Ghol fish: ഗുജറാത്ത് തീരത്ത് കണ്ടുവരുന്ന 'സ്വര്‍ണ്ണ മത്സ്യം' കേരള തീരത്തും

By K G Balu  |  First Published Feb 18, 2022, 9:06 PM IST

ക്രോകര്‍ ഇനങ്ങളിലൊന്നായ സ്വര്‍ണ്ണ കോരയാണ് കേരളതീരത്ത് അടുത്ത കാലത്തായി കണ്ടുവരുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള മീനിനങ്ങളിലൊന്നാണ് കോര . 20 കിലോ സ്വര്‍ണ്ണകോര ഇന്നലെ കൊല്ലത്ത് നിന്ന് വിറ്റത് 59,000 രൂപയ്ക്കാണ്. 



തിരുവനന്തപുരം: കേരളത്തിന്‍റെ തീരത്ത് അത്യഅപൂര്‍വ്വവും വിലയേറിയതുമായ ഒരു മത്സ്യം കൂടിയെത്തുന്നുവെന്ന് സൂചന. ഇന്ത്യന്‍ തീരത്ത് പ്രധാനമായും ഗുജറാത്ത്, മുംബൈ, ഒഡിഷ തീരങ്ങളില്‍ കണ്ടുവരുന്ന ക്രോകര്‍ മത്സ്യമാണ് ഇപ്പോള്‍ കേരളത്തിലും കണ്ടെത്തിയത്. കഴിഞ്ഞ മാസവും ഇന്നലെയും ഈ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കേരളതീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. ഏറെ ഔഷധഗുണമുണ്ടെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് വിപണിയില്‍ വലിയ വിലയാണ്. 

ഏതാണ്ട് ഇരുപതിനം ക്രോകറുകളാണുള്ളത്. ഇവയില്‍ ഇപ്പോള്‍ കേരള തീരത്ത് നിന്ന് ലഭിച്ചിരിക്കുന്നത് താരതമ്യേത വില കുറഞ്ഞ ഇനമായ 'ഗോള്‍ഡന്‍ കോര' (golden croaker fish) എന്നറിയപ്പെടുന്ന ഇനമാണ്. ഏറ്റവും വില കൂടിയ ഇനമായ 'കറുത്ത കോര' (black-spotted croaker fish - Protonibea diacanthus)യെ ഗുജറാത്ത് മുംബൈ, ഒഡീഷ തീരത്താണ് കണ്ടെത്തിയിട്ടുള്ളത്. 

Latest Videos

undefined

" 'മെഡിസിനല്‍ കോര' എന്നാണ് പണ്ട് മുതലെ കൊല്ലം ഭാഗങ്ങളില്‍ കേട്ടുവരുന്നത്. ക്രോകർ വിഭാഗത്തില്‍പ്പെടുന്ന മത്സ്യഇനമാണിത്. . 20 -ഓളം വിഭാഗം ക്രോക്കർ മത്സ്യങ്ങളുള്ളതില്‍ ഒരു മത്സ്യമാണ് പ്രദേശികമായി 'പട്ത്ത കോര' എന്ന് വിളിക്കപ്പെടുന്ന 'മെഡിസിനല്‍ കോര'. ഇത്തരം മീനുകള്‍ വിപണിയിലെത്തിയെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ ഓണ്‍ലൈനില്‍ വിറ്റ് പോകും. അല്ലെങ്കില്‍ ജില്ലാ മാര്‍ക്കറ്റില്‍ നിന്ന് ആരെങ്കിലും വാങ്ങും. കൊച്ചിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഇത്തരം മത്സ്യങ്ങളെ കുറിച്ച് അന്വേഷണങ്ങളുണ്ടായിട്ടുണ്ടെന്നും ഇരുപത് വര്‍ഷമായി മത്സ്യവിപണന രംഗത്തുള്ള പുന്നപ്ര സ്വദേശിയായ മൗല ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

അത്യാവശ്യം നല്ല വിലയുള്ള മീനിനമാണ് പട്ത്ത കോര. തൂക്കം കൂടുന്നതിനനുസരിച്ചാണ് വില. പ്രധാനമായും ഇത്തരം മത്സ്യങ്ങളുടെ ശരീരത്തില്‍ ഒരു റ്റ്യൂബുണ്ട്. അതിനാണ് വില. വിലയ മീനാണെങ്കില്‍ നല്ല വില കിട്ടും. ആരോഗ്യരംഗത്തും മറ്റും ഈ റ്റ്യൂബ് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ടെന്നും മൗല കൂട്ടിചേര്‍ത്തു. മാംസം മാത്രമാണെങ്കില്‍ കിലോയ്ക്ക് 600 മുതല്‍ 800 രൂപവരെ കിട്ടും. ഗുജറാത്ത് ഭാഗങ്ങളില്‍ ലഭിക്കുന്ന ബ്ലാക്ക് ക്രോകര്‍ മത്സ്യത്തിനാണ് ഈ ഇനത്തില്‍ ഏറ്റവും കൂടുതല്‍ വിലയെന്നും അത്തരം മീനുകള്‍ക്ക് ഒരെണ്ണത്തിന് തന്നെ ഒന്നര , രണ്ട് ലക്ഷം രൂപവരെ ലഭിച്ചതായി കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി 13 -ാം തിയതി മൊത്തം 73 കിലോയുള്ള ആറ് ക്രോകര്‍ മീനുകളെ കൊല്ലത്ത് നിന്ന് ലഭിച്ചിരുന്നു. അത് രണ്ടര ലക്ഷം രൂപയ്ക്കാണ് അന്ന് വിറ്റുപോയതെന്നും മൗല കൂട്ടിച്ചേര്‍ത്തു. ഇന്നലെ പൊന്നുതമ്പുരാന്‍ എന്ന വള്ളത്തിന് ലഭിച്ച 20 കിലോ സ്വര്‍ണ്ണകോര 59,000 രൂപയ്ക്ക് ലേലം കൊണ്ടത് മൗലയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപയായിരുന്നു ലഭിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

