ഗാന്ധിയെന്ന മനുഷ്യന്‍, അദ്ദേഹത്തിന്‍റെ ബ്രഹ്മചര്യപരീക്ഷണങ്ങള്‍; വിവാദവും യാഥാര്‍ത്ഥ്യവും...

1906 -ൽ ഗാന്ധിജി തന്റെ ഭാര്യയുടെ സമ്മതത്തോടെ തന്നെ ബ്രഹ്മചര്യത്തെ തന്റെ ജീവിതവ്രതമാക്കി. അമ്മ എന്നർത്ഥം വരുന്ന 'ബാ' എന്നാണ് അദ്ദേഹം തുടർന്ന് തന്റെ ഭാര്യയെ വിളിച്ചിരുന്നത്. 

mahathma gandhi experiments with celibacy

ഗാന്ധിജിയെ സദാചാരത്തോടും ധാർമികതയോടും കൂട്ടിക്കെട്ടാൻ ഏറെ ഉത്സുകരാണ് പലരും. ഗാന്ധിജിയുടെ ജീവിതത്തിലെ ലൈംഗികതയെപ്പറ്റി സത്യവും അസത്യവും അപവാദവും അഭ്യൂഹവും ഒക്കെയായി പലരും എഴുതിയിട്ടുണ്ട്. ഗാന്ധിജിയുടെ അടുത്ത അനുയായികളായിരുന്ന മനുവിനെയും ആഭയെയും ചേർത്തും പല അപവാദങ്ങളും ഗാന്ധിവിരുദ്ധർ പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്. അതിന്റെയൊക്കെ പിന്നിലുള്ള വാസ്തവം എന്താണ്? എന്തൊക്കെയായിരുന്നു ഗാന്ധിജി നടത്തിയിരുന്ന ബ്രഹ്മചര്യപരീക്ഷണങ്ങൾ? 

 'കസ്തൂർബ എന്റെ അമ്മയാണ്' എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടോ? 

എന്തൊക്കെ പാഠങ്ങളാണ് ഗാന്ധിയുടെ ജീവിതത്തിൽ നിന്ന് ലൈംഗികതയെപ്പറ്റി നമുക്ക് പഠിക്കാനാവുക? തന്റെ ലൈംഗികമായ ഊർജത്തെ ആത്മീയമായി, സാമൂഹികമായി പ്രയോജനപ്പെടുത്താൻ ഗാന്ധിജിയ്ക്കായിരുന്നോ? 'കസ്തൂർബ എന്റെ അമ്മയാണ്' എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടോ? വിശ്വസ്തനായ ഒരു ഭർത്താവായിരുന്നുവോ ഗാന്ധി? ഗാന്ധിജിയ്ക്ക് ജനങ്ങൾക്കിടെ ഇത്രയും സ്വാധീനവും ശക്തിയും എങ്ങനെ കിട്ടി?

ലൈംഗികത ഗാന്ധിജിയുടെ ജീവിതത്തിലേക്ക് കടന്നുവന്നതിനെപ്പറ്റി തന്റെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളി'ൽ ഗാന്ധിജി വിശദമായി പരാമർശിക്കുന്നുണ്ട്. 

ഞാൻ ഇനി വിവരിക്കാൻ പോകുന്നത് എനിക്ക് പതിനാറുവയസ്സു പ്രായമുള്ളപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. അച്ഛനെ ബാധിച്ചിരുന്ന ഫിസ്റ്റുല മൂർച്ഛിച്ച് ആകെ അവശനായി അദ്ദേഹം കിടപ്പായിരുന്നു. അമ്മയും, വീട്ടിലെ ഒരു ജോലിക്കാരനും ഞാനുമായിരുന്നു അച്ഛനെ പരിചരിച്ചുകൊണ്ടിരുന്നത്. അച്ഛന്റെ മുറിവുകളിൽ മരുന്നുവെച്ച് കെട്ടുക, മരുന്നുകൾ സമയാസമയത്ത് നൽകുക, ചില മരുന്നുകൾ തയ്യാർ ചെയ്യുക തുടങ്ങിയവയായിരുന്നു ചെയ്യേണ്ടിയിരുന്നത്. 

