വയസ് 105, ഇപ്പോഴും കൃഷിയിടത്തില്‍ സജീവമാണ് ഈ മുത്തശ്ശി!

By Web Team  |  First Published Nov 3, 2020, 4:28 PM IST

2.5 ഏക്കര്‍ ഇപ്പോഴുമുണ്ട്. അവിടെ ജൈവകൃഷിയുമുണ്ട്. ഇന്നത്തെ തലമുറ 50 വയസ്സിനകം വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, പപ്പമ്മാള്‍ ഒരുദാഹരണം മാത്രമല്ല പ്രചോദനം കൂടിയാണ്. 


പപ്പമ്മാള്‍ എന്ന് വിളിക്കുന്ന രംഗമ്മാളിന് വയസ് 105 ആയി. ഇപ്പോഴും വളരെ ആരോഗ്യത്തോടെയാണ് പപ്പമ്മാളിരിക്കുന്നത്. 1914 -ല്‍ തമിഴ്നാട്ടിലെ ദേവലപുരം ഗ്രാമത്തിലാണ് പപ്പമ്മാള്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ത്തന്നെ അച്ഛനേയും അമ്മയേയും നഷ്ടമായി. പിന്നെ വളര്‍ന്നത് അച്ഛന്‍റെ അമ്മയ്ക്കൊപ്പം കൊയമ്പത്തൂര്‍ ജില്ലയിലെ തെക്കംപട്ടി ആണ്. ഈ നീണ്ട ജീവിതത്തിനിടയില്‍ ലോക മഹായുദ്ധങ്ങളും സ്വാതന്ത്ര്യസമരവും പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും എല്ലാം അവര്‍ കണ്ടുകഴിഞ്ഞു. 

പപ്പമ്മാളിന്‍റെ ചെറുപ്പകാലത്ത് സ്‍കൂളില്‍ പോവാനും പഠിക്കാനുമൊന്നും കഴിഞ്ഞിരുന്നില്ല. പല്ലാങ്കുഴി തുടങ്ങിയ വിവിധ കളികളിലൂടെയും മറ്റുമാണ് അവര്‍ എണ്ണാനൊക്കെ പഠിക്കുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ പഠിച്ചവര്‍ക്ക് അധ്യാപകരാവാനാവുന്ന കാലമായിരുന്നുവെന്ന് പപ്പമ്മാള്‍ ഓര്‍ക്കുന്നു. ഏതായാലും വളരെ ചെറുപ്പത്തില്‍ തന്നെ കൃഷിയെങ്ങനെയാണ് ചെയ്യുന്നതെന്ന് പപ്പമ്മാളിന് അറിയാമായിരുന്നു. 50 വര്‍ഷങ്ങള്‍ക്കുശേഷം മുത്തശ്ശി മരിച്ചപ്പോള്‍ ഒരു ചെറിയ കട നടത്തിത്തുടങ്ങി പപ്പമ്മാള്‍. പിന്നീട്, അവിടെ ഒരു കുഞ്ഞുചായക്കടയും തുടങ്ങി. എന്നാല്‍, കൃഷിയാണ് എപ്പോഴും അവരെ ആകര്‍ഷിച്ചിരുന്നത്. അങ്ങനെ കടയില്‍ നിന്നും കിട്ടുന്ന ലാഭം സൂക്ഷിച്ചുവച്ച് കൃഷി ചെയ്യാനായി ഒരു പത്ത് ഏക്കര്‍ സ്ഥലം പപ്പമ്മാള്‍ വാങ്ങി. 

Latest Videos

undefined

പപ്പമ്മാള്‍ ധാന്യം, വിവിധതരം പയർവർഗ്ഗങ്ങൾ, കൂടാതെ കുടുംബത്തിനായി ഉപയോഗിക്കാന്‍ കുറച്ച് പഴങ്ങളും പച്ചക്കറികളും എന്നിവ കൃഷിചെയ്തു. ഔപചാരികമായി കൃഷി പഠിക്കുന്നതിനായി തമിഴ്‌നാട് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലും (ടിഎൻ‌യു) ചേർന്നു. ഏത് വർഷമാണ് താൻ കോളേജിൽ ചേർന്നതെന്ന് ചോദിച്ചപ്പോൾ, അത് വളരെക്കാലം മുമ്പായിരുന്നുവെന്നും ആ വർഷത്തെ വിശദാംശങ്ങൾ ഓർമിക്കാൻ കഴിയില്ലെന്നും അവർ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. ഏതായാലും പിന്നീടിങ്ങോട്ടുള്ള ഓരോ ദശകങ്ങളിലും വന്ന വൈസ് ചാന്‍സലര്‍മാര്‍ പപ്പമ്മാളെന്ന പൂര്‍വവിദ്യാര്‍ത്ഥിയെ കുറിച്ച് അറിയാതെയോ പറയാതെയോ പോകാറില്ല. സര്‍വകലാശാല സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രത്യേക ക്ഷണിതാവായി അവര്‍ പങ്കെടുക്കാറുമുണ്ട്. തെക്കംപട്ടി പഞ്ചായത്തില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് പപ്പമ്മാള്‍. 1959 -ലായിരുന്നു ഇത്. 

