കള്ളൻ കൊള്ളാം, മോഷ്ടിക്കാൻ ചെന്നപ്പോൾ എസി ഓണാക്കി ഉറങ്ങിപ്പോയി, പിന്നെ നടന്നത്
നന്നായി മദ്യപിച്ച കള്ളൻ എസി കണ്ടതോടെ അത് ഓണാക്കി അവിടെ കിടക്കുകയായിരുന്നു. എന്നാൽ, മദ്യപിച്ചതും തണുപ്പും ഒക്കെ കാരണം ഇയാൾ ഉറങ്ങിപ്പോവുകയായിരുന്നത്രെ.
കള്ളന്മാർ വളരെ സൂക്ഷ്മനിരീക്ഷണമുള്ളവരും ജാഗ്രതയോടെയിരിക്കുന്നവരും ആയിരിക്കുമെന്നാണ് നമ്മുടെ ഒരു ധാരണ. എന്നാൽ, എല്ലാ കള്ളന്മാരും അങ്ങനെയല്ല. അത് തെളിയിക്കുന്ന അനേകം അനേകം സംഭവങ്ങൾ ഓരോ ദിവസവും നടക്കുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് ഇതാ.
സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. ഈ കള്ളന് സംഭവിച്ച അബദ്ധം കേട്ടാൽ ആരായാലും ചിരിച്ചു പോകും. കള്ളനാണെങ്കിലും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്നും പറഞ്ഞുപോകും. ലഖ്നൗവിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയതാണ് കള്ളൻ. പുറത്ത് നല്ല ചൂടാണെന്ന് തോന്നുന്നു. അകത്ത് കയറിയ കള്ളൻ എസിയുടെ തണുപ്പിൽ കിടന്ന് ഉറങ്ങിപ്പോയി.
സുഖമായി ഉറങ്ങുന്ന കള്ളനെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. നന്നായി മദ്യപിച്ച കള്ളൻ എസി കണ്ടതോടെ അത് ഓണാക്കി അവിടെ കിടക്കുകയായിരുന്നു. എന്നാൽ, മദ്യപിച്ചതും തണുപ്പും ഒക്കെ കാരണം ഇയാൾ ഉറങ്ങിപ്പോവുകയായിരുന്നത്രെ.
ലഖ്‌നൗവിലെ ഇന്ദിരാനഗർ പ്രദേശത്തുള്ള വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ ഇയാൾ കയറിയത്. വാരണാസിയിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡെ എന്നയാളുടേതാണ് ഈ വീട്. വീട് ആളൊഴിഞ്ഞ് കിടക്കുകയാണ് എന്നറിഞ്ഞ് വീടിൻ്റെ മുൻവശത്തെ ഗേറ്റ് തുറന്ന് കള്ളൻ അകത്ത് കയറുകയായിരുന്നു.
വീടിന്റെ ഡ്രോയിംഗ് ഏരിയയിലാണ് എസി കണ്ടത്. അതും ഓൺ ചെയ്ത് നിലത്ത് ഒരു കുഷ്യനിൽ തലയും വച്ചാണ് ഇയാൾ കിടന്നുറങ്ങിയത്. മെയിൻ ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ട് അയൽക്കാരാണ് ഡോ. പാണ്ഡെയെ വിളിച്ചത്. പാണ്ഡെ നേരെ പൊലീസിനെയും വിളിച്ചു. പൊലീസെത്തി അകത്ത് കയറി പരിശോധിച്ചപ്പോൾ ഇയാൾ കിടന്നുറങ്ങുന്നതാണ് കണ്ടത്.
മോഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇയാൾ അകത്ത് കടന്നതെന്നും, എന്നാൽ ഉറങ്ങിപ്പോയതിനാൽ അതിന് സാധിച്ചില്ല എന്നും ഡിസിപി നോർത്ത് സോൺ ആർ വിജയ് ശങ്കർ എസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം