കൊവിഡ് 19 അനുഗ്രഹമായി; ഇറാനിലെ ജയിലിൽ നിന്ന് മോചിതയായ നാസ്‌നിന് ഇനി മകളെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാം...!

ഒരു ഭ്രാന്തിയായി മാറാതിരിക്കാൻ തന്നെ സഹായിച്ചത് രണ്ടാഴ്ച കൂടുമ്പോഴുള്ള മകളുടെ സന്ദർശനത്തിനായുള്ള കാത്തിരിപ്പായിരുന്നു എന്ന് നാസ്‌നിൻ പറഞ്ഞു. 

COVID 19 helps Nazanin Zaghari Radcliffe get released temporarily

ദീർഘകാലത്തെ കാരാഗൃഹവാസത്തിനു ശേഷം ബ്രിട്ടീഷ്-ഇറാനിയൻ അന്താരാഷ്ട്ര പത്രപ്രവർത്തക നാസ്‌നിൻ സഗാരി റാറ്റ്ക്ലിഫിനെ ഇറാൻ താത്കാലികമായി ജയിൽ മോചിതയാക്കിയിരിക്കുകയാണ്.  കൊവിഡ് 19 ബാധ ഇറാനിലെ ജയിലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതാണ് കാരണം. ടെഹ്‌റാൻ ജയിലിൽ നിന്ന് മോചിതയായി എങ്കിലും വീട്ടുതടങ്കലിൽ തന്നെ കഴിയേണ്ടി വരും നാസ്‌നിന്. കാലിൽ ഒരു 'ആങ്കിൾ ടാഗ്' ധരിക്കേണ്ടി വരും, ടെഹ്റാനിലെ കുടുംബവീടിന് 300 മീറ്റർ പരിധിക്കുള്ളിൽ തന്നെ കഴിയേണ്ടിയും വരും. 
 

COVID 19 helps Nazanin Zaghari Radcliffe get released temporarily

'2018 -ൽ മൂന്നു ദിവസത്തെ മോചനം കിട്ടിയപ്പോൾ നാസ്‌നിൻ ഗബ്രിയേലയോടൊപ്പം' 


കഴിഞ്ഞ ആഴ്ചകളിൽ 85,000 തടവുകാരെ ഇറാൻ കൊവിഡ് 19 കാരണം താത്കാലികമായി ദീർഘകാല പരോൾ നൽകി വിട്ടയച്ചിരുന്നു. 2016 -ലാണ് 46 കാരിയായ നാസ്‌നിൻ ദേശദ്രോഹ-ചാരപ്രവർത്തന കുറ്റങ്ങൾ ആരോപിക്കപ്പെട്ട ടെഹ്റാനിൽ വെച്ച് അറസ്റ്റിലാകുന്നത്. തന്റെ മകളെയും കൂട്ടി അച്ഛനമ്മമാർക്കൊപ്പം ഇറാനിയൻ പുതുവർഷമായ നൗറ ആഘോഷിക്കാൻ വേണ്ടി വന്നപ്പോഴായിരുന്നു നാസ്‌നിന്റെ അറസ്റ്റ്. നാസ്‌നിൻ അറസ്റ്റു ചെയ്യപ്പെടുമ്പോൾ ഗബ്രിയേലയുടെ മുലകുടി മാറിയിട്ടുണ്ടായിരുന്നില്ല. 22 മാസം മാത്രം പ്രായമുണ്ടായിരുന്ന ഗബ്രിയേലയെ ആദ്യമായി അവളുടെ അപ്പൂപ്പനെയും അമ്മൂമ്മയേയും കാണിക്കാൻ വേണ്ടി ജന്മനാട്ടിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു ഈ അറസ്റ്റുണ്ടായത്. 

