എൺപതോളം വളർത്തുമൃഗങ്ങളെ വെടിവെച്ചുകൊന്ന് 39 -കാരൻ, ഞെട്ടിക്കുന്ന സംഭവം കാലിഫോർണിയയിൽ
വെടിയേറ്റ് മണിക്കൂറുകളോളം മൃഗങ്ങളിൽ ചിലത് ജീവനോടെയുണ്ടായിരുന്നെങ്കിലും പരിക്കിൻ്റെ തീവ്രത കണക്കിലെടുത്ത് ദയാവധം ചെയ്യേണ്ടിവന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വടക്കൻ കാലിഫോർണിയയിൽ മൂന്നുമണിക്കൂർ നീണ്ട വെടിവെപ്പിൽ 39 -കാരൻ എൺപതോളം മൃഗങ്ങളെ കൊലപ്പെടുത്തി. വെടിവെപ്പിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ വിസെൻ്റ് ജോസഫ് അറോയോയെ മൃഗങ്ങളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചുമത്തി മോണ്ടെറി കൗണ്ടി ഷെരീഫ് അറസ്റ്റ് ചെയ്തു. കൗണ്ടി ഷെരീഫ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ചൊവ്വാഴ്ച പുലർച്ചെ 3:29 ഓടെ ആയിരുന്നു വെടിവെപ്പ് നടന്നത്.
പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് നീളമുള്ള റൈഫിളുകൾ, ഷോട്ട്ഗൺ, വിവിധ കൈത്തോക്കുകൾ, അനധികൃത റൈഫിൾ എന്നിവ ഉൾപ്പെടെ നിരവധി തോക്കുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ വലിയ അളവിൽ വെടിമരുന്ന് ശേഖരവും ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റും കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ പിടിച്ചെടുത്ത വസ്തുക്കളുടെ ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പുറത്തുവിട്ടു.
കോടതി രേഖകൾ പ്രകാരം 33 തത്തകൾ, നിരവധി കോഴികൾ, ഏഴ് താറാവുകൾ, 14 ആട്, രണ്ട് ചെറു കുതിരകൾ തുടങ്ങിയവയെ വെടിവെച്ചു കൊന്നതായാണ് അറോയോയുടെ പേരിൽ ചുമത്തിയിട്ടുള്ള കുറ്റം. പരിസരവാസികളായ ആളുകളുടെ വളർത്തു മൃഗങ്ങളെയാണ് ഇയാൾ വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെടിയേറ്റ് മണിക്കൂറുകളോളം മൃഗങ്ങളിൽ ചിലത് ജീവനോടെയുണ്ടായിരുന്നെങ്കിലും പരിക്കിൻ്റെ തീവ്രത കണക്കിലെടുത്ത് ദയാവധം ചെയ്യേണ്ടിവന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വെടിവയ്പ്പ് നടന്ന സ്ഥലത്തിന് അടുത്തുള്ള ഒരു മുന്തിരിത്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്യാമ്പറിലാണ് അറോയോ താമസിച്ചിരുന്നത്. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണങ്ങളൊന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടില്ല.