mahathma gandhi experiments with celibacy

രാത്രിയാകുമ്പോൾ അച്ഛന് കാൽമുട്ട് വേദനിക്കും. അച്ഛന്റെ കാൽ തിരുമ്മിക്കൊടുത്തിരുന്നത് ഞാനായിരുന്നു. ഏറെനേരം തിരുമ്മി ഒടുവിൽ അച്ഛൻ ഉറങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രമാണ് ഞാൻ ഉറങ്ങാൻ പോയിരുന്നത്. അച്ഛനെ അങ്ങനെ പരിചരിക്കാൻ അവസരം കിട്ടിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ടായിരുന്നു.  എന്റെ ജീവിതം അങ്ങനെ രണ്ടു ഭാഗങ്ങളായി പകുക്കപ്പെട്ടിരുന്നു. സ്‌കൂളിൽ ചെലവിട്ടിരുന്ന സമയം, സ്‌കൂൾ വിട്ടുവന്നാൽ മുഴുവൻ സമയവും അച്ഛനെ പരിചരിക്കൽ. അച്ഛൻ അനുവദിച്ചാൽ മാത്രമാണ് ഞാൻ പുറത്ത് നടക്കാൻ പോലും പോയിരുന്നത്.

അന്ന് എന്റെ ഭാര്യ ഗർഭിണിയായിരുന്നു എന്നത് എന്റെ ജാള്യത ഇരട്ടിപ്പിക്കുന്നു. അച്ഛന്റെ കാലുതടവിക്കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സ് കിടപ്പുമുറിയിലെ കേളികളിൽ വ്യാപരിച്ചുകൊണ്ടിരുന്നു. ആ സമയത്ത് അത്തരത്തിലുള്ള ബന്ധങ്ങൾ പാടില്ല എന്ന് വിലക്കുപോലും ഞങ്ങൾക്കിടയിൽ ഉണ്ട്.

എന്റെ അമ്മാവനും അന്ന് രാജ്‌കോട്ടിലെ ഉണ്ടായിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി വഷളായി എന്ന വിവരം കിട്ടിയാണ് അദ്ദേഹം വന്നതെന്നാണ് ഓർമ്മ. അച്ഛന്റെ മരണം അടുത്തടുത്ത് വന്നുകൊണ്ടിരുന്ന കാലമായിരുന്നു. അതിനിടയിലാണ് ആ നശിച്ച രാത്രി. പത്തുപത്തരയായിക്കാണണം. ഞാൻ അച്ഛന്റെ കാൽമുട്ട് തടവിക്കൊണ്ടിരിക്കുകയായിരുന്നു.

ഇടക്ക് അമ്മാവൻ വന്ന് എനിക്കുപകരം തടവിത്തുടങ്ങി. ഞാൻ നേരെ കിടപ്പുമുറിയിലേക്ക് പോയി. എന്റെ ഭാര്യ, അവൾ ഉറക്കം പിടിച്ചിരുന്നു. ഞാനുള്ളപ്പോൾ അവൾ അങ്ങനെ ഉറങ്ങുന്നതെങ്ങനെ. ഞാൻ അവളെ ഉണർത്തി. നാലഞ്ച് മിനിട്ടു കഴിഞ്ഞപ്പോഴേക്കും വാതിൽക്കൽ മുട്ടുകേട്ടു. കിടക്കയിൽ നിന്ന് പിടഞ്ഞെണീറ്റ് വാതിൽ തുറന്നു. അത് വീട്ടിലെ പരിചാരകനായിരുന്നു. "എന്തുപറ്റി..?" ഞാൻ ചോദിച്ചു. വിറയാർന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു, "അച്ഛൻ, മരിച്ചു മോനെ..!"