"കാലിൽ ഒരു ടാഗ് അവർ ഇട്ടുതന്നിട്ടുണ്ടെങ്കിലും, സ്വാതന്ത്ര്യം പരിമിതമാണ് എങ്കിലും, ഞാനിന്ന് സന്തോഷവതിയാണ്. ആ നരകത്തിൽ നിന്നുള്ള ഈ മോചനം എന്നെന്നേക്കുമല്ല എന്നറിയാം എങ്കിലും, അവിടത്തെ താമസം ഏല്പിച്ച മനസികാഘാതങ്ങളിൽ നിന്ന് ഒന്ന് തിരിച്ചുവരാൻ ഇതുപകരിച്ചേക്കും " എന്ന് നാസ്‌നിൻ പറഞ്ഞു. ജയിലിനുള്ളിൽ തുടർച്ചയായ പാനിക് അറ്റാക്കുകളും കടുത്ത വിഷാദരോഗവും അനുഭവിച്ച് ഏറെ പ്രയാസങ്ങൾ അവർ അനുഭവിക്കുകയുണ്ടായി. 

COVID 19 helps Nazanin Zaghari Radcliffe get released temporarily

'നാസ്‌നിൻ  ടെഹ്റാനിലെ ജയിൽവാസത്തിനിടെ'


അറസ്റ്റു ചെയ്യപ്പെടുമ്പോൾ, നാസ്‌നിൻ സഗാരി റാറ്റ്ക്ലിഫ് തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷനിലെ പ്രോജക്റ്റ് മാനേജർ ആയിരുന്നു. ബിബിസിയിൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച നാസ്‌നിൻ പിന്നീട് റോയിട്ടേഴ്സിലേക്കും, അവിടെ നിന്ന് തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ എന്ന ചാരിറ്റിയിലേക്കും മാറുകയായിരുന്നു. 

ഇന്ന് ഗബ്രിയേലയ്ക്ക് അഞ്ചു വയസ്സായി. കഴിഞ്ഞ അഞ്ചുകൊല്ലവും മറ്റുകുട്ടികളെപ്പോലെ അമ്മയെ കാണാനോ അമ്മയുടെ സ്നേഹവും കരുതലും അനുഭവിക്കാനോ അവൾക്ക് സാധിച്ചിട്ടില്ല. ഒരു ഭ്രാന്തിയായി മാറാതിരിക്കാൻ തന്നെ സഹായിച്ചത് രണ്ടാഴ്ച കൂടുമ്പോഴുള്ള മകളുടെ സന്ദർശനത്തിനായുള്ള കാത്തിരിപ്പായിരുന്നു എന്ന് നാസ്‌നിൻ പറഞ്ഞു. തന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ ഒക്കെയും കെട്ടിച്ചമച്ചതാണ് എന്നും, റോയിട്ടേഴ്സിൽ പോലും തനിക്ക് പ്രോജക്റ്റ് മാനേജരുടെ ചുമതലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും, ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന നയതന്ത്ര യുദ്ധങ്ങളുടെ പേരിൽ താൻ ഇരയാക്കപ്പെടുകയാണുണ്ടായത് എന്നും നാസ്‌നിൻ പറഞ്ഞു. 

COVID 19 helps Nazanin Zaghari Radcliffe get released temporarily

'റാഡ്ക്ലിഫ് ദമ്പതികൾ ഗബ്രിയേലക്ക് ഒരു വയസ്സുള്ളപ്പോൾ' 


എന്നാൽ ഇറാന്റെ റെവല്യൂഷനറി ഗാർഡ്‌സ് പറയുന്നത് ഇറാനെതിരെ വിദേശമണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന വിഘടനവാദ നെറ്റ്വർക്കുകളുടെ പിണിയാളാണ് നാസ്‌നിൻ എന്നാണ്. വളരെ ആഴത്തിൽ നടത്തപ്പെട്ട ഒരു ഇന്റലിജൻസ് ഓപ്പറേഷനിലൂടെയാണ് ഇറാന്റെ ഭരണത്തെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലുള്ള നാസ്‌നിന്റെ റോളിനെപ്പറ്റി വിവരം കിട്ടിയത് എന്നും ഇറാനിയൻ ഇന്റലിജൻസ് പറഞ്ഞു. ഇറാനിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത്, മലേഷ്യ, ഇന്ത്യ പോലുളള രാജ്യങ്ങളിൽ കൊണ്ടുചെന്നു പരിശീലനം നൽകി, ഇറാനിലേക്ക് തിരിച്ചയച്ച് അവിടത്തെ തെരുവുകളിൽ ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഒരു വിദേശ നെറ്റ്‌വർക്കിന്റെ ഭാഗമാണ് നാസ്‌നിൻ എന്നാണ് ഇറാന്റെ ആരോപണം.

