വേനല്‍ക്കാലത്തിന് മുമ്പായി ചെടികള്‍ പൂവിടാറുണ്ട്. മധ്യവേനലാകുമ്പോള്‍ പഴങ്ങള്‍ പഴുക്കാനും തുടങ്ങും.
തിളങ്ങുന്ന ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറത്തിലുള്ള ഏകദേശം രണ്ടു സെ.മീ വ്യാസമുള്ള ചെറിയ പഴമുത്പാദിപ്പിക്കുന്ന ചെടിയാണ് ഗോജി ബെറി. പഴുത്ത പഴം കഴിക്കാനും ഉണക്കി ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാനും കഴിയുന്ന ഈ പഴം പോഷകങ്ങളുടെ കലവറയുമാണ്.
ഹിമാലയന്‍ ഗോജി ബെറി, മാട്രിമോണി വൈന്‍, ബോക്‌സ്‌തോണ്‍, വോള്‍ഫ്‌ബെറി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഗോജി ബെറി വിദേശയിനം പഴമായതിനാല്‍ നമ്മുടെ നാട്ടില്‍ പ്രചാരം വളരെക്കുറവാണ്. ഏതു കാലാവസ്ഥയിലും വളര്‍ത്തി വിളവെടുക്കാവുന്ന ഈ പഴത്തെക്കുറിച്ച് അല്‍പം കാര്യങ്ങള്‍.
undefined
ചര്‍മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ മൊത്തത്തിലുള്ള ഊര്‍ജോത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ ഗോജി ബെറിയില്‍ അടങ്ങിയിട്ടുണ്ട്. ക്രിംസണ്‍ സ്റ്റാര്‍, ഫീനിക്‌സ് ടിയേഴ്‌സ്, ബിഗ് ലൈഫ് ബെറി, സ്വീറ്റ് ലൈഫ് ബെറി എന്നിവയാണ് വിവിധ ഇനങ്ങള്‍. വേനല്‍ക്കാലത്തും തണുപ്പുകാലത്തും വളര്‍ത്താവുന്ന പഴവര്‍ഗമാണിത്. പക്ഷേ, ഇത്തരത്തിലുള്ള ചെടികള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമില്ല. ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണെങ്കില്‍ വീട്ടിനകത്ത് വളര്‍ത്തുന്നതാണ് ഉചിതം. എട്ട് മണിക്കൂര്‍ ദിവസവും സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് നന്നായി വളര്‍ന്ന് പഴങ്ങളുണ്ടാകുന്നത്. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന പ്രത്യേക വെളിച്ചത്തില്‍ രണ്ട് മണിക്കൂര്‍ വെച്ചാല്‍ മതി.
ഓരോ ബെറിയിലുമുള്ള വിത്തുകളുടെ എണ്ണം നടാനുപയോഗിക്കുന്ന ഇനത്തെയും പഴത്തിന്റെ വലുപ്പത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടും. ഓരോ പഴത്തിലും 10 മുതല്‍ 60 വരെ ചെറിയ മഞ്ഞനിറത്തിലുള്ള വിത്തുകളാണുള്ളത്. ഗോജി ബെറി വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. വീട്ടിനുള്ളിലും ഗ്രീന്‍ഹൗസിലും വീട്ടിന് പുറത്തുള്ള കൃഷിഭൂമിയിലും വളര്‍ത്താന്‍ പറ്റുന്ന ഈ പഴത്തിന് ഉയര്‍ന്ന ഔഷധഗുണവുമുണ്ട്.