ഗാന്ധിജി ഒരേസമയം ലൈംഗികതയുടെ ഇരയും, അതിനെ ജയിച്ചവനുമായിരുന്നു. 1906 -ൽ ഗാന്ധിജി തന്റെ ഭാര്യയുടെ സമ്മതത്തോടെ തന്നെ ബ്രഹ്മചര്യത്തെ തന്റെ ജീവിതവ്രതമാക്കി. അമ്മ എന്നർത്ഥം വരുന്ന 'ബാ' എന്നാണ് അദ്ദേഹം തുടർന്ന് തന്റെ ഭാര്യയെ വിളിച്ചിരുന്നത്. പ്രത്യുത്പാദനത്തിനു വേണ്ടിയല്ലാതെ ലൈംഗികത മൃഗതൃഷ്ണയാണെന്നും അത് മനുഷ്യനിൽ അക്രമപ്രവണത നിറയ്ക്കുമെന്നും കരുതിയിരുന്ന ആളാണ് ഗാന്ധിജി.

mahathma gandhi experiments with celibacy

' ഗാന്ധിജി കസ്തൂർബയ്‌ക്കൊപ്പം ' 

1935 -ൽ ഗാന്ധിജിയെക്കാണാൻ വേണ്ടി ഇന്ത്യയിലേക്ക് വന്ന ഒരു അമേരിക്കൻ കുടുംബാസൂത്രണ വിദഗ്ധയാണ് മാർഗരറ്റ് സാംഗർ. ഇന്ത്യയിലെ പതിനെട്ടോളം നഗരങ്ങൾ ചുറ്റിക്കറങ്ങി ഡോക്ടർമാരോടും ആക്ടിവിസ്റ്റുകളോടും സംസാരിച്ച് കുടുംബാസൂത്രണത്തെപ്പറ്റിയും സ്ത്രീവിമോചനത്തെപ്പറ്റിയും അവരെ ബോധവാന്മാരാക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ വീരനായകനായ ഗാന്ധിജിയെ കാണാൻ വേണ്ടിയും അവർ ചെന്നിരുന്നു. അതേപ്പറ്റിയുള്ള വിശദമായ വിവരണങ്ങൾ രാമചന്ദ്രഗുഹയുടെ 'Gandhi: The years that changed the world, 1914-1948' എന്ന 1129 -പേജുള്ള ജീവചരിത്ര പുസ്തകത്തിലുണ്ട്. ഗാന്ധിജിയുടെ സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയും, ലൈംഗികതയെപ്പറ്റിയും, ആത്മനിയന്ത്രണത്തെപ്പറ്റിയുമൊക്കെയുള്ള കാഴ്ചപ്പാടുകൾ ആ വിവരണങ്ങളിൽ ദർശിക്കാനാകും. 

mahathma gandhi experiments with celibacy

ഗാന്ധിജി മിസ് സാംഗറുമായി വിശദമായ ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. സ്ത്രീകൾ ഭർത്താക്കന്മാരുടെ പ്രലോഭനങ്ങളെ അതിജീവിക്കണമെന്നും, പുരുഷന്മാർ തങ്ങളുടെ മൃഗതൃഷ്ണകളെ അതിജീവിക്കാൻ ശീലിക്കണം എന്നും. രതി പ്രത്യുത്പാദനത്തിനു വേണ്ടിമാത്രമായി ചുരുക്കണം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗാന്ധിജിയോട് മിസ് സാംഗർ തന്റെ നിലപാടുകളും വ്യക്തമാക്കി, "പുരുഷന്മാരെപ്പലെ തന്നെ ഗാഢമായ തൃഷ്ണകളുള്ളവരാണ് സ്ത്രീകളും. ലൈംഗികബന്ധങ്ങളിലൂടെ ആനന്ദം കണ്ടെത്താൻ പുരുഷന്മാർക്കുണ്ടാകുന്ന അതേ ആന്തൽ സ്ത്രീകൾക്കുമുണ്ടാകാറുണ്ട്. പരസ്പരം സ്നേഹിക്കുന്ന, ഭാര്യാഭർത്താക്കന്മാരായി ജീവിക്കുന്ന രണ്ടു പേർക്ക് എങ്ങനെയാണ് വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ കുഞ്ഞുണ്ടാകാൻ വേണ്ടി മാത്രമായോ ഒക്കെ അവരുടെ ലൈംഗിക ബന്ധങ്ങൾ ചുരുക്കാനാവുക?" അവർ ഗാന്ധിജിയോട് ചോദിച്ചു. ഗർഭനിരോധനത്തിന്റെയും കുടുംബാസൂത്രണത്തിന്റെയും ഒക്കെ പുതിയ ശാസ്ത്രീയമാർഗ്ഗങ്ങളെപ്പറ്റി അവർ അന്ന് ഗാന്ധിജിയോട് ചർച്ച ചെയ്തു. എന്നാൽ, ഗാന്ധിജി തന്റെ നിലപാടിൽ നിന്നും ഒട്ടും അയഞ്ഞില്ലത്രേ..!