COVID 19 helps Nazanin Zaghari Radcliffe get released temporarily 


എന്നാൽ നാസ്‌നിന്റെ ഭർത്താവായ റിച്ചാർഡ് റാറ്റ്ക്ലിഫ് പറയുന്നത് തന്റെ പത്നിക്ക് മേല്പറഞ്ഞതുമായി യാതൊരു ബന്ധവുമില്ല എന്നും, അതൊക്കെ ഇറാനിയൻ സർക്കാരിനും നല്ല അറിവുള്ളതുതന്നെയാണ് എന്നുമാണ്. അദ്ദേഹം നാസ്‌നിന്റെ ജയിൽവാസത്തെ ബന്ധിപ്പിക്കുന്നത് ഇറാനും യുകെയും തമ്മിൽ നിലനിൽക്കുന്ന ഒരു പഴയ സംഘർഷത്തോടാണ്. 1971 -ൽ അന്നത്തെ ഷാ ഭരണകൂടം ബ്രിട്ടീഷ് ആയുധ നിർമാണ കമ്പനിയായ ഇന്റർനാഷണൽ മിലിറ്ററി സർവീസസുമായി, കവചിത സൈനിക വാഹനങ്ങൾക്കായി കരാർ ഒപ്പിട്ടു. 650 മില്യൺ പൗണ്ടും അദ്ധ്വാൻസ് ആയി നൽകി. എന്നാൽ, ഈ കരാർ ഒപ്പിട്ടതിനു പിന്നാലെ ഷാ ഭരണകൂടം തകർന്നു. അതോടെ കരാർ പാതി വഴി നിന്നു. ഡെലിവറി ചെയ്യപ്പെടാതിരുന്ന വാഹനങ്ങളുടെ പണം തിരികെ നൽകണം എന്ന് അന്നുമുതൽ ഇറാൻ യുകെയോട് ആവശ്യപ്പെടുന്നതാണ്. അതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ കേസിലാണ് ചെന്നെത്തിയത്. ദീർഘകാലം കേസുനടന്നു. ഒടുവിൽ കേസിൽ ഇറാന് അനുകൂലമായി വിധി വന്നു. IMS ഇറാന് നൽകാനുള്ള 500 മില്യൺ പൗണ്ട് കോർട്ട് ഫണ്ട്സ് ഓഫീസിൽ കെട്ടിവെക്കുകയും ചെയ്തു. എന്നാൽ, ഇറാനെതിരെ നിലനിൽക്കുന്ന ഉപരോധങ്ങൾ കാരണം ആ പണം ഇതുവരെ ഇറാന് വിട്ടുകിട്ടിയില്ല. 

ഇറാനെ ചൊടിപ്പിച്ച ഒരു പെരുമാറ്റം അതിനിടെ ബ്രിട്ടീഷ് സർക്കാരിൽ നിന്നുണ്ടായി. ആയുധ നിർമാണ കമ്പനി തിരിച്ചടച്ച ഈ പണം ഇറാന്റെ അക്കൗണ്ടിലേക്ക് എത്തുന്നത് വേഗത്തിലാക്കാൻ 2013 -ൽ ബ്രിട്ടനിലേക്ക് ചെന്ന ഇറാനിയൻ പൗരന്മാരെ അവർ വിസ റദ്ദാക്കി, കുറച്ചു ദിവസത്തിനകം തിരികെ ഡീപോർട്ട് ചെയ്തുകളഞ്ഞു. ഇത് ഇറാന് കാര്യമായ നീരസം ഉണ്ടാക്കി. തത്തുല്യമായ ഒരു കേസിൽ ഇറാൻ അമേരിക്കയിൽ നിന്ന് ഏകദേശം 400 മില്യൺ ഡോളർ ഈടാക്കിയത് നാൾ ഇറാനിയൻ അമേരിക്കൻ അന്താരാഷ്ട്ര പത്രപ്രവർത്തകർക്കെതിരെ സമാനമായ കേസുകൾ ചാർജ്ജ് ചെയ്ത ജയിലിൽ അടച്ച് വിലപേശിയായാണ്. അതേ തന്ത്രം തന്നെയാണ് ഇറാൻ ബ്രിട്ടനെതിരെയും ശ്രമിക്കുന്നത് എന്ന് റിച്ചാർഡ് പറഞ്ഞു. ജയിലിൽ വെച്ച് തന്റെ പത്നിയെ ചോദ്യം ചെയ്ത മിലിട്ടറി ഏജന്റുമാർ ഈ വിഷയം പറഞ്ഞിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. 

