വരണ്ടുണങ്ങി കശ്മീരിലെ കുങ്കുമപ്പൂപ്പാടങ്ങൾ, സർക്കാരിൽ നിന്ന് വെള്ളം കിട്ടാതെ നിലനില്പില്ലെന്ന് കർഷകർ

By Babu Ramachandran  |  First Published Nov 2, 2020, 1:05 PM IST

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം എന്ന ഖ്യാതി കുങ്കുമപ്പൂവിന്‌ സ്വന്തമാണ്. കിലോഗ്രാമൊന്നിന് 2-3 ലക്ഷം വരെയാണ് ഇതിന്റെ വിപണിവില.


പ്രകൃതിഭംഗിയാർന്ന തടാകങ്ങൾക്കും, താഴ്‌വരകൾക്കും മഞ്ഞുമലകൾക്കും മാത്രമല്ല കശ്മീർ പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്. പലതരത്തിലുള്ള വിളകളുടെ കൃഷിക്കും ഈ താഴ്വര പേരെടുത്തിട്ടുണ്ട്. അതിലൊന്നാണ് കുങ്കുമപ്പൂ അഥവാ സാഫ്രൺ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം എന്ന ഖ്യാതി കുങ്കുമപ്പൂവിന്‌ സ്വന്തമാണ്. കിലോഗ്രാമൊന്നിന് 2-3 ലക്ഷം വരെയാണ് ഇതിന്റെ വിപണിവില. വളരെ ശ്രദ്ധയോടുകൂടിയുള്ള കൃഷിയും, അതിന്റെ ഗന്ധവും, രുചിയും ഉറപ്പിക്കുന്ന സംസ്കരണ പ്രക്രിയയും ഒക്കെ ചേർന്നാണ് ഇതിനെ വിലപിടിപ്പുള്ളതാക്കുന്നത്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലും കുങ്കുമപ്പൂ വിളയുന്നുണ്ട് എങ്കിലും, കാശ്മീരി കുങ്കുമപ്പൂവിനു തന്നെയാണ് അക്കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ളത്. 

കശ്മീർ താഴ്‌വരയിൽ ഇതാ കുങ്കുമപ്പൂ വസന്തമാണിപ്പോൾ. വിളവെടുപ്പ് സീസണും അടുത്തുവരുന്നു. എന്നാൽ ഇക്കുറി കുങ്കുമപ്പൂ കർഷകരുടെ മനസ്സിൽ നിറയെ ആശങ്കകൾ മാത്രമാണുളളത്. കാരണം, കഴിഞ്ഞ കുറെ വർഷങ്ങളായി വളരെ മോശമാണ് കുങ്കുമപ്പൂവിന്റെ വിളവെടുപ്പിൽ അവർക്ക് കിട്ടുന്ന പൂവിന്റെ അളവ്. കശ്മീരിൽ പുൽവാമ, ബഡ്ഗാം ജില്ലകളിലാണ് കാര്യമായ കുങ്കുമപ്പൂപ്പാടങ്ങൾ നിലവിലുള്ളത്. അവിടത്തെ കർഷകർക്ക് ഇതവണയുള്ള പ്രധാന പരിഭവം, വേണ്ടത്ര ജലസേചന സൗകര്യങ്ങൾ ചെയ്തുകിട്ടിയിട്ടില്ല എന്നതാണ്. 2010 -ൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട 411 കോടി പദ്ധതിച്ചെലവിൽ, കേന്ദ്ര സഹായത്തോടെയുള്ള 'സാഫ്രൺ മിഷൻ' പ്രകാരം, പാംപോറിലെ കർഷകർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഒന്നാണ് സ്പ്രിങ്കിൾ ഇറിഗേഷൻ സിസ്റ്റം എന്ന ആധുനിക ജലസേചന സാങ്കേതിക വിദ്യ. അത് ഇതുവരെയും യാഥാർഥ്യമാക്കാൻ മാറിമാറി വന്ന സർക്കാരുകൾക്ക് ഒന്നിനും തന്നെ സാധിച്ചിട്ടില്ല. കുങ്കുമപ്പൂപ്പാടങ്ങൾ നിൽക്കുന്ന പ്രദേശങ്ങളിൽ 126 കുഴൽക്കിണറുകൾ കുഴിക്കുക എന്നതായിരുന്നു ഈ പദ്ധതിയിലെ ഒരു പ്രധാന പ്രവൃത്തി. പാംപോർ തെഹ്‌സിലിൽ മാത്രം 3200 ഹെക്ടർ കുങ്കുമപ്പൂപ്പാടങ്ങൾ ഉണ്ടെന്നാണ് കണക്ക്. 

Latest Videos

ആഗോള താപനവും, കാലാവസ്ഥാ വ്യതിയാനവും ചേർന്ന് സൃഷ്‌ടിച്ച വരണ്ട കാലാവസ്ഥയാണ് കുങ്കുമപ്പൂവിന്റെ ഉത്പാദനം ഇടിച്ചത് എന്നാണ് കർഷകർ കരുതുന്നത്. അതിനുള്ള ഒരേയൊരു പ്രതിവിധി സ്പ്രിങ്കിൾ ഇറിഗേഷൻ മാത്രമാണ് എന്നും അവർ കരുതുന്നു. 

click me!