ഏകദേശം 12 ഇഞ്ച് വലുപ്പമുള്ള പാത്രത്തില്‍ നട്ടശേഷം ഓരോ വര്‍ഷവും വലുപ്പം കൂടിയ പാത്രത്തിലേക്ക് മാറ്റി നട്ടും വളര്‍ത്തുന്നവരുണ്ട്. ഏകദേശം 55 മുതല്‍ 60 സെ.മീ വലുപ്പമുള്ള പാത്രത്തില്‍ വരെ ഇങ്ങനെ വളര്‍ത്തിയെടുക്കാറുണ്ട്. പി.എച്ച് മൂല്യം 6.5 -നും 7.0 -നും ഇടയിലുള്ള നല്ല ജൈവവളമുള്ള മണ്ണില്‍ ഗോജി ബെറി വളരെ നന്നായി വളരും. ഉപ്പുരസമുള്ള മണ്ണ് ഒഴിവാക്കണം. നന്നായി വെള്ളം വാര്‍ന്നുപോകുന്നതും മണല്‍ കലര്‍ന്നതുമായ മണ്ണാണ് ആവശ്യം.
തണ്ടുകള്‍ മുറിച്ചെടുത്ത് നട്ടുവളര്‍ത്താവുന്നതാണ്. നാലോ ആറോ ഇഞ്ച് വലുപ്പമുള്ളതും മൂന്ന് ജോഡി ഇലകളുള്ളതുമായ കമ്പാണ് കുഴിച്ചിടാനായി ഉപയോഗിക്കേണ്ടത്. ഈര്‍പ്പം ഏറ്റവും കൂടുതലുള്ള അതിരാവിലെയാണ് നടീല്‍ വസ്തു തയ്യാറാക്കുന്നത്. ഈ കമ്പ് ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞു വച്ചശേഷം താഴെയുള്ള ഇലകള്‍ ഒഴിവാക്കി പീറ്റ് മോസും പെര്‍ലൈറ്റും കലര്‍ന്ന നടീല്‍ മിശ്രിതത്തിലേക്ക് മാറ്റണം. ഇത് പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കണം. ദിവസവും പുറത്തെടുത്ത് വായുസഞ്ചാരം നല്‍കുകയും വേണം. കമ്പില്‍ വേര് വരുന്നതുവരെ ഇപ്രകാരം ഈര്‍പ്പം നിലനിര്‍ത്തണം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിനകത്ത് വലിയ പാത്രങ്ങളിലേക്ക് മാറ്റി വളരാന്‍ അനുവദിക്കാം. പുറത്ത് ഉഴുതുമറിച്ച കൃഷിഭൂമിയിലേക്കാണ് നടുന്നതെങ്കില്‍ വേരുകള്‍ പൊട്ടിപ്പോകാതെ പിഴുതെടുക്കണം. വ്യാവസായികമായി വളര്‍ത്തുമ്പോള്‍ 2.5 മീറ്റര്‍ അകലത്തില്‍ നിരകള്‍ തയ്യാറാക്കി ഓരോ ചെടിയും തമ്മില്‍ 1.8 മീറ്റര്‍ അകലവും നല്‍കിയാണ് നടുന്നത്.
കൊമ്പുകോതല്‍ നടത്തി വളര്‍ച്ച ക്രമീകരിക്കുകയും വിളവെടുപ്പ് എളുപ്പമാക്കുകയും ചെയ്യാം. കളകള്‍ നിയന്ത്രിക്കാനായി ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് പുതയിടാം. ആന്ത്രാക്‌നോസ്, ബ്ലൈറ്റ്, പൗഡറി മില്‍ഡ്യു എന്നീ അസുഖങ്ങള്‍ ബാധിക്കാനിടയുണ്ട്.
വേനല്‍ക്കാലത്തിന് മുമ്പായി ചെടികള്‍ പൂവിടാറുണ്ട്. മധ്യവേനലാകുമ്പോള്‍ പഴങ്ങള്‍ പഴുക്കാനും തുടങ്ങും. പഴം അമര്‍ത്തിയാല്‍ നീര് പുറത്ത് പോകുന്നത് തടയാനായി കൈകള്‍ കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. മണ്ണിന്റെ ഘടനയും ജലസേചനവും ചെടിയുടെ പ്രായവും മറ്റ് കൃഷിരീതികളും അനുസരിച്ച് വിളവും വ്യത്യാസപ്പെടും. ഒരു ഏക്കറില്‍ നിന്ന് ലഭിക്കുന്ന പരമാവധി വിളവ് 3200 കി.ഗ്രാം ആണ്.