വഴിയിൽ കണ്ട നവദമ്പതികളെ ആശംസിക്കാൻ വാഹനം നിർത്തിയിറങ്ങി പഞ്ചാബ് മുഖ്യമന്ത്രി, വൈറലായി വീഡിയോ
ബതിന്ദ ജില്ലയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം വരനെ കെട്ടിപ്പിടിക്കുന്നതും ഭാര്യയ്ക്ക് ആശംസ അറിയിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം.
പഞ്ചാബിന്റെ (Punjab) പതിനാറാമത് മുഖ്യമന്ത്രിയായി നിയമിതനായി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ, ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) പ്രദേശവാസികളുടെ ഹൃദയം കീഴടക്കാൻ തുടങ്ങി. അദ്ദേഹത്തിന്‍റെ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത് (viral). വിവാഹം കഴിഞ്ഞ് വരുന്ന ദമ്പതികളെ ആശംസിക്കാന്‍ തന്‍റെ വാഹനം നിര്‍ത്തി ഇറങ്ങുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുകയാണ് പഞ്ചാബ് മുഖ്യമന്ത്രി. വധൂവരന്മാര്‍ക്കും കൂടെയുണ്ടായിരുന്നവര്‍ക്കും അതൊരു സര്‍പ്രൈസ് ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പഞ്ചാബ് സര്‍ക്കാരിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. "ഇന്നത്തെ ബതിന്ദ സന്ദർശന വേളയിൽ, മുഖ്യമന്ത്രി @CARANJITCHANNI മന്ദി കലാൻ ഗ്രാമത്തിൽ പുതുതായി വിവാഹിതരായ ദമ്പതികളെ കണ്ടു, തന്റെ ആശംസകൾ അറിയിക്കാൻ പെട്ടെന്ന് വാഹനം നിർത്തി." എന്നും അടിക്കുറിപ്പിലെഴുതുന്നു.
ബതിന്ദ ജില്ലയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം വരനെ കെട്ടിപ്പിടിക്കുന്നതും ഭാര്യയ്ക്ക് ആശംസ അറിയിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. നിരവധി പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റിലുമുണ്ട്, കുടുംബം ഒരു പാത്രത്തില്‍ കൊണ്ടുപോകുന്ന ഒരു മധുരം അദ്ദേഹത്തിന് നല്‍കുന്നതും അത് അദ്ദേഹം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കപൂർത്തലയിൽ ഒരു പരിപാടിയിൽ ചന്നി പഞ്ചാബിലെ നാടോടി നൃത്തമായ 'ഭംഗ്ര'യില്‍ വിദ്യാർത്ഥികൾക്കൊപ്പം പങ്കെടുത്തിരുന്നു. ആ വീഡിയോയും ജനങ്ങൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.