മത്സ്യത്തെ കടല്‍ വെള്ളത്തില്‍ പൊങ്ങികിടിക്കാനും നീന്താനും സഹായിക്കുന്ന 'എയര്‍ ബ്ലാഡര്‍' എന്നൊരു അവയവമുണ്ട്. ഈ ആവയവത്തിനാണ് വിപണിയില്‍ വിലയുള്ളതെന്ന് സെന്‍ട്രല്‍ മരേന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (Central Marine Fisheries Research Indtitute) പ്രിന്‍സിപ്പല്‍ സൈന്‍റിസ്റ്റ് ഡോ. പി.യു.സക്കറിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ബിയര്‍ നിര്‍മ്മാണത്തില്‍ ഈ വസ്തു ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ ആരോഗ്യരംഗത്തും ഇത് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. കേരളതീരത്ത് അത്യപൂര്‍വ്വമാണ് ഇവ. ഇത്തരം മത്സ്യങ്ങളെ പ്രധാനമായും ഗുജറാത്ത് , മുംബൈ തീരത്താണ് കണ്ട് വരുന്നത്. അടുത്തകാലത്ത് കേരളതീരത്തും കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാമാറ്റമാകാം കാരണമെന്നും  ഡോ. പി.യു.സക്കറിയ കൂട്ടിച്ചേര്‍ത്തു. 

എന്താണ് ഗോൽ മത്സ്യം (Ghol fish) ?

ജൈവശാസ്ത്രപരമായി 'പ്രോട്ടോണിബിയ ഡയകാന്തസ്' (Protonibea diacanthus) എന്നറിയപ്പെടുന്ന കറുത്ത പുള്ളികളുള്ള ക്രോകര്‍ മത്സ്യം ഓസ്‌ട്രേലിയയിൽ ബ്ലാക്ക് ജൂഫിഷ് എന്നും കേരളത്തില്‍ കറുത്ത കോരയെന്നും ഒഡീഷയില്‍ തെലിയ എന്നും അറിയപ്പെടുന്നു. ഇന്തോ-പസഫിക് മേഖലയിൽ നിന്നുള്ള ഒരു ഇനം മത്സ്യമാണിത്. പ്രധാനമായും കിഴക്കന്‍ ഏഷ്യന്‍ (East Asia) രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ക്രോകര്‍ ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന് ഏറ്റവും ഉയര്‍ന്ന വിപണിയുള്ളത്. അവിടെ ഇത്തരം മത്സ്യത്തിന് ഔഷധ ഗുണമുണ്ടെന്ന് കരുതപ്പെടുന്നു. 

അയോഡിൻ, ഒമേഗ-3, ഡിഎച്ച്എ, ഇപിഎ, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ  പോഷകങ്ങളാൽ സമ്പന്നമാതിനാല്‍ ഇതിന് ‘സീ ഗോൾഡ്’(Sea Gold) അഥവാ 'കടല്‍ സ്വര്‍ണ്ണം' എന്നും വിളിക്കുന്നു. ഇന്തോ-പസഫിക് മേഖലയിൽ കാണപ്പെടുന്ന ഗോൽ മത്സ്യം (കറുത്ത കോര) ലോകത്തിലെ ഏറ്റവും ചെലവേറിയ കടൽ മത്സ്യങ്ങളിൽ ഒന്നാണ്. എന്നാല്‍ കടല്‍ മലിനീകരണത്തെ തുടര്‍ന്ന് ഇത്തരം മത്സ്യങ്ങള്‍ ആഴക്കടലിലേക്കോ മറ്റ് തീരങ്ങളിലേക്കോ പലായനം ചെയ്തതായി കരുതുന്നു. സ്വാഭാവിക തീരത്ത് ഇവയുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 
 

കൂടുതല്‍ വായനയ്ക്ക്: 'പൊന്നുതമ്പുരാന്' കിട്ടിയത് അരലക്ഷത്തിന്‍റെ 'കോര മീന്‍'

 

 

click me!