മൃതദേഹം ഒഴുകി നടക്കുന്നെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ട കാഴ്ച, ഞെട്ടി നാട്ടുകാരും
തടാകത്തിൻറെ അടുത്തുള്ളവരാണ് മണിക്കൂറുകളായി ഒരു ശരീരം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്. മണിക്കൂറുകളായിട്ടും യുവാവ് കരയിലേക്ക് കയറാത്തതുകൊണ്ട് നാട്ടുകാർ ഉറപ്പിച്ചു, ഇത് ആരോ മരിച്ചത് തന്നെ.
തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഒരു തടാകത്തിൽ ഒരു യുവാവിന്റെ മൃതദേഹം ഒഴുകി നടക്കുന്നു എന്ന് വിവരം കിട്ടിയതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, മൃതദേഹത്തിന് പകരം കരയിലേക്ക് കയറി വന്നത് ജീവനുള്ള ഒരു യുവാവ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
തടാകത്തിൻറെ അടുത്തുള്ളവരാണ് മണിക്കൂറുകളായി ഒരു ശരീരം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്. മണിക്കൂറുകളായിട്ടും യുവാവ് കരയിലേക്ക് കയറാത്തതുകൊണ്ട് നാട്ടുകാർ ഉറപ്പിച്ചു, ഇത് ആരോ മരിച്ചത് തന്നെ. അങ്ങനെയാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോഴാകട്ടെ കരയിലേക്ക് കയറി വരുന്നു നീല ജീൻസ് ധരിച്ച്, ഷർട്ടൊന്നും ധരിക്കാതെ ഒരു യുവാവ്.
ചൂടിൽ നിന്നും ആശ്വാസം നേടാനായിട്ടാണ് മണിക്കൂറുകൾ യുവാവ് വെള്ളത്തിൽ ചെലവഴിച്ചത് എന്നാണ് കരുതുന്നത്. നെല്ലൂർ ജില്ലയിലെ കാവലി സ്വദേശിയായ തൊഴിലാളിയാണ് ഇയാൾ. "ഞാൻ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഒരു കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യുകയാണ്" എന്നാണ് യുവാവ് പറഞ്ഞത്. കൂലി തരുന്നുണ്ടെങ്കിലും തന്നെ അവർ ചൂഷണം ചെയ്യുകയാണ് എന്നും ഈ ചൂടിൽ എങ്ങനെ ജോലി ചെയ്യും, ചൂട് കൊണ്ട് കഷ്ടപ്പെട്ടിട്ടാണ് തടാകത്തിലിറങ്ങി വിശ്രമിച്ചത് എന്നും യുവാവ് പറഞ്ഞത്രെ. അതേസമയം യുവാവ് മദ്യപിച്ചിരുന്നു എന്നും പറയുന്നുണ്ട്.
നെല്ലൂർ ജില്ലയിലെ കാവലി സ്വദേശിയാണ് യുവാവ് എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും, മൃതദേഹമെന്ന് കരുതിയയാൾ ജീവനോടെ വെള്ളത്തിൽ നിന്നും പുറത്ത് വന്നതോടെ നാട്ടുകാരും ഒന്ന് ഞെട്ടി. പൊലീസെത്തിയപ്പോൾ യുവാവ് വെള്ളത്തിൽ നിന്നും പുറത്ത് വരുന്നതിന്റെ വീഡിയോ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.