മുട്ടത്തോട് ചില്ലറക്കാരനല്ല; ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ അകറ്റാനും ഉപയോഗിക്കാം

By Web Team  |  First Published Nov 9, 2020, 4:36 PM IST

മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കുമ്പോഴും മുട്ടത്തോട് ഉപയോഗിക്കാം. മണ്ണിരകളെ ഇടുന്ന കമ്പോസ്റ്റ് പാത്രത്തില്‍ മുട്ടത്തോടിന്റെ അവശിഷ്ടങ്ങള്‍ ഇട്ടുകൊടുക്കാം. ഇതുകൂടാതെ വിത്ത് മുളപ്പിക്കാനുള്ള മാധ്യമമായും തോട് ഉപയോഗിക്കാം.


ഒരു കോഴിമുട്ടയുടെ തോടില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കുന്നത് കൗതുകമുള്ള കാര്യമാണ്. നമ്മള്‍ ഉപയോഗശേഷം മാലിന്യക്കൂമ്പാരത്തിലേക്ക് നിക്ഷേപിക്കുന്ന മുട്ടത്തോട് യഥാര്‍ത്ഥത്തില്‍ പൂന്തോട്ടത്തിലെ പ്രധാന താരമാണ്. 95 ശതമാനം കാല്‍സ്യം കാര്‍ബണേറ്റും 0.3 ശതമാനം ഫോസ്‍ഫറസും അത്രതന്നെ അളവില്‍ മഗ്നീഷ്യവും കൂടാതെ സോഡിയം, പൊട്ടാസ്യം, സിങ്ക്, അയേണ്‍, കോപ്പര്‍ എന്നിവയും അടങ്ങിയ പോഷകങ്ങളുടെ കലവറ വലിച്ചെറിയുന്നത് അല്‍പം നാണക്കേടുള്ള കാര്യമല്ലേ?

2006 -ല്‍ ലോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഇന്റഗ്രേറ്റഡ് ക്രോപ് മാനേജ്‌മെന്റ് കോണ്‍ഫറന്‍സ് നടത്തിയ പഠനത്തില്‍ മുട്ടത്തോട് മണ്ണിലെ അസിഡിറ്റി കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തക്കാളി പോലുള്ള പച്ചക്കറികള്‍ നടുന്ന സമയത്ത് മുട്ടത്തോടില്‍ നിന്നുള്ള കാല്‍സ്യം മണ്ണില്‍ ചേര്‍ക്കുന്നത് ഏറെ ഫലപ്രദമാണ്. ബ്ലോസം എന്‍ഡ് റോട്ട് (blossom-end rot) എന്നറിയപ്പെടുന്ന പ്രശ്‌നം പരിഹരിക്കാന്‍ പൊടിച്ച് പൗഡര്‍ രൂപത്തിലാക്കിയ മുട്ടത്തോടില്‍ നിന്നുള്ള കാല്‍സ്യം സഹായിക്കും. മുട്ടത്തോട് വെറുതെ കൈകൊണ്ട് പൊട്ടിച്ച് ചെടികളുടെ ചുവട്ടില്‍ ഇടുന്നത് പ്രയോജനം ചെയ്യില്ല.

Latest Videos

undefined

മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കുമ്പോഴും മുട്ടത്തോട് ഉപയോഗിക്കാം. മണ്ണിരകളെ ഇടുന്ന കമ്പോസ്റ്റ് പാത്രത്തില്‍ മുട്ടത്തോടിന്റെ അവശിഷ്ടങ്ങള്‍ ഇട്ടുകൊടുക്കാം. ഇതുകൂടാതെ വിത്ത് മുളപ്പിക്കാനുള്ള മാധ്യമമായും തോട് ഉപയോഗിക്കാം. ചെറുതും വളര്‍ച്ച കുറവുള്ളതുമായ ചെടികള്‍ ഇപ്രകാരം വളര്‍ത്താം. എന്നാല്‍, തക്കാളി പോലുള്ള വലിയ ചെടികളുടെ വിത്തുകള്‍ മുളപ്പിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ പാത്രം മാറ്റി നടേണ്ടി വരും. വിത്ത് മുളപ്പിക്കാനായി മുട്ടത്തോട് ഉപയോഗിക്കുമ്പോള്‍ ആദ്യമായി തോട് ഇളംചൂടുള്ള സോപ്പുവെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കണം. അധികം വളര്‍ച്ചയെത്താത്ത കോഴികളുടെ മുട്ടയ്ക്കാണ് കട്ടിയുള്ള തോടുള്ളത്. പ്രായം കൂടുന്തോറും മുട്ടയുടെ തോടിന്റെ കട്ടിയും കുറയും. മുട്ടത്തോട് കഴുകി വൃത്തിയാക്കിയശേഷം അടിവശത്ത് വളരെ ശ്രദ്ധയോടെ രണ്ടോമൂന്നോ സുഷിരങ്ങള്‍ ഇട്ടാല്‍ വെള്ളം വാര്‍ന്നുപോകും.    

കീടാക്രമണം കൊണ്ട് പൊറുതിമുട്ടിയാലും മുട്ടത്തോട് പരീക്ഷണ വസ്‍തുവാക്കാം. ഉപയോഗശേഷമുള്ള തോട് പൊട്ടിച്ചെടുത്ത് ചെടിയുടെ ചുവട്ടിലിട്ടാല്‍ ചില കീടങ്ങളെ അകറ്റിനിര്‍ത്താം. മുട്ടത്തോട് ചുറ്റിലും വിതറിയാല്‍ മുളച്ച് വരുന്ന ചെറിയ തൈകളെ ആഹാരമാക്കുന്ന ശലഭങ്ങളുടെ പുഴുക്കളെ നശിപ്പിക്കാം. ഇതിനായി കൈകള്‍ കൊണ്ട് പൊടിച്ചെടുക്കുന്നതാണ് നല്ലത്.

പൂന്തോട്ടത്തിലെ ആവശ്യങ്ങള്‍ക്കായി തോട് നന്നായി പൊടിച്ചെടുക്കേണ്ടി വരുമ്പോള്‍ മൈക്രോവേവ് ഓവനില്‍ ബേക്ക് ചെയ്‍താല്‍ തോടിനകത്തുള്ള ഒട്ടിപ്പിടിക്കുന്ന ആവരണം പെട്ടെന്ന് ഉണങ്ങുകയും സാല്‍മൊണെല്ല പോലുള്ള ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഗ്ലാസ് കൊണ്ടുള്ള പാത്രമാണ് മുട്ടത്തോട് ബേക്ക് ചെയ്യാനായി ഉപയോഗിക്കുന്നതെങ്കില്‍ താപനില ഒരിക്കലും 350 ഡിഗ്രി ഫാറന്‍ഹീറ്റില്‍ കൂടാന്‍ പാടില്ല. ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടാല്‍ ചില പാത്രങ്ങള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. ഉണക്കിയശേഷം ബ്ലെന്‍ഡറില്‍ ഇട്ട് പൊടിച്ചെടുക്കാം. എല്ലാ മുട്ടത്തോടുകളും നന്നായി പൊടിച്ചെടുത്ത ശേഷം ഗ്ലാസ് ജാറില്‍ സൂക്ഷിച്ച് വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.

click me!