മരിച്ചുപോയ സഹോദരിയായി വേഷം മാറി 14 കൊല്ലം ജോലി ചെയ്‍ത് യുവതി
1993 -ൽ ഒരു വാഹനാപകടത്തിലാണ് സഹോദരി മരിച്ചത്. പ്രദേശത്തെ ഒരു ഫാക്ടറിയിലായിരുന്നു സഹോദരിക്ക് ജോലി. അവിടെയാണ് ആനും ജോലിക്ക് പോയത്. സഹോദരി മരിച്ച വിവരം ആരേയും അറിയിച്ചില്ല.
മരിച്ചുപോയ മൂത്തസഹോദരിയായി നടിച്ച് ചൈനയിലെ ഒരു യുവതി ജോലി ചെയ്തത് 14 വർഷം. തൻ്റെ 14 വർഷത്തെ ജോലിയിൽ, പെൻഷൻ പേയ്മെൻ്റായി ഏകദേശം 400,000 യുവാൻ (45.89 ലക്ഷം രൂപ) യാണ് യുവതിക്ക് കിട്ടിയിരുന്നത്. അത് മുഴുവനും അവർ തിരിച്ചടച്ചു.
വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയ സ്വയംഭരണ പ്രദേശമായ വുഹായിൽ നിന്നുള്ള ആൻ എന്ന സ്ത്രീയാണ് സഹോദരിയായി അഭിനയിച്ച് നീണ്ടകാലം അവരുടെ ജോലി ചെയ്തത്. 1993 -ൽ ഒരു വാഹനാപകടത്തിലാണ് സഹോദരി മരിച്ചത്. പ്രദേശത്തെ ഒരു ഫാക്ടറിയിലായിരുന്നു സഹോദരിക്ക് ജോലി. അവിടെയാണ് ആനും ജോലിക്ക് പോയത്. സഹോദരി മരിച്ച വിവരം ആരേയും അറിയിച്ചില്ല.
വുഹായ് സിറ്റിയിലെ ഹൈബോവൻ ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോർട്ട് പറയുന്നതനുസരിച്ച്, ആൻ 2007 -ൽ വിരമിക്കുന്നതുവരെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് അവർ തൻ്റെ മരിച്ചുപോയ സഹോദരിയായി വിരമിക്കൽ പെൻഷനും അപേക്ഷിച്ചു. 2023 ഏപ്രിൽ വരെ ആനിന് പെൻഷൻ തുക ലഭിക്കുകയും ചെയ്തു. ഈ കാലയളവിൽ പെൻഷൻ ഫണ്ടിൽ 393,676 യുവാൻ (45.16 ലക്ഷം രൂപ) ലഭിച്ചുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ഇവർ സഹോദരിയായി നടിക്കുകയാണ് എന്ന് അറിഞ്ഞതോടെ അന്വേഷണമുണ്ടായി. ആൻ കുറ്റം സമ്മതിക്കുകയും പണം തിരികെ നൽകുകയും ചെയ്തു. വുഹാൻ സിറ്റിയിലെ ഹൈബോവൻ ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് ആൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. വിചാരണയ്ക്കും അന്വേഷണത്തിനും ശേഷം കോടതി ആനിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. 25,000 യുവാൻ (2.86 ലക്ഷം രൂപ) അധിക പിഴയോടെ നാല് വർഷത്തേക്ക് അവളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ഇവരുടെ കഥ വൈറലായതോടെ നെറ്റിസൺസ് അവരെ വിമർശിക്കുന്നതിന് പകരം അവരോട് അനുകമ്പയാണ് പ്രകടിപ്പിച്ചത്. അവർ ജോലി ചെയ്തിട്ടാണല്ലോ അതിനുള്ള ശമ്പളം കൈപ്പറ്റിയത് എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം