം വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ഇലകള്‍ക്കും കൂടി ആവശ്യമായ പരിചരണം നല്‍കണം. ഇലകള്‍ വൃത്തിയാക്കുമ്പോള്‍ തണ്ടിന്റെ താഴെനിന്നും ഇലകളുടെ അറ്റത്തേക്ക് ആണ് വൃത്തിയാക്കേണ്ടത്.
undefined
വീട്ടിനകത്ത് വെക്കുന്ന ചെടികളുടെ ഇലകള്‍ കീടങ്ങള്‍ കാരണവും അന്തരീക്ഷത്തിലെ പ്രശ്‌നം കാരണവും കേടുവരാന്‍ സാധ്യതയുണ്ട്. ഇലകള്‍ക്ക് മങ്ങല്‍ ബാധിക്കാനുമിടയുണ്ട്. ഇത്തരം ഇലകള്‍ പറിച്ചുമാറ്റിയാല്‍ മറ്റുള്ളവയിലേക്ക് പ്രശ്‌നം ബാധിക്കുന്നത് തടയാം.
വായു ശുദ്ധീകരിക്കാന്‍ കഴിയുന്ന ചെടികള്‍ നഴ്‌സറിയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇലകളില്‍ എന്തെങ്കിലും മാലിന്യങ്ങള്‍ പറ്റിപ്പിടിച്ചിട്ടുണ്ടോയെന്ന് നോക്കണം. ചിലയിടങ്ങളില്‍ പൈപ്പ് വെള്ളത്തില്‍ കാല്‍സ്യം അടങ്ങിയിരിക്കും. ഇലകളില്‍ വെള്ളം തളിച്ച ശേഷം ഉണങ്ങിയാല്‍ വെളുത്ത നിറത്തിലുള്ള അവശിഷ്ടങ്ങളായി ഇത് മാറും.
വളരെക്കാലം വീടിനകത്ത് അനക്കാതെ വെച്ചിരുന്നാല്‍ ചെടികളുടെ ഇലകളില്‍ പൊടി പറ്റിപ്പിടിക്കാം. വായു ശുദ്ധീകരിക്കുന്ന ചെടികളുടെ ഇലകള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം. കൂടുതല്‍ വെളിച്ചം ആഗിരണം ചെയ്യാനും പ്രകാശസംശ്ലേഷണം കൂടുതല്‍ കാര്യക്ഷമമായി നടത്താനും ഇത് സഹായിക്കും. ഇലകള്‍ വഴി പോഷകങ്ങള്‍ വലിച്ചെടുക്കുന്ന പ്രക്രിയയും സുഗമമാകും.
ഇന്‍ഡോര്‍ പ്ലാന്റിന്റെ ഇലകള്‍ വൃത്തിയാക്കാന്‍ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പ് വെള്ളത്തില്‍ കലക്കി വളരെ നേര്‍പ്പിച്ച് ഉപയോഗിക്കാം. അതിനുശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകിയാല്‍ ഇലകള്‍ കീടങ്ങളെ പ്രതിരോധിക്കാന്‍ കൂടി ശേഷിയുള്ളവയാകും. വേപ്പെണ്ണയും ഇലകള്‍ കഴുകുന്ന വെള്ളത്തില്‍ ചേര്‍ക്കാം.
വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ഇലകളില്‍ സ്‌പ്രേ ചെയ്‍തശേഷം മൃദുവായ തുണിയോ പേപ്പര്‍ ടവലോ ഉപയോഗിച്ച് പതുക്കെ തുടയ്ക്കുകയാണ് വേണ്ടത്.
മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ഇലകള്‍ വൃത്തിയാക്കണം. അടുക്കള ഭാഗത്ത് വെക്കുന്ന ചെടികളുടെ ഇലകളും നിര്‍ബന്ധമായും കീടരോഗപ്രതിരോധത്തിന് സഹായിക്കുന്ന സോപ്പുവെള്ളം ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
ഡ്രസീന പോലുള്ള ചില ചെടികളില്‍ വളരെ അപൂര്‍വമായി പൂക്കളുണ്ടാകാറുണ്ട്. ഈ പൂക്കള്‍ പറിച്ചുകളയുന്നതാണ് നല്ലത്. അതുപോലെ ഫൈക്കസ് പോലുള്ള ചെടികളില്‍ പഴങ്ങളുണ്ടാകാന്‍ തുടങ്ങുമ്പോള്‍ പറിച്ച് മാറ്റുന്നതും നല്ലതാണ്.