mahathma gandhi experiments with celibacy

' മിസ് മാർഗരറ്റ് സാംഗർ '

ലൈംഗികത 'കാമാസക്തി' മാത്രമാണെന്നാണ് താൻ കരുതുന്നത് എന്ന് ഗാന്ധിജി അവരോട് തുറന്നു പറഞ്ഞു. കസ്തൂർബയുമായുള്ള തന്റെ ബന്ധത്തിന് ആധ്യാത്മികതയുടെ പവിത്രത കൈവന്നത് കാമത്തോടുള്ള ആസക്തി താൻ പാടെ ത്യജിച്ച ശേഷം മാത്രമായിരുന്നു എന്നദ്ദേഹം പറഞ്ഞു. പതിമൂന്നാം വയസ്സിൽ വിവാഹത്തെ കഴിച്ച് മുപ്പത്തെട്ടാം വയസ്സിൽ ബ്രഹ്‌മചര്യത്തെ ജീവിതവ്രതമാക്കിയ ആളാണ് ഗാന്ധിജി. റായ്‌ചന്ദ് ഭായ് എന്ന ജൈനസന്യാസിയും ലിയോ ടോൾസ്റ്റോയിയുമായിരുന്നു അങ്ങനെയൊരു തീരുമാനത്തിന് വേണ്ട താത്വികമായ നിലപാടുതറയൊരുക്കാൻ അദ്ദേഹത്തെ സഹായിച്ചത്.

മിസ് സാംഗറുമായുള്ള ചർച്ചകളുടെ ഒടുവിൽ ഗാന്ധിജി ചെറുതായി ഒന്നയയുന്നുണ്ട്. ഗർഭനിരോധമാകാം, എന്നാൽ കൂടുതൽ കാമാസക്തി പ്രകടിപ്പിക്കുന്നത് പുരുഷന്മാരാകയാൽ അവർ വേണം വന്ധ്യംകരണത്തിന് വിധേയമാകാൻ, സ്ത്രീകളല്ല, എന്നദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട്. അത് നടപ്പിലാക്കിയ ശേഷമുള്ള ലൈംഗികബന്ധങ്ങളോട് അദ്ദേഹം ആ അവസരത്തിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. താത്കാലികമായുള്ള ഗർഭനിയന്ത്രണോപാധികളോട് ഗാന്ധിജിക്ക് എതിർപ്പുണ്ടായിരുന്നു. അവ സ്ത്രീപുരുഷന്മാരുടെ ശ്രദ്ധ കാമത്തിൽ കുരുക്കിയിടും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

വർഷങ്ങൾക്കു ശേഷം ദക്ഷിണ നവഖാലിയിൽ ഹിന്ദു-മുസ്‌ലീം ലഹളകളുണ്ടായപ്പോൾ ഗാന്ധിജി ഏറെ വിചിത്രമായ ഒരു പരീക്ഷണം നടത്തി. തന്റെ കൊച്ചുമകളുടെ പ്രായമുള്ള, അടുത്ത ബന്ധുവായ മനുവിനോട് തന്റെ കിടക്കയിൽ തന്നോടൊപ്പം ഉറങ്ങാൻ അദ്ദേഹം പറഞ്ഞു. 'തന്റെ ലൈംഗിക നിയന്ത്രണത്തിന്റെ അന്തിമപരീക്ഷയാണ് അദ്ദേഹം അന്നവിടെ നടത്തിയത്' എന്ന് ഗുഹ തന്റെ പുസ്തകത്തിൽ എഴുതുന്നു. "മതങ്ങൾക്കിടയിലെ സ്പർദ്ധയ്ക്കും, തന്റെ ഉള്ളിലെ ബ്രഹ്മചാരിത്വം കാത്തുസൂക്ഷിക്കാനുള്ള നിഷ്ഠയിലുള്ള നേരിയ ഭംഗത്തിനും തമ്മിൽ ബന്ധമുണ്ട് എന്നുള്ള പാപബോധമായിരുന്നു ആദ്ദേഹത്തിന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ" എന്നാണ് ഗുഹ എഴുതിയിട്ടുള്ളത്.

