ഫീസ് 2-3 ലക്ഷം, പഠിപ്പിക്കുന്നത് പോക്കറ്റടി മുതൽ വൻകൊള്ള വരെ, ക്രിമിനലുകൾ വിലസുന്ന ​ഗ്രാമങ്ങൾ

പോക്കറ്റടിക്കുക, തിരക്കുള്ള സ്ഥലത്ത് നിന്നും ബാ​ഗ് തട്ടിപ്പറിക്കുക, പൊലീസിൽ നിന്നും രക്ഷപ്പെടുക, വേ​ഗത്തിൽ ഓടുക തുടങ്ങി ഒരു കള്ളനു വേണ്ടുന്ന എല്ലാ 'കഴിവു'കൾക്കും ഇവിടെ പരിശീലനം നൽകുമത്രെ.

school of criminals in Madhya pradesh villages of Kadia Gulkhedi and Hulkhedi

രണ്ട് ലക്ഷം രൂപ കൊടുത്താൽ‌ മോഷണത്തിന്റെ സകല അടവും പഠിപ്പിച്ച് തരും. ഇങ്ങനെ ഒരു കാര്യം കേട്ടിട്ടുണ്ടോ? അങ്ങനെയുള്ള ​ഗ്രാമങ്ങളുണ്ട് മധ്യപ്രദേശിൽ എന്നാണ് എൻഡിടിവിയുടെ ഒരു റിപ്പോർട്ട് പറയുന്നത്. മധ്യപ്രദേശിലെ കാഡിയ, ഗുൽഖേഡി, ഹൽഖേഡി എന്നിവയാണത്രെ ആ ​ഗ്രാമങ്ങൾ. 

സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏകദേശം 117 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാജ്ഗഡ് ജില്ലയിലുള്ളതാണ് ഈ ഗ്രാമങ്ങൾ. ചെറിയ ചെറിയ മോഷണം, കവർച്ച തുടങ്ങി വൻ കൊള്ള വരെ ഇവിടെ പരിശീലിപ്പിക്കുമത്രെ. അയൽനാട്ടിൽ നിന്നുപോലും കുട്ടികളുടെ രക്ഷിതാക്കൾ ഇവിടെ എത്തുന്നു. 12-13 ഒക്കെ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് എത്തുന്നത്. അവർ ​ഗാങ് ലീഡർമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ശേഷം ഇതിൽ ആർക്കാണ് തങ്ങളുടെ കുട്ടികളെ 'നല്ല' കള്ളനും കൊള്ളക്കാരനും ആക്കാനാവുക എന്ന് തീരുമാനിച്ച ശേഷം ഫീസ് നൽകുന്നു. രണ്ട് മുതൽ മൂന്ന് ലക്ഷം വരെയാണ് ഫീസ് എന്നാണ് എൻഡിടിവി എഴുതുന്നത്. 

പോക്കറ്റടിക്കുക, തിരക്കുള്ള സ്ഥലത്ത് നിന്നും ബാ​ഗ് തട്ടിപ്പറിക്കുക, പൊലീസിൽ നിന്നും രക്ഷപ്പെടുക, വേ​ഗത്തിൽ ഓടുക തുടങ്ങി ഒരു കള്ളനു വേണ്ടുന്ന എല്ലാ 'കഴിവു'കൾക്കും ഇവിടെ പരിശീലനം നൽകുമത്രെ. ഒരു വർഷം അവിടെ പരിശീലനം തുടർന്ന് കഴിയുമ്പോൾ ഇവരുടെ മാതാപിതാക്കൾക്ക് വർഷം രണ്ടോ മൂന്നോ അഞ്ചോ ലക്ഷം രൂപ വരെ ​ഗാങ് ലീഡർമാർ‌ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

വളരെ വലിയ കൊള്ളകൾ പലതും ഈ ​ഗ്രാമത്തിൽ നിന്നുള്ള സംഘം നടത്തിയിട്ടുണ്ട്. ആഗസ്റ്റ് 8 -ന് ജയ്പൂരിലെ ഹയാത്ത് ഹോട്ടലിൽ നടന്ന ആഡംബര വിവാഹത്തിൽ 1.5 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഒരു ലക്ഷം രൂപയും അടങ്ങുന്ന ബാഗ് കളവ് പോയ സാഹചര്യമുണ്ടായിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത ഒരാളാണ് ഈ മോഷണം നടത്തിയത് എന്നാണ് പറയുന്നത്. 

പൊലീസിനും ഈ ​ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ​ഗാങ്ങുകളെ കുറിച്ച് വിവരമുണ്ട്. എന്നാൽ, വലിയ കഴിവുകളുള്ള പരിശീലനം നേടിയ ആളുകളാണ് ഇവിടെയുള്ളത് എന്നാണ് പൊലീസ് പറയുന്നത്. ഒരു ജ്വല്ലറിയെ പോലും സമീപിക്കാതെ ആഭരണങ്ങളെങ്ങനെ പണമാക്കി മാറ്റാമെന്ന് പോലും ഇവർക്കറിയാമെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓഫ് ലോ ആൻഡ് ഓർഡർ ജയദീപ് പ്രസാദ് പറയുന്നു. 

മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ പറയുന്നത്, ഈ ​ഗ്രാമങ്ങൾ 'കളവു പഠിപ്പിക്കുന്ന നഴ്സറികളെന്നും സ്കൂളുകളെന്നും അറിയപ്പെടുന്നു' എന്നാണ്. മിക്ക കളവുകളും നടത്തുന്നത് പ്രായപൂർത്തിയാവാത്ത കുട്ടികളാണ്. പരിശീലനം പൂർത്തിയാക്കിയ കുട്ടികളെ ഉപയോ​ഗിച്ച് ലക്ഷങ്ങൾ നേടുന്ന ക്രിമിനലുകൾ ഇവിടെയുണ്ട് എന്നും പൊലീസ് പറയുന്നു. 

ഈ ഗ്രാമങ്ങളിൽ നിന്നുള്ള 2,000 -ത്തിലധികം പേർക്കെതിരെ രാജ്യത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലായി 8,000-ത്തിലധികം കേസുകളുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios