Viral Video: പെട്ടെന്നതാ നടുറോട്ടിലൊരു മുതല!
വാഹനങ്ങള്‍ തിരക്കിട്ട് പായുന്ന ഒരു ഹൈവേയില്‍ പൊടുന്നനെ ഒരു മുതല പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കും?
വാഹനങ്ങള്‍ തിരക്കിട്ട് പായുന്ന ഒരു ഹൈവേയില്‍ പൊടുന്നനെ ഒരു മുതല പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കും?
ആരായാലും അന്തം വിട്ടുപോവും. അതുതന്നെയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള എ വണ്‍ എ ഹൈവേയില്‍ ഒരു മുതല പെട്ടെന്ന് പ്രത്യക്ഷപ്പെട്ടപ്പോള്‍ സംഭവിച്ചതും. എല്ലാവരും അമ്പരന്നുപോയി.
മൃഗശാലാ വാഹനത്തില്‍ കൊണ്ടുപോവുന്നതിനിടെയാണ് വമ്പന്‍ മുതല റോഡിലേക്ക് ചാടിയത്. റോഡില്‍ വീണ മുതല രക്ഷപ്പെടാന്‍ തിടുക്കം കൂട്ടിയതോടെ വാഹനങ്ങള്‍ ബ്ലോക്ക് ആയി. തുടര്‍ന്ന്, വണ്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ മൃഗശാലാ ജീവനക്കാര്‍ പുറത്തിറങ്ങി കയറുപയോഗിച്ച് ഏറെ നേരം പണിപ്പെട്ടാണ് മുതലയെ വീണ്ടും വാഹനത്തിലേക്ക് കയറ്റിയത്. രസകരവും വിചിത്രവുമായ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി.
സെന്റ് അഗസ്റ്റിനിലെ അലിഗേറ്റര്‍ ഫാം സുവോളജിക്കല്‍ പാര്‍ക്കിലുള്ള മുതലയാണ് വാഹനത്തില്‍നിന്നും ചാടിയത്. എട്ട് അടി നീളമുള്ള മുതലയെ ഇതേ മൃഗശാലയുടെ തൊട്ടടുത്തുള്ളമറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മൃഗശാലയില്‍നിന്നിറങ്ങി റോഡ് മുറിച്ചു കടന്ന് സഞ്ചരിക്കുമ്പോഴാണ് 150 പൗണ്ട് ഭാരമുള്ള മുതല റോഡിലേക്ക് ചാടിയത്.
മൃഗശാലാ വാനിന്റെ പിറകിലെ വാതില്‍ അബദ്ധത്തില്‍ തുറന്നുപോയപ്പോഴാണ് മുതല റോഡിലേക്ക് ചാടിയത്. ഉടന്‍ തന്നെ വനിതാ ജീവനക്കാര്‍ പുറത്തിറങ്ങുകയും സാഹസികമായി മുതലയെ പിടികൂടി വണ്ടിയിലേക്ക് കയറ്റുകയും ചെയ്തു.
അടുത്തുള്ള റോഡിലൂടെ വാഹനങ്ങള്‍ കുതിച്ചുപായുന്നുണ്ടായിരുന്നുവെങ്കിലും മുതല ചാടിയ റോഡില്‍ ഉടനെ തന്നെ ഗതാഗതം നിലച്ചത് സൗകര്യമായി. ഇതിനാല്‍, മുതലയ്ക്ക് അപകടമൊന്നും സംഭവിച്ചില്ല. വഴിയാ്രതക്കാര്‍േക്കാ ജീവനക്കാരികള്‍ക്കോ പരിക്കൊന്നും പറ്റിയില്ലെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു.
സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മുതലയെ നേരത്തെ നിശ്ചയിച്ചിരുന്ന കേന്ദ്രത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞതായി മൃഗശാലാ അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാഹനത്തിന്റെ ഡ്രൈവര്‍ ജെസിക സ്റ്റാര്‍ക്ക് പകര്‍ത്തി മൃഗശാലാ അധികൃതര്‍ക്ക് കൈമാറി. മൃഗശാല അവരുടെ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ മുതലയുടെ ചാട്ടവും അനന്തര ദൃശ്യങ്ങളും ഷെയര്‍ ചെയ്്തു. അധികം വൈകാതെ ഈ വീഡിയോ വൈറലായി മാറി. ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തത്. രസകരമായ നിരവധി കമന്റുകളും ഇതിനു കിട്ടി. മുതല ചാടിയപ്പോള്‍ സമീപിത്തു കൂടി ഒരു ബിയര്‍ കമ്പനിയുടെ വാന്‍ പോയിരുന്നു. ബിയര്‍ കണ്ടാണ് മുതല ചാടിയതെന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പരന്നത്.
മുതലയും മൃഗശാലാ ജീവനക്കാരും തമ്മിലുള്ള പിടിയും വലിയുമാണ് വീഡിയോയിലുള്ളത്. മൂന്ന് മൃഗശാലാ ജീവനക്കാരാണ് ഒരു കയര്‍ ഉപയോഗിച്ച് മുതലയെ പിടിക്കാന്‍ ശ്രമിച്ചത്. ജനറല്‍ ക്യൂറേറ്റര്‍ ജെന്‍ ആന്‍ഡേഴ്‌സണ്‍, മൃഗശാലാ സൂക്ഷിപ്പുകാരി കാര്‍സിന്‍ മക്ക്രീഡി എന്നീ വനിതാ ജീവനക്കാരാണ് മുതലയെ നിയന്ത്രണത്തിലാക്കിയത്.