"മനുഷ്യർ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന രീതികളെപ്പറ്റിയുള്ള പരമ്പരാഗതരീതികളിൽ നിന്ന് മാറിചിന്തിച്ചാൽ മാത്രമേ ഈ പരീക്ഷണം എന്തെന്ന് മനസ്സിലാക്കാനാകൂ" എന്നാണ് ഗുഹ ഈ വിമർശനങ്ങൾക്ക് മറുപടിയായി തന്റെ ജീവചരിത്ര പുസ്തകത്തിൽ കുറിച്ചത്. ആഭയോടും മനുവിനോടുമുള്ള ഗാന്ധിജിയുടെ ബന്ധത്തിൽ തെല്ലും കളങ്കമുണ്ടായിരുന്നില്ല. 1906 -മുതൽ താൻ തുടരുന്ന ബ്രഹ്മചര്യവ്രതത്തിന്റെ ശക്തി പരീക്ഷിക്കുക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. സ്വന്തം ലൈംഗികതയിന്മേൽ പൂർണനിയന്ത്രണം ആർജ്ജിച്ച ശേഷം മാത്രമേ അത് ശീലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടാനാകൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തന്റെ ഈ പരീക്ഷണത്തെപ്പറ്റി അനുയായികളോട് ഗാന്ധിജി അന്നുതന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്നുതന്നെ ഗാന്ധിജിയെ അടുത്തറിയുന്നവർ പലരും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ തുടർന്നും നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. അടുത്തറിയാത്തവർ ചിലപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിക്കുമേൽ ആക്ഷേപങ്ങൾ ഉന്നയിക്കും എന്നുള്ളതായിരുന്നു അവർ ചൂണ്ടിക്കാണിച്ച കാരണം. ഈ പരീക്ഷണം ചില അനുയായികൾ ഗാന്ധിജിയെ വിട്ടുപോകുന്നതിലേക്ക് വരെ നയിച്ചിരുന്നു.

ഈ പരീക്ഷണം നടത്തുമ്പോൾ ഗാന്ധിജി തന്റെ ബ്രഹ്മചര്യത്തിന്റെ നാല്പതാമാണ്ടിലേക്ക് കടന്നിട്ടുണ്ടായിരുന്നു. ഏറെ കഠിനമായിരുന്നു അതിലുള്ള അദ്ദേഹത്തിന്റെ നിഷ്ഠ. ആ നിഷ്ഠയിലും, ഇനി തന്റെ ബ്രഹ്മചര്യത്തിലുള്ള ചാഞ്ചല്യം കൊണ്ടാണോ, അത് രാജ്യത്തിൻറെ സാമൂഹികാരോഗ്യത്തിൽ പ്രതിഫലിക്കുന്നത് എന്നുള്ള സന്ദേഹങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു അവസാനകാലത്ത്. ഗാന്ധിജിയുടെ ജീവിതത്തെയും എഴുത്തുകളെയും അടുത്തറിഞ്ഞിട്ടുള്ള, പഠിക്കാൻ ശ്രമിച്ചിട്ടുളളവർ ഒക്കെയും ഒരേസ്വരത്തിൽ പറഞ്ഞിട്ടുള്ളത്, വ്യക്തിജീവിതത്തിൽ ഗാന്ധിജിയെപ്പോലെ അച്ചടക്കവും സംയമവും പാലിക്കാൻ സാധിക്കുക ഒരു പക്ഷേ, സർവ്വസംഗപരിത്യാഗികളായ സന്യാസിമാർക്ക് മാത്രമാവും എന്നാണ്. വിക്ടോറിയൻ സദാചാര സങ്കല്പങ്ങളിൽ അല്ലായിരുന്നു, വേദിക് ഹൈന്ദവ തത്വശാസ്ത്രങ്ങളിലായിരുന്നു ഗാന്ധിജിയുടെ സദാചാരസംഹിതകൾ അടിവേരുറപ്പിച്ചിരുന്നത്.