കാലം ചെന്നപ്പോള്‍ പത്ത് ഏക്കറും തന്നെക്കൊണ്ട് നോക്കിനടത്താനാവില്ലെന്ന് തോന്നിയതിനാല്‍ സ്ഥലത്തിലെ കുറച്ച് ഭാഗം അവര്‍ വിറ്റു. എങ്കിലും 2.5 ഏക്കര്‍ ഇപ്പോഴുമുണ്ട്. അവിടെ ജൈവകൃഷിയുമുണ്ട്. ഇന്നത്തെ തലമുറ 50 വയസ്സിനകം വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, പപ്പമ്മാള്‍ ഒരുദാഹരണം മാത്രമല്ല പ്രചോദനം കൂടിയാണ്. കാരണം ഇന്നും, എല്ലാ ദിവസവും ഈ മുത്തശ്ശി തന്റെ ഭൂമിയില്‍പോയി ജോലി ചെയ്യുന്നു. ജൈവകൃഷിക്ക് വേണ്ടി സംസാരിക്കുന്നു. 

ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം പ്രിയപ്പെട്ടവളാണ് പപ്പമ്മാള്‍. അവര്‍ക്ക് നൂറുവയസ് തികഞ്ഞപ്പോള്‍ ഗ്രാമത്തിലുള്ളവരെല്ലാം ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്‍തിരുന്നു. മൂവായിരത്തോളം പേരെങ്കിലും അന്ന് അവിടെ ആഘോഷത്തില്‍ പങ്കെടുക്കുകയുണ്ടായി. ബിരിയാണിയും പായസവും ഒക്കെയായി വലിയ ആഘോഷമായിരുന്നു അത്. വിവിധയിടങ്ങളില്‍ പപ്പമ്മാളിന് ആശംസ അറിയിച്ച് ഫ്ലെക്സ്ബോര്‍ഡുകളുമുണ്ടായി. ഗ്രാമത്തിലെ കല്യാണങ്ങളിലും വധൂവരന്മാരെ അനുഗ്രഹിക്കാന്‍ പപ്പമ്മാളിനെ വിളിക്കാറുണ്ട്. 

പപ്പമ്മാളിന്‍റെ പുതുതലമുറയിലുള്ളവരും പറയുന്നത് ഈ മുത്തശ്ശിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നാണ്. വെറുതെയിരുന്നോ ഉറങ്ങിയോ നേരം കളയാതെ അവരെപ്പോഴും അവര്‍ക്കിഷ്‍ടമുള്ള കാര്യം ചെയ്‍തുകൊണ്ടിരിക്കുന്നു. ആ
ഗ്രാമത്തിലെ ഡോക്ടര്‍ പവിത്ര പറയുന്നത് പപ്പമ്മാള്‍ ക്ലിനിക്കില്‍ സ്ഥിരം സന്ദര്‍ശിച്ച് ചെക്കപ്പുകള്‍ നടത്താറുണ്ട് എന്നാണ്. എന്നാല്‍, അവരുടെ ബ്ലഡ് പ്രഷറും ഷുഗറും എപ്പോഴും സാധാരണ നിലയിലായിരിക്കും. 

ഇപ്പോഴും ഈ നൂറ്റിയഞ്ചാമത്തെ വയസ്സിലും ഇങ്ങനെ ചുറുചുറുക്കോടെ കൃഷി ചെയ്യുന്ന ഈ മുത്തശ്ശി അവരുടെ ഗ്രാമത്തിലുള്ളവര്‍ക്ക് മാത്രമല്ല നമുക്കെല്ലാവര്‍ക്കും വലിയൊരു പ്രചോദനം തന്നെയാണ്. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ)

click me!