COVID 19 helps Nazanin Zaghari Radcliffe get released temporarily

 

തിരികെ നൽകിയാൽ, ഇറാനിയൻ സർക്കാർ ഈ പണം യെമൻ, സിറിയ, ലെബനൻ തുടങ്ങിയ പ്രദേശങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു കളയും എന്ന ആശങ്കപ്പുറത്താണ് അങ്ങനെ ചെയ്യാത്തതെന്ന് യുകെ ഗവൺമെന്റിലെ ചില ഉന്നതാധികാരികൾ അനൗദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. യുകെയിലെ ഹൈക്കോടതി 2019 മെയ് ഈ പണം തിരികെ നൽകാനുള്ള അവസാന തീയതിയാണ് നിജപ്പെടുത്തിയിരുന്നു എങ്കിലും യുകെ പല സാങ്കേതിക കാരണങ്ങളും നിരത്തി തിരിച്ചടവ് പിന്നെയും നീട്ടുകയായിരുന്നു. 

2016 മെയിൽ റിച്ചാർഡ്  നാസ്‌നിന്റെ മോചനത്തിനായി ഒരു ഓൺലൈൻ പെറ്റിഷൻ ഫയൽ ചെയ്തിരുന്നു. അതിൽ അദ്ദേഹം തന്റെ പത്നിയുടെയും കുഞ്ഞിന്റെയും മോചനത്തിനായി യുകെയിലെ പ്രധാനമന്ത്രിയോടും, ഇറാനിലെ ഭരണകൂടത്തോടും ഒരുപോലെ കേണപേക്ഷിച്ചിരുന്നു. ഇത് തന്നെ ആവശ്യപ്പെട്ട് 2019 ജൂണിൽ നാസ്‌നിൻ ജയിലിൽ നിരാഹാര സത്യാഗ്രഹവും നടത്തുകയുണ്ടായി. ജയിലിനുള്ളിൽ നാസ്‌നിനും ലണ്ടനിലെ ഇറാനിയൻ എംബസിക്ക് പുറത്തായി റിച്ചാർഡും സമാന്തരമായി നടത്തിയ സമരം 15 ദിവസത്തോളം നീണ്ടു നിന്നു. 

കൊവിഡ് 19 ഇറാനിൽ പടർന്നു പിടിച്ചപ്പോൾ ടെഹ്‌റാൻ ജയിലിനുള്ളിൽ അത് വ്യാപകമായി ബാധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആ സമയത്താണ് നാസ്‌നിനും രോഗം ബാധിച്ചിട്ടുണ്ട് എന്ന് റിച്ചാർഡ് പറഞ്ഞത്. എന്നാൽ, അന്ന് അത് നിഷേധിച്ച ഇറാൻ അധികാരികൾ, ദിവസങ്ങൾക്കു ശേഷം മറ്റു തടവുകാർക്കൊപ്പം നാസ്‌നിനെയും താത്കാലികമായി മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ കുഞ്ഞിന്റെ അമ്മയുടെ താത്കാലിക വിമോചനം എങ്ങനെ സ്ഥിരമാക്കാം, എങ്ങനെ അവരെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തി തന്നോടൊപ്പം ലണ്ടനിലേക്ക് തിരികെ കൊണ്ടുപോകാം എന്നുള്ള ആലോചനയിലാണ് യുകെയിൽ അക്കൗണ്ടന്റ് ആയ ഭർത്താവ് റിച്ചാർഡ് റാറ്റ്ക്ലിഫ് ഇപ്പോൾ. 

Latest Videos
Follow Us:
Download App:
  • android
  • ios