ഹഹ, പെണ്ണുങ്ങളോ, സര്‍ക്കാറില്‍ സ്ത്രീകളുണ്ടാവുമോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിച്ച് താലിബാന്‍, വീഡിയോ
അതു കേട്ടതും താലിബാന്‍കാര്‍ ചിരി തുടങ്ങി. പെട്ടെന്ന്തന്നെ അതിലൊരാള്‍ ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ''ഞാനാകെ ചിരിച്ചുപോയി'' എന്ന് ഒരു താലിബാന്‍കാരന്‍ പറയുന്നതും വീഡിയോയില്‍ കാണാം.
അഫ്ഗാനിസ്താനില്‍ വീണ്ടും ഭരണത്തിലേറിയതിനുപിന്നാലെ, തങ്ങള്‍ ആകെ മാറിയെന്നാണ് ഇപ്പോള്‍ താലിബാന്‍ പറയുന്നത്. അതേറ്റു പാടിക്കൊണ്ട്, പഴയ താലിബാനല്ല ഇപ്പോഴെന്ന് സമര്‍ത്ഥിക്കുകയാണ് ചിലര്‍. സ്ത്രീകളുടെ അവകാശങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാവുമെന്നും താലിബാനെ ന്യായീകരിക്കുന്നവര്‍ പറയുന്നു.
എന്നാല്‍, താലിബാന് ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ലെന്നാണ് അഫ്ഗാനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരില്‍ പലരോടും പണി നിര്‍ത്തി വീട്ടില്‍ പോവാന്‍ പറയുന്നതായും മാധ്യമങ്ങളില്‍ താലിബാന്‍ പിടിമുറുക്കുന്നതായുമാണ് അഫ്ഗാന്‍ പോര്‍ട്ടലായ ഗാന്ധാര ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ബിബിസിയും വനിതാ മാ4്യമപ്രവര്‍ത്തകരോടുള്ള താലിബാന്റെ മനോഭാവത്തെക്കുറിച്ച് ആശങ്കാജനകമായ വാര്‍ത്തയാണ് പുറത്തുവിട്ടത്.
അതിനിടെയാണ്, ഒരു വര്‍ഷം മുമ്പ് പുറത്തുവന്ന വൈസ് ന്യൂസിന്റെ ഒരു ഡോക്യുമെന്ററിയിലെ ക്ലിപ്പ് വൈറലാവുന്നത്. അമേരിക്കന്‍ നെറ്റ് വര്‍ക്കായ ഷോ ടൈം സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയുടെ ഒരു ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
താലിബാന്‍ കേന്ദ്രത്തില്‍ അഞ്ച് ദിവസം ചെലവിട്ട് വൈസ് നിര്‍മിച്ച വീഡിയോയാണിത്.
വീഡിയോയില്‍ ഒരു ചെറുസംഘം താലിബാന്‍കാരാണുള്ളത്. അവരോട് ചോദ്യം ചോദിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തക.
സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍ ഭരണത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന് മാധ്യമപ്രവര്‍ത്തക ചോദിക്കുമ്പോള്‍, ശരീഅത്ത് നിയമത്തിന് അനുസരിച്ചായിരിക്കും അതെന്ന് സംഘത്തിലെ ഒരു താലിബാന്‍കാരന്‍ മറുപടി പറയുന്നു.
മാധ്യമപ്രവര്‍ത്തക ചോദ്യം നിര്‍ത്തുന്നില്ല. വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ഉണ്ടാവുമോ എന്ന് അവര്‍ വീണ്ടും ചോദിക്കുന്നു.
അതു കേട്ടതും താലിബാന്‍കാര്‍ ചിരി തുടങ്ങി. പെട്ടെന്ന്തന്നെ അതിലൊരാള്‍ ക്യാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ''ഞാനാകെ ചിരിച്ചുപോയി'' എന്ന് ഒരു താലിബാന്‍കാരന്‍ പറയുന്നതും വീഡിയോയില്‍ കാണാം.
ഈ ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്തത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് പാട്രികരാക്കോസ് ട്വിറ്ററില്‍ ഇത് ഷെയര്‍ ചെയ്തപ്പോള്‍, 23 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പഷ്‌തോ മാധ്യമപ്രവര്‍ത്തക നാദിയ മൊമന്ദ് അടക്കമുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്താന്‍ ഭരിച്ചപ്പോള്‍, സ്ത്രീകള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരം താലിബാന്‍ നിഷേധിച്ചിരുന്നു. ആണുങ്ങളാരെങ്കിലും കൂടെയില്ലാതെ സ്ത്രീകള്‍ പുറത്തുപോവരുതെന്നും താലിബാന്‍ കല്‍പ്പിച്ചിരുന്നു.
ഇത്തവണ അധികാരത്തില്‍ വന്നതിനു പിന്നാലെ, കൂടുതല്‍ പുരോഗമനപരമായ ഭരണമായിരിക്കും ഇനി ഉണ്ടാവുക എന്നും എല്ലാ വിഭാഗക്കാര്‍ക്കും ഭരണത്തില്‍ അവസരമുണ്ടാവുമെന്നും താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇത് വെറും കണ്‍കെട്ടു വിദ്യ ആണെന്നാണ് അഫ്ഗാനികളില്‍ പലരും പ്രതികരിച്ചിരുന്നത്. ആ ആശങ്ക ശരിവെക്കുന്നതാണ് ഈ വീഡിയോ.