'പെണ്ണെ'ന്നത് 'ആണാ'ക്കിയപ്പോൾ സംഭവിച്ചത്, സോഷ്യൽ മീഡിയയിലുണ്ടായ മാറ്റത്തെ കുറിച്ച് യുവതി
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം താൻ സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റി എന്നാണ് കാരെൻ പറയുന്നത്. അതോടെ, തനിക്ക് മുന്നിലെത്തുന്ന പരസ്യങ്ങൾ എത്രകണ്ട് മാറി എന്നും അവർ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയ അക്കൗണ്ട് ലോഗിൻ ചെയ്തുകഴിഞ്ഞാൽ ഓരോ ദിവസവും നമ്മുടെ കൺമുന്നിലെത്തുന്നത് എന്തെല്ലാമാണ് അല്ലേ? പലതരം വീഡിയോകൾ, ചിത്രങ്ങൾ, വാർത്തകൾ എന്നുവേണ്ട ലോകത്തുള്ള സകലതും എത്തും. അതുപോലെ വരുന്ന ഒന്നാണ് പരസ്യങ്ങൾ. ഈ പരസ്യങ്ങൾക്ക് ആൺ-പെൺ വേർതിരിവുണ്ടോ? ഉണ്ടെന്നാണ് ഈ യുവതി പറയുന്നത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഫീമെയിൽ (സ്ത്രീ) എന്നുള്ളത് മാറ്റി മെയിൽ (പുരുഷൻ) എന്നാക്കിയപ്പോൾ സംഭവിച്ച മാറ്റത്തെ കുറിച്ചാണ് കാരെൻ ഡി സൂസ പെസ്സെ എന്ന സ്ത്രീ വ്യക്തമാക്കുന്നത്. ഒരു ക്ലൗഡ് ബേസ്‍ഡ് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവാണ് കാരെൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം താൻ സ്ത്രീ എന്നുള്ളത് പുരുഷൻ എന്നാക്കി മാറ്റി എന്നാണ് കാരെൻ പറയുന്നത്. അതോടെ, തനിക്ക് മുന്നിലെത്തുന്ന പരസ്യങ്ങൾ എത്രകണ്ട് മാറി എന്നും അവർ വ്യക്തമാക്കുന്നു.
തന്റെ സെർച്ച് ഹിസ്റ്ററിയുടെയോ, സോഷ്യൽ മീഡിയാ എൻഗേജ്മെന്റിന്റെയോ അടിസ്ഥാനത്തിലല്ല ഈ മാറ്റം എന്നും അവർ വ്യക്തമാക്കുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, എംബിഎ- എക്സിക്യൂട്ടീവ് കോഴ്സുകളെ കുറിച്ചുള്ള പരസ്യങ്ങൾ, ഫിനാൻസ് -ഇൻവെസ്റ്റ്മെന്റ് എന്നിവയെ കുറിച്ചുള്ള പരസ്യങ്ങളൊക്കെയാണ് സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറിയപ്പോൾ തനിക്ക് ലഭിച്ചത് എന്നും അവർ പറയുന്നു. അതുകൊണ്ടും തീർന്നില്ല. ലക്ഷൂറിയസ് ഹോളിഡേ, റിയൽ എസ്റ്റേറ്റ്, സ്പോർട്സ് കാർ തുടങ്ങിയവയുടേയൊക്കെ പരസ്യങ്ങളാണ് വേറെ കാണിക്കുന്നത്.
ബേബി പ്രൊഡക്ട്, കുട്ടികളുടെ വസ്ത്രങ്ങൾ, കുടുംബത്തിന്റെ കൂടെ ചെയ്യാനുള്ള കാര്യങ്ങൾ എന്നിവയൊന്നും ഇപ്പോൾ കാണിക്കുന്നില്ല. കൂടാതെ, പ്രെഗ്നൻസി ടെസ്റ്റ്, പീരിയഡ് മെറ്റീരിയൽ, അടിവസ്ത്രം തുടങ്ങിയ ഒന്നിന്റെയും പരസ്യങ്ങൾ ഇപ്പോൾ കാണാനേയില്ല എന്നും കാരെൻ പറയുന്നു.
വളരെ പെട്ടെന്ന് തന്നെ കാരെൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സോഷ്യൽ മീഡിയ നൽകുന്ന പരസ്യങ്ങളിൽ പോലും കുട്ടികളുടെ വസ്ത്രവും ഡയപ്പറുമൊക്കെ അമ്മയ്ക്കും, നല്ല ജോലി സാധ്യതകളും മറ്റും അച്ഛനുമാണല്ലോ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.