സംഭരിച്ച നെല്ലിന്റെ പണം നൽകാതെ മരിച്ച കര്‍ഷകന്‍റെ കുടുംബത്തോട് ക്രൂരത കാണിച്ച് സര്‍ക്കാര്‍

By Web TeamFirst Published Oct 3, 2023, 9:52 AM IST
Highlights

മണ്ണില്‍ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്‍റെ പണത്തിനായി ഷൈനി തോമസ് എന്ന ഈ വീട്ടമ്മ മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ മൂന്ന് മാസമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വട്ടംചുറ്റിക്കുകയാണ് ഈ വിധവയെ

എടത്വ: മരിച്ച കര്‍ഷകനോടും അനീതി കാട്ടി സര്‍ക്കാര്‍. സംഭരിച്ച നെല്ലിന്റെ പണം നൽകാതെ വട്ടം കറക്കിയാണ് കുടുംബത്തോട് സര്‍ക്കാര്‍ ക്രൂരത കാണിക്കുന്നത്. പണത്തിനായി എടത്വ സ്വദേശി റ്റോജോ തോമസിന്‍റെ ഭാര്യ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മൂന്ന് മാസം കഴിഞ്ഞു. 75 ഹെക്ടറില്‍ നിന്നുള്ള നെല്ലിന്‍റെ പണമാണ് റ്റോജോയ്ക്ക് കിട്ടാനുള്ളത്.

മണ്ണില്‍ വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്‍റെ പണത്തിനായി ഷൈനി തോമസ് എന്ന ഈ വീട്ടമ്മ മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ മൂന്ന് മാസമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വട്ടംചുറ്റിക്കുകയാണ് ഈ വിധവയെ. എടത്വസ്വദേശിയായ ഷൈനിയുടെ ഭര്‍ത്താവ് റ്റോജോ തോമസ് കഴിഞ്ഞ മാർച്ചിൽ സപ്ലൈക്കോക്ക് നല്‍കിയത് 75 ക്വിന്‍റല്‍ നെല്ലാണ്. ഏപ്രിലില്‍ നെല്ല് നല്‍കിയതിന്‍റെ രേഖയായ പി ആര്‍ എസ്സും ലഭിച്ചു. പക്ഷെ പണം കിട്ടും മുമ്പേ ന്യൂമോണിയ ബാധിതനായി റ്റോജോ മരിച്ചു.

Latest Videos

പിന്നീട് പണത്തിനായി പാഡി ഓഫീസിലെത്തിയ ഷൈനിക്ക് മുന്നില്‍ ഉദ്യോഗസ്ഥർ ഷൈനിയോട് ആവശ്യപ്പെട്ടത് രേഖകളുടെ കൂമ്പാരമായിരുന്നു. മരണസര്‍ട്ടിഫിക്കറ്റും നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും കുടുംബബന്ധം തെളിയിക്കുന്ന രേഖകളും ഉള്‍പ്പെടെ എല്ലാം നൽകിയെങ്കിലും പണം മാത്രം കിട്ടിയില്ല. പാഡി ഓഫീസിലെത്തുമ്പോള്‍, രേഖകള്‍ കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്തേക്ക് അയച്ചെന്നാണ് ഷൈനിയോട് പറയുന്നത്.

സപ്ലൈകോയില് അന്വേഷിച്ചാല്‍ ഇവിടെ കിട്ടിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലര്‍ത്തും. പിന്നെ ബാങ്കിലേക്ക് പറഞ്ഞുവിടും. അവകാശപ്പെട്ട പണത്തിനായി ഉദ്യോഗസ്ഥരുടെ കനിവും കാത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഈ വിധവയുള്ളത്. കൃഷിയല്ലാതെ മറ്റൊരു വരുമാന മാര്‍ഗവുമില്ലാത്ത ഷൈനി, കടം വാങ്ങിയാണ് അമ്മയും സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!