മൂന്നു വർഷം കൊണ്ടാണ് ഹോപ് ഷൂട്ട്സ് വിളവെടുക്കാൻ സാധിക്കുക എന്ന് ദ ഗാർഡിയൻ എഴുതുന്നു. ഇത് നട്ടു വളർത്തുന്നതിനും അതുപോലെ പറിച്ചെടുക്കുന്നതിനും വലിയ തരത്തിലുള്ള കരുതലും ശ്രദ്ധയും ആവശ്യമാണ്.
പച്ചക്കറിക്ക് വില കൂടുമ്പോൾ നാമെല്ലാം അസ്വസ്ഥരാവാറുണ്ട്. എന്നാൽ, കിലോയ്ക്ക് 85,000 രൂപ കൊടുത്ത് നമ്മളൊരു പച്ചക്കറി വാങ്ങുമോ? എന്നാൽ, അങ്ങനെ ഒരു പച്ചക്കറിയുണ്ട്. പേര്, ഹോപ് ഷൂട്ട്സ്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പച്ചക്കറിയായി അറിയപ്പെടുന്ന ഇത് യൂറോപ്യൻ രാജ്യങ്ങളിലാണ് സാധാരണയായി വളർത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇത് ആദ്യം കൃഷി ചെയ്തത് ഹിമാചൽ പ്രദേശിലാണ് എന്ന് പറയുന്നു. ഹോപ് ഷൂട്ട്സ് കൃഷി ചെയ്തെടുക്കാനും വളരെ ബുദ്ധിമുട്ടാണ് എന്നാണ് പറയപ്പെടുന്നത്. അതിനാലാവാം ഈ പച്ചക്കറിക്ക് ഇത്രയേറെ വിലയും അധികമായിരിക്കുന്നത്. അതുപോലെ തന്നെ മാർക്കറ്റിൽ അത്ര എളുപ്പത്തിലൊന്നും ഇവ ലഭ്യമാവുകയും ഇല്ല.
undefined
ഹ്യുമുലസ് ലൂപുലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. യൂറോപ്പും വടക്കേ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശം. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഈ പച്ചക്കറിയെ ആദ്യം ഒരു കളയായിട്ടാണ് കണക്കാക്കിയിരുന്നത്. ഇത് ആറ് മീറ്റർ വരെ വളരാം. അതുപോലെ ഒരു ചെടിയുടെ ആയുസ് 20 വർഷം വരെയാണ് എന്നും പറയുന്നു.
മൂന്നു വർഷം കൊണ്ടാണ് ഹോപ് ഷൂട്ട്സ് വിളവെടുക്കാൻ സാധിക്കുക എന്ന് ദ ഗാർഡിയൻ എഴുതുന്നു. ഇത് നട്ടു വളർത്തുന്നതിനും അതുപോലെ പറിച്ചെടുക്കുന്നതിനും വലിയ തരത്തിലുള്ള കരുതലും ശ്രദ്ധയും ആവശ്യമാണ്. ഇതിന് പലവിധത്തിലുള്ള മെഡിക്കൽ ഗുണങ്ങളുണ്ട് എന്ന് പറയുന്നു. ആങ്സൈറ്റി, ഉറക്കമില്ലായ്മ, ടെൻഷൻ തുടങ്ങി പലതിലും ഇത് ആളുകളെ സഹായിക്കും എന്നാണ് പറയുന്നത്. ബിയർ നിർമ്മിക്കുന്ന സമയത്ത് ഹോപ് ഷൂട്ട്സിന്റെ പൂക്കൾ ഉപയോഗിക്കാറുണ്ടത്രെ.
സാധാരണയായി ഇന്ത്യയിൽ ഹോപ് ഷൂട്ട്സ് അങ്ങനെ കൃഷി ചെയ്യാറില്ല. അതിനാൽ തന്നെയാണ് അതിന്റെ വില ഇങ്ങനെ ഉയർന്നിരിക്കുന്നത് എന്നും പറയുന്നു. ഏതായാലും, ഇത്രയൊന്നും വരില്ല എങ്കിലും കിലോയ്ക്ക് 30,000 രൂപ വില വരുന്ന ഗുച്ചി എന്നൊരു കൂൺ ഹിമാലയത്തിൽ വളരുന്നുണ്ട്.