ഡെൽഹി മെട്രോയിൽ സ്ത്രീകളുടെ പാട്ടും ഡാൻസും, ആ വൈറൽ വീഡിയോ കണ്ടത് 5 മില്ല്യണിലധികം പേർ
മെട്രോയിൽ വേറെയും കുറേ യാത്രക്കാർ ഉണ്ട്. അവർ സ്ത്രീകളുടെ നൃത്തം കൗതുകത്തോടെയും ചിരിയോടെയും വീക്ഷിക്കുന്നതും കാണാം.
പലവിധ കാഴ്ചകൾ കൊണ്ട് എല്ലായ്‍പ്പോഴും അമ്പരപ്പിക്കാറുള്ള ഒന്നാണ് ഡെൽഹി മെട്രോ. 'എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ' എന്ന് ചോദിപ്പിക്കുന്ന തരത്തിലുള്ള അനേകം കാഴ്ചകൾ മെട്രോയിൽ നിന്നും പകർത്തുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ മറ്റൊരു വീഡിയോയാണ് ഡെൽഹി മെട്രോയിൽ നിന്നും വൈറലാവുന്നത്.
ദില്ലി മെട്രോയിൽ സ്ത്രീകളുടെ കോച്ചിൽ ഒരുകൂട്ടം സ്ത്രീകൾ പാട്ടു പാടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു പരമ്പരാഗത ഗാനം പാടിക്കൊണ്ടാണ് ഒരുകൂട്ടം സ്ത്രീകൾ മെട്രോയിൽ നൃത്തം ചെയ്യുന്നത്. അതിനിടയിൽ ഒരു സ്ത്രീ നൃത്തം ചെയ്യുന്നത് നിർത്തി മറ്റ് സ്ത്രീകളെയും നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്നതും കാണാം.
മെട്രോയിൽ വേറെയും കുറേ യാത്രക്കാർ ഉണ്ട്. അവർ സ്ത്രീകളുടെ നൃത്തം കൗതുകത്തോടെയും ചിരിയോടെയും വീക്ഷിക്കുന്നതും കാണാം. 'ഡെൽഹി മെട്രോ നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. എന്തായാലും, ഈ വീഡിയോ കുറേപ്പേർക്ക് ഇഷ്ടപ്പെട്ടു എന്നാണ് അതിന്റെ കമന്റുകളിൽ നിന്നും മനസിലാവുന്നത്. 'ഇതിൽ അശ്ലീലമൊന്നുമില്ല, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാവാതെ അവർ ആസ്വദിക്കട്ടെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
മറ്റൊരാൾ കമന്റ് നൽകിയത്, 'ലേഡീസ് സംഗീത് കോച്ച്' എന്നാണ്. എന്നാൽ, മെട്രോയിൽ പാട്ടും നൃത്തവും അനുവദനീയമല്ല എന്നും ഈ യാത്രക്കാർക്കെതിരെ കർശന നടപടി തന്നെ എടുക്കണം എന്നും കമന്റ് നൽകിയവരുണ്ട്. ഒരാൾ കമന്റ് നൽകിയത്, 'ഡൽഹി മെട്രോയ്ക്കുള്ളിൽ പാട്ടും നൃത്തവും അനുവദനീയമല്ല. കർശനമായ നടപടി തന്നെ ഇവർക്കെതിരെ എടുക്കേണ്ടതുണ്ട്' എന്നാണ്. മറ്റൊരാൾ എഴുതിയത്, 'ഇതൊക്കെയാണ് വിദ്യാഭ്യാസം വേണ്ടതിന്റെ ആവശ്യകത' എന്നാണ്.