'ഡെസ്ക്ടോപ്പ് വാഴപ്പഴം' ട്രെൻഡ്, എന്തൊക്കെയാടാ ചൈനയിലെ ഓഫീസുകളിൽ നടക്കുന്നത്?
വാഴപ്പഴം പഴുത്തു കഴിഞ്ഞാൽ ഇത് 'ഡെസ്ക്ടോപ്പ് വാഴപ്പഴം' എന്നാണ് അറിയപ്പെടുന്നത്. സഹപ്രവർത്തകരുമായി വാഴപ്പഴം പങ്കുവെച്ചു കഴിക്കുന്നതും ജോലിസ്ഥലത്തെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.
സാധാരണയായി ജോലി സ്ഥലത്തെ പ്രതിസന്ധികളെ നിങ്ങൾ എങ്ങനെയാണ് തരണം ചെയ്യുന്നത്? ഒരു കാപ്പി കുടിക്കും അല്ലെങ്കിൽ സുഹൃത്തുക്കളുമായി അല്പനേരം സംസാരിക്കും ഇങ്ങനെയൊക്കെ ആയിരിക്കും അല്ലേ? എന്നാൽ, ഓഫീസ് സമ്മർദ്ദം തരണം ചെയ്യാൻ ചൈനക്കാർ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ്, സംഗതി അല്പം വിചിത്രമാണ് ഓഫീസിനുള്ളിൽ വാഴക്കുല പഴുപ്പിച്ചു കഴിക്കുന്നതാണ് ചൈനക്കാരുടെ സമ്മർദ്ദത്തെ അതിജീവിക്കാനുള്ള പുതിയ മാർഗ്ഗം.
ചൈനയുടെ ഇൻസ്റ്റാഗ്രാമായ Xiaohongshu -ൽ ഈ ട്രെൻഡ് ഇപ്പോൾ ജനപ്രിയമായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകൾ നിരവധി ആളുകൾ ആണ് ലൈക്കുകളും ഷെയറുകളും ചെയ്യുന്നത്. മൂപ്പെത്തിയ വാഴക്കുലകൾ കടകളിൽ നിന്നും വാങ്ങി ഓഫീസിൽ വെച്ച് പഴുപ്പിച്ചു കഴിക്കുന്നതാണ് ഈ രീതി. വാഴപ്പഴം കഴിക്കാൻ പാകത്തിന് പഴുത്തു വരുന്നതുവരെയുള്ള സമയത്തെ പരിചരണം മറ്റെല്ലാ ടെൻഷനുകളിൽ നിന്നും തങ്ങളെ അകറ്റി നിർത്തുമെന്നാണ് ഇവർ പറയുന്നത്.
ഏകദേശം ഒരാഴ്ചത്തെ പരിചരണത്തിന് ശേഷം വാഴപ്പഴം കഴിക്കാൻ പാകത്തിന് പഴുത്തു വരുമത്രേ. ഈ കാലയളവിൽ സമൃദ്ധമായ പച്ചനിറം മുതൽ മഞ്ഞനിറം വരെയുള്ള വാഴപ്പഴത്തിന്റെ രൂപമാറ്റം ഓരോ നിമിഷവും അനന്തമായ പ്രതീക്ഷകളും സന്തോഷവും സമ്മാനിക്കുന്നതാണെന്നും ആ കാഴ്ച മനസ്സിലെ ആശങ്കകളെ അപ്രത്യക്ഷമാക്കും എന്നുമാണ് ഒരു ചൈനീസ് ജീവനക്കാരൻ ഈ ട്രെൻഡിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്
വാഴപ്പഴം പഴുത്തു കഴിഞ്ഞാൽ ഇത് 'ഡെസ്ക്ടോപ്പ് വാഴപ്പഴം' എന്നാണ് അറിയപ്പെടുന്നത്. സഹപ്രവർത്തകരുമായി വാഴപ്പഴം പങ്കുവെച്ചു കഴിക്കുന്നതും ജോലിസ്ഥലത്തെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ചിലർ പഴം പഴുക്കുന്നതിനു മുൻപ് തന്നെ തങ്ങളുടെ പേര് വാഴപ്പഴത്തിൽ എഴുതി അത് നേരത്തെ ബുക്ക് ചെയ്തു വെക്കുമത്രേ.
ഏതായാലും രസകരമായ നിരവധി നിമിഷങ്ങൾ സമ്മർദ്ദം നിറഞ്ഞ ജോലിക്കിടയിൽ വാഴപ്പഴം സമ്മാനിക്കുന്നുണ്ടെന്നാണ് ചൈനീസ് ജീവനക്കാർ പറയുന്നത്. എന്നാൽ, വാഴപ്പഴം വിൽപ്പനയിലെ മാന്ദ്യം കുറയ്ക്കുന്നതിനായി കച്ചവടക്കാർ നടത്തുന്ന ഒരു തന്ത്രമായി ഇതിനെ കാണുന്നവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം