പാക് പ്രധാനമന്ത്രിക്ക് ശക്തമായ മറുപടി നൽകിയ ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി, ആരാണ് സ്നേഹ ദുബെ?

 2012 -ബാച്ചിലാണ് ദുബെ ഗവണ്‍മെന്‍റ് സര്‍വീസില്‍ കയറിയത്. അവരുടെ കുടുംബത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന ആദ്യ വ്യക്തിയും ദുബെ തന്നെ എന്നതും പ്രത്യേകതയാണ്. 

who is sneha dubey

കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പേരാണ് സ്നേഹ ദുബെ ( Sneha Dubey). ഇന്ത്യയുടെ യുഎന്നി(UN) -ലെ ഫസ്റ്റ് സെക്രട്ടറി. ജമ്മു കശ്മീര്‍ വിഷയമുന്നയിച്ച് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയാണ് അവര്‍ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചത്. പാകിസ്ഥാന്‍ (Pakistan), ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ച രാജ്യമാണ് എന്നും ഉസാമ ബിന്‍ലാദനെ (Osama Bin Laden) സംരക്ഷിച്ചത് പാകിസ്ഥാനാണ് എന്നും സ്നേഹ ദുബെ കുറ്റപ്പെടുത്തി.

'ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി യുഎൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്. ഭീകരവാദികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ല'- സ്നേഹ ദുബെ കുറ്റപ്പെടുത്തി. 

'ഭീകരവാദികൾക്ക് പിന്തുണയും പരിശീലനവും സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്ന രാജ്യമായി ആഗോളതലത്തിൽ തന്നെ ദുഷ്കീർത്തി നേടിയ രാജ്യമാണ് പാക്കിസ്ഥാൻ. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും മുഴുവൻ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങനെ തന്നെയായിരിക്കും. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങൾ അടിയന്തിരമായി വിട്ട് പാക്കിസ്ഥാൻ തിരിച്ചുപോകണം' എന്നും സ്നേഹ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളെല്ലാം വലിയ കയ്യടിയോടെയാണ് സ്നേഹ ദുബെയുടെ വാക്കുകളെ സ്വീകരിച്ചത്. സാധാരണയായി യുവാക്കളായ നയതന്ത്രജ്ഞരില്‍ കാണാത്ത ധൈര്യവും കാര്‍ക്കശ്യവും സ്നേഹ ദുബെ കാഴ്ച വച്ചുവെന്നും പലരും അഭിപ്രായപ്പെടുകയുണ്ടായി. ആരാണ് സ്നേഹ ദുബെ? 

ഒരു ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസസ്) ഉദ്യോഗസ്ഥയായ ദുബെ, ആഗോള കാര്യങ്ങളിൽ അതീവ താല്പര്യമുള്ള ഒരാളാണ്. 2012 -ബാച്ചിലാണ് ദുബെ ഗവണ്‍മെന്‍റ് സര്‍വീസില്‍ കയറിയത്. അവരുടെ കുടുംബത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന ആദ്യ വ്യക്തിയും ദുബെ തന്നെ എന്നതും പ്രത്യേകതയാണ്. 

ഗോവയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, പൂനെയിലെ ഫെർഗൂസൺ കോളേജിൽ നിന്നുമാണ് ദുബെ തന്റെ ബിരുദം നേടിയത്. പിന്നീടവർ, ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസില്‍ എംഫിലും നേടി. ആദ്യ ശ്രമത്തിൽ തന്നെ അവര്‍ക്ക് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞു. 

ദുബെയുടെ അച്ഛന്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. അമ്മ ഒരു അധ്യാപികയും. ഐഎഫ്‍എസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയുടനെ അവര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ (MEA) ഒരു അണ്ടർ സെക്രട്ടറിയായിരുന്നു. അതിനുമുമ്പ്, അവർ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിൽ തേര്‍ഡ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios