ബട്ടണ്‍ ഫേണ്‍ ഈര്‍പ്പം കുറവുള്ള മണ്ണിലും വളരും; വീട്ടിനുള്ളില്‍ വളര്‍ത്താം

By Web Team  |  First Published Jan 6, 2021, 12:21 PM IST

മറ്റുള്ള ഇനത്തില്‍പ്പെട്ട ഫേണുകളെ അപേക്ഷിച്ച് അല്‍പം വരണ്ട മണ്ണിലും നന്നായി വളരുമെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ മേല്‍മണ്ണ് അല്‍പം ഉണങ്ങിയതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. 


പന്നച്ചെടി അഥവാ ഫേണ്‍ വീട്ടിനുള്ളില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇനമാണ് ബട്ടണ്‍ ഫേണ്‍. ചെറുതും വട്ടത്തിലുള്ളതുമായ മനോഹരമായ ഇലകളുള്ള ഈ ഇനം ന്യൂസിലാന്റ് സ്വദേശിയാണ്. വളരെ പതുക്കെ മാത്രം വളരുന്ന ബട്ടണ്‍ ഫേണ്‍ മറ്റുള്ള ഇനങ്ങളെ അപേക്ഷിച്ച് ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷത്തിലും വളരും.

നേരിട്ടല്ലാതെ ലഭിക്കുന്ന നല്ല വെളിച്ചമാണ് ഇത്തരം ഫേണുകള്‍ വളരാന്‍ ആവശ്യം. 16 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനിലയിലാണ് നന്നായി വളരുന്നത്. വരണ്ടതും ചൂടുള്ളതുമായ അന്തരീക്ഷത്തില്‍ ഇലകള്‍ക്ക് ബ്രൗണ്‍നിറമാകും.

Latest Videos

undefined

ഈര്‍പ്പം കുറവുള്ള അന്തരീക്ഷത്തിലും അതിജീവിക്കാന്‍ കഴിയുന്നതിനാല്‍ വീട്ടിനുള്ളില്‍ വളര്‍ത്താന്‍ ഏറെ യോജിച്ചതാണ്. ഒരു ട്രേയില്‍ വെള്ളം നിറച്ച് അതില്‍ കല്ലുകള്‍ നിരത്തി അതിന്റെ മുകളില്‍ ഫേണ്‍ വളര്‍ത്തുന്ന പാത്രം വെച്ചാല്‍ ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താം. ബാത്ത്‌റൂമില്‍ വളര്‍ത്താനും യോജിച്ച ഇനമാണിത്.

മറ്റുള്ള ഇനത്തില്‍പ്പെട്ട ഫേണുകളെ അപേക്ഷിച്ച് അല്‍പം വരണ്ട മണ്ണിലും നന്നായി വളരുമെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ മേല്‍മണ്ണ് അല്‍പം ഉണങ്ങിയതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. ചകിരിച്ചോറ് അടങ്ങിയ നടീല്‍മിശ്രിതം ഉപയോഗിക്കാം. ഇന്‍ഡോര്‍ പ്ലാന്റിന് നല്‍കാവുന്ന എല്ലാ തരത്തിലുമുള്ള വളങ്ങളും വേനല്‍ക്കാലത്ത് ഈ ഫേണിന് നല്‍കാവുന്നതാണ്.

അമിതമായി നനച്ചാല്‍ ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയും വാടിപ്പോകുകയും ചെയ്യും. ചെടി പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് വേര് ചീയല്‍ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. കറുത്ത നിറത്തിലുള്ള വേരുകള്‍ കാണപ്പെടുകയാണെങ്കില്‍ ചീയല്‍ ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കാം.ഈ ചെടി പിഴുതുമാറ്റി ഒഴിവാക്കുന്നതാണ് നല്ലത്.

മഞ്ഞുകാലത്തിന് ശേഷവും വേനല്‍ക്കാലത്തിന് തൊട്ടുമുമ്പുമാണ് ബട്ടണ്‍ ഫേണ്‍ വളര്‍ത്താന്‍ അനുയോജ്യം. വേരുകളുള്ള ഭാഗം ഇളക്കിയെടുത്താണ് പുതിയ തൈകള്‍ നടാനായി കുഴിച്ചിടുന്നത്.


 

click me!