പ്ലാസ്റ്റിക് കൂടിൽ കെട്ടിയനിലയിൽ കരടിയുടെ ജഡം; അമ്പരന്ന് പൊലീസ്
വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന നിലയിൽ കണ്ടെത്തിയ ബാഗ് തുറന്നു നോക്കിയപ്പോഴാണ് പൊലീസ് അതിനുള്ളിൽ ഒരു മൃഗത്തിൻറെ ശരീരഭാഗങ്ങൾ കണ്ടത്. ആദ്യപരിശോധനയിൽ ഇത് ഒരു നായയുടേതാണെന്നാണ് കരുതിയത്.
ഹീനമായ നിരവധി കുറ്റകൃത്യങ്ങളാണ് ഓരോ ദിവസവും ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാൻ ക്രിമിനലുകൾ നടത്തുന്ന പ്രവൃത്തികൾ പലപ്പോഴും നമ്മെ ഭയപ്പെടുത്താറുണ്ട്. പ്ലാസ്റ്റിക് കവറുകളിലും മറ്റും കണ്ടെത്തിയ മൃതദേഹങ്ങളുടെ ഉദാഹരണങ്ങളും വിരളമല്ല. സമാനമായ രീതിയിൽ എല്ലാവരെയും അമ്പരപ്പിക്കുന ഒരു കുറ്റകൃത്യത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു.
വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള വിർജീനിയയിലെ ആർലിംഗ്ടണിൽ ആണ് ഈ സംഭവം നടന്നത്. മെയ് 31 -ന്, ചത്ത മൃഗത്തിൻ്റെ ശരീരഭാഗങ്ങൾ ഉള്ള ഒരു പ്ലാസ്റ്റിക് ബാഗ് പൊലീസ് കണ്ടെത്തി. ഇത് ഒരു നായയുടെ മൃതദേഹം ആണെന്നാണ് ഉദ്യോഗസ്ഥർ ആദ്യം കരുതിയത്. എന്നാൽ, തുടരന്വേഷണത്തിലാണ് അത് അങ്ങനെയല്ല എന്ന് കണ്ടെത്തിയത്.
വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന നിലയിൽ കണ്ടെത്തിയ ബാഗ് തുറന്നു നോക്കിയപ്പോഴാണ് പൊലീസ് അതിനുള്ളിൽ ഒരു മൃഗത്തിൻറെ ശരീരഭാഗങ്ങൾ കണ്ടത്. ആദ്യപരിശോധനയിൽ ഇത് ഒരു നായയുടേതാണെന്നാണ് കരുതിയത്. എന്നാൽ, തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതൊരു നായയുടേതല്ല കറുത്ത കരടിയുടേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് കേസിൽ ഇടപെട്ട അനിമൽ വെൽഫെയർ ലീഗ്, ഇത് ഒരു സാധാരണ സംഭവമല്ലെന്ന് വെളിപ്പെടുത്തുകയും വിശദമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിഷയം വഷളായതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വിർജീനിയ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ (VDOT) കരാറെടുത്ത ഒരു കമ്പനി രംഗത്തെത്തി. പ്രിൻസ് വില്യം കൗണ്ടിയിൽ വെച്ച് തങ്ങളുടെ വാഹനം തട്ടിയാണ് കരടി മരണപ്പെട്ടതെന്നും തുടർന്ന് തങ്ങളുടെ തൊഴിലാളികൾ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കമ്പനി പറയുന്നത്.
എന്നാൽ, കരടി എങ്ങനെ ചത്തുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആർലിംഗ്ടണിലെ ആനിമൽ വെൽഫെയർ ലീഗ് വക്താവ് പറഞ്ഞു. കരടിയെ കൊന്നതെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
(ചിത്രം പ്രതീകാത്മകം)