സ്ത്രീകളുടെ  ഫാഷൻ ഭ്രമത്തെയും, അവരെ അടിച്ചമർത്തുന്ന മതപരമായ വസ്ത്രനിയന്ത്രണങ്ങളെയും ഒരുപോലെ എതിർത്തിരുന്നു ഗാന്ധിജി. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ആദ്യപരിഗണന നൽകേണ്ടത് ഫാഷനോ, മതനിഷ്ഠകൾക്കോ അല്ല അവരുടെ ആരോഗ്യത്തിനാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. പാശ്ചാത്യ രാഷ്ട്രീയലോകത്തു പോലും സ്ത്രീകളുടെ സാന്നിധ്യം പേരിനുമാത്രമായിരുന്ന കാലത്താണ് അദ്ദേഹം സരോജിനി നായിഡുവിനെ കോൺഗ്രസിനെ നേതൃത്വം ഏൽപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സമരങ്ങളുടെയെല്ലാം മുൻനിരയിൽ തന്നെ സ്ത്രീകൾ നിരവധിയുണ്ടായിരുന്നു. ഇന്നത്തെക്കാലത്ത് ഒരുപക്ഷേ, ഗാന്ധിജി സ്ത്രീകളെപ്പറ്റി പറഞ്ഞതും എഴുതിയതുമൊക്കെ ഒരല്പം സ്ത്രീവിരുദ്ധം എന്നുതന്നെ തോന്നാമെങ്കിലും, അന്നത്തെ കാലത്ത് ഗാന്ധിജി എന്നും പ്രവർത്തിച്ചിട്ടുള്ളത് സ്ത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി മാത്രമാണ്.

mahathma gandhi experiments with celibacy

' ഗാന്ധിജി മനുവിനും ആഭയ്ക്കും ഒപ്പം '

ഗാന്ധിജി തീർച്ചയായും ഏറെ സങ്കീർണ്ണമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. "സത്യം എന്റെയുള്ളിൽ ജന്മനായുണ്ടായിരുന്നു. അഹിംസ ഞാൻ ഏറെ പണിപ്പെട്ട് സ്വായത്തമാക്കിയ ഒന്നാണ്. ബ്രഹ്മചര്യം ജീവിതവ്രതമാക്കാൻ ഞാൻ ഇന്നും പണിപ്പെടുകയാണ്..." എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. അദ്ദേഹം ഒരിക്കലും എല്ലാം തികഞ്ഞ ഒരു ബിംബമായിരുന്നില്ല. ഏറെ ന്യൂനതകളുള്ള ഒരു സാധാരണമനുഷ്യനായിരുന്നു. പക്ഷേ, അതേസമയം അക്ഷരാർത്ഥത്തിൽ ഒരു ആചാര്യൻ തന്നെയായിരുന്നു ഗാന്ധിജി. പറഞ്ഞതൊക്കെയും പ്രവർത്തിച്ചു കാട്ടി, പ്രവർത്തിക്കാനാകുന്നത് മാത്രം പറയാൻ ശ്രമിച്ചു. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് അദ്ദേഹം വളരെ ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്.

ഗാന്ധിജി  അന്നത്തെ സാഹചര്യത്തിൽ പറഞ്ഞതിനെയും, എഴുതിവെച്ചതിനെയും, പ്രവർത്തിച്ചതിനെയും ഇന്നത്തെ സദാചാരത്തിന്റെ മുഴക്കോലുകൾ കൊണ്ട് അളന്നുകൊണ്ട് ഗാന്ധിജിയെ ഒരു ലൈംഗിക അരാജകവാദി എന്നു വിളിക്കുന്നതും, അദ്ദേഹത്തിന്റെ സാന്മാർഗ്ഗികതയ്ക്ക് നേരെ ആരോപണങ്ങൾ ഉയർത്തിവിടുന്നതുമൊക്കെ തീർത്തും അനുചിതമായിരിക്കും എന്നുതന്നെ പറയേണ്ടി വരും.  

 

References :  

1. Gandhi and Celibacy- Stanzin Dawa.
2. Gandhi 1914-1948: The Years That Changed the World - Ramachandra Guha
3. My experiments with truth -    M K Gandhi 

 

Latest Videos
Follow Us:
Download App:
  • android
  • ios