ഹോ, എന്തൊരു ധൈര്യം, നാലാം നിലയിൽ ബാൽക്കണിയിൽ ജനാല വൃത്തിയാക്കി സ്ത്രീ, ഭയന്നുപോയി എന്ന് സോഷ്യൽമീഡിയ
ഏതായാലും വീഡിയോ കണ്ടവർ ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത് എന്നും പേടിച്ച് വിറച്ചുപോയി എന്നും ഒക്കെ കമന്റ് ചെയ്‍തിട്ടുണ്ട്.
ഒരു ബാൽക്കണിയുടെ അറ്റത്ത് ജനലിന്റെ മുകളിൽ നിൽക്കുന്നത് എത്രത്തോളം അപകടകരമാണ് എന്ന് നമുക്കറിയാം. അപ്പോൾ, അതിന് മുകളിൽ കയറി നിന്ന് ജനൽ കൂടി തുടക്കാൻ ശ്രമിച്ചാലോ? അങ്ങനെ ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. നാലാം നിലയിൽ നിന്നുമാണ് ഇവർ ജനാല തുടയ്ക്കുന്നത്.
ഗാസിയാബാദി(Ghaziabad)ലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നുള്ള ക്ലിപ്പിൽ ഒരു മധ്യവയസ്കയായ സ്ത്രീ ജനാലയുടെ പുറത്ത് നിന്ന് ജനൽ ഗ്ലാസുകൾ വൃത്തിയാക്കുന്നത് കാണാം. സ്ത്രീക്ക് സുരക്ഷയെ കുറിച്ച് ആശങ്കയോ ഭയമോ ഒന്നും തന്നെയില്ലെന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അവർ ജനലിനു പുറത്ത് ഒരു ചെറിയ സ്ഥലത്താണ് നിൽക്കുന്നത്. ഷാഹിദാലെന്നാണ് സ്ത്രീയുടെ പേര് എന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള ഷിപ്ര റിവിയേര സൊസൈറ്റിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എതിർ ബ്ലോക്കിൽ താമസിക്കുന്ന ശ്രുതി താക്കൂറാണ് വീഡിയോ ചിത്രീകരിച്ചത്.
പ്രസ്തുത വീഡിയോയെക്കുറിച്ച് വാർത്താ ഏജൻസി ഷാഹിദാലിനോട് അന്വേഷിച്ചപ്പോൾ അത് താനാണെന്ന് അവർ സമ്മതിച്ചു. അവർ അടുത്തിടെയാണ് ഈ അപ്പാർട്ട്മെന്റിലേക്ക് മാറിയതെന്നും അവർ പറഞ്ഞു. ജനാലകൾ പൊടിപിടിച്ച് വൃത്തിഹീനമായതിനാൽ, അത് വൃത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. താൻ സുരക്ഷാവലയിൽ അള്ളിപ്പിടിച്ചാണ് നിന്നത്. മാത്രമല്ല, പുറത്ത് നിന്നും ജനാലച്ചില്ലിൽ പിടിച്ചിരുന്നു എന്നും അവർ പറഞ്ഞു. ഏതായാലും വീഡിയോ കണ്ടവർ ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത് എന്നും പേടിച്ച് വിറച്ചുപോയി എന്നും ഒക്കെ കമന്റ് ചെയ്‍തിട്ടുണ്ട്.
നേരത്തെയും ഇതുപോലെയുള്ള വീഡിയോ വൈറലായിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ഫരീദാബാദിൽ ഒരു സ്ത്രീ താഴെ ബാൽക്കണിയിൽ വീണ സാരിയെടുക്കാനായി മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്കിറക്കിയ വീഡിയോ വൈറലും വിവാദവുമായിരുന്നു.