ചിരിച്ചു ചിരിച്ചു ചിരിച്ച് 53 -കാരന്റെ ബോധം പോയി, ചിരിപ്പിച്ചത് ടിവിയിലെ കോമഡി ഷോ
സംഭവം നടന്ന ദിവസം വൈകുന്നേരം ചായ കുടിച്ചുകൊണ്ട് കുടുംബത്തിനൊപ്പം ടിവി കാണുകയായിരുന്നു ശ്യാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടിവിയിൽ ഒരു കോമഡി ഷോയാണ് ഉണ്ടായിരുന്നത്.
ചിരി ആരോഗ്യത്തിന് നല്ലതാണ് എന്ന് പറയാറുണ്ട്. എത്ര ചിരിക്കുന്നോ അത്രയും നല്ലത് എന്നാണ് നമ്മളെല്ലാം കേട്ടിട്ടുള്ളത്. എന്നാൽ ഹൈദ്രാബാദിൽ ചിരിച്ച് ചിരിച്ച് ഒരാളുടെ ബോധം പോയി. 53 -കാരനായ ഇയാൾ വീട്ടുകാർക്കൊപ്പം ടിവിയിൽ ഒരു കോമഡി ഷോ കാണുകയായിരുന്നത്രെ.
പതിവുപോലെ കോമഡി ഷോ കാണുകയായിരുന്നു ശ്യാം എന്ന 53 -കാരൻ. പിന്നാലെ കുറച്ച് മിനിറ്റുകൾ നിർത്താതെ ചിരിച്ചു. അതോടെയാണ് ബോധം നഷ്ടപ്പെട്ടത്. ഉടനെ തന്നെ ശ്യാമിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം വൈകുന്നേരം ചായ കുടിച്ചുകൊണ്ട് കുടുംബത്തിനൊപ്പം ടിവി കാണുകയായിരുന്നു ശ്യാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടിവിയിൽ ഒരു കോമഡി ഷോയാണ് ഉണ്ടായിരുന്നത്.
ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ശ്യാമിന്റെ ഡോക്ടറും ന്യൂറോളജിസ്റ്റുമായ ഡോ. സുധീർ കുമാറാണ് എക്‌സിൽ (ട്വിറ്ററിൽ) ഈ വിവരങ്ങൾ പങ്കുവെച്ചത്. ശ്യാമിന് ചായക്കപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ശരീരം ഒരുവശത്തേക്ക് ചരിയുകയും ഇരുന്ന കസേരയിൽ നിന്നും നിലത്തേക്ക് വീഴുകയുമായിരുന്നു. അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കരങ്ങൾ വല്ലാത്ത രീതിയിൽ അനങ്ങുന്നത് മകളുടെ ശ്രദ്ധയിലാണ് പെട്ടത് എന്നും ഡോക്ടർ പറയുന്നു.
അപ്പോൾ തന്നെ കുടുംബം ഒരു ആംബുലൻസ് വിളിക്കുകയും ശ്യാമിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും ശ്യാമിന്റെ ബോധം തിരികെ വന്നിരുന്നു. എന്നാൽ, എന്താണ് തനിക്ക് സംഭവിച്ചത് എന്നതിനെ കുറിച്ച് അയാൾ പൂർണമായും മറന്നു പോയിരുന്നു.
ശ്യാമിന് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരുന്നുകളൊന്നും കഴിക്കുന്നുമുണ്ടായിരുന്നില്ല. എങ്കിലും വിശദമായ പരിശോധനയ്ക്ക് അയാളെ വിധേയനാക്കി. അതിൽ നിന്നും മനസിലായ കാര്യം ചിരിയാണ് അദ്ദേഹത്തിന്റെ ബോധം പോകാൻ കാരണം എന്നാണ് ഡോ. സുധീർ കുമാർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം