എന്റമ്മോ കള്ളന്റേത് ഒടുക്കത്തെ ബുദ്ധി തന്നെ, സിസിടിവി ദൃശ്യം കണ്ട് വീട്ടുടമ പോലും ചിരിച്ചുപോയി
വന്നത് കള്ളനാണ് എന്നും പോർച്ചിലിരുന്ന ബോക്സ് കൊണ്ടുപോയി എന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടപ്പോൾ ആദ്യം തനിക്ക് ദേഷ്യമാണ് വന്നത്. എന്നാൽ, പിന്നീട് ആലോചിച്ചപ്പോൾ എല്ലാം ഒരു തമാശയായി തോന്നി എന്നും ഇയാൾ പറയുന്നു.
കള്ളന്മാർക്ക് അബദ്ധം പറ്റുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. എന്നാൽ, നല്ല അസ്സലായി കളവു നടത്തുന്ന കള്ളന്മാരും അനേകമുണ്ട്. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിക്കുന്നത്.
സംഗതി കള്ളൻ നല്ല ഭംഗിയായി മോഷണം നടത്തി. അടിച്ചെടുക്കാൻ കരുതിയിരുന്ന സാധനം അടിച്ചെടുത്തോണ്ട് പോവുകയും ചെയ്തു. പക്ഷേ, ആ സിസിടിവി ദൃശ്യങ്ങൾ കാണുമ്പോൾ മോഷണം നടന്ന വീടിന്റെ ഉടമ പോലും ചിരിച്ചു പോവുകയാണ്. കാരണം, ഒരു ഗാർബേജ് ബാഗിൽ കയറിയാണ് കള്ളൻ വീട്ടിലേക്ക് മോഷണത്തിനായി എത്തുന്നത്. കണ്ടാൽ ശരിക്കും ഒരു ഗാർബേജ് ബാഗ് നടന്നു വരികയാണ് എന്നേ തോന്നൂ.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരു വീടിന്റെ മുൻവശം കാണാം. പെട്ടെന്ന് അതിന്റെ പോർച്ചിലേക്ക് ഒരു ഗാർബേജ് ബാഗ് പതിയെ പതിയെ നീങ്ങി വരുന്നു. എന്നാലും, ഒരു ഗാർബേജ് ബാഗ് എങ്ങനെയാണ് ഇങ്ങനെ നടന്നു വരിക എന്ന് ചിന്തിക്കുമ്പോഴേക്കും അതിന്റെ താഴെയായി ഒരാളുടെ കാൽ കാണാം.
പിന്നെ ദൃശ്യങ്ങളിൽ കാണുന്നത് ഇയാൾ നടന്നു വരുന്നതും പോർച്ചിലിരുന്ന ഒരു കവർ അടിച്ചെടുത്തോണ്ട് സ്ഥലം വിടുന്നതുമാണ്. അപ്പോഴാണ് വരുന്നത് കള്ളനാണ് എന്നും പോർച്ചിൽ വച്ചിരുന്ന ബോക്സായിരുന്നു അയാളുടെ ലക്ഷ്യം എന്നും നമുക്ക് മനസിലാവുക.
ഉടമ തന്നെയാണ് സോഷ്യൽ മീഡിയയിൽ ആദ്യം ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. 'ഒരു ബാഗ് എന്റെ വാതിലിനെ ലക്ഷ്യമാക്കി വരുന്നത് കണ്ടോ? ആദ്യം അവർ തമാശ കളിക്കുകയാണ് എന്നാണ് ഞാൻ കരുതിയത്' എന്നാണ് വീട്ടുടമ പറയുന്നത്. പിന്നെ തനിക്ക് കാര്യം മനസിലായി എന്നും ഇയാൾ പറയുന്നു. വന്നത് കള്ളനാണ് എന്നും പോർച്ചിലിരുന്ന ബോക്സ് കൊണ്ടുപോയി എന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടപ്പോൾ ആദ്യം തനിക്ക് ദേഷ്യമാണ് വന്നത്. എന്നാൽ, പിന്നീട് ആലോചിച്ചപ്പോൾ എല്ലാം ഒരു തമാശയായി തോന്നി എന്നും ഇയാൾ പറയുന്നു.
ഏതായാലും, സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. എന്തായാലും കള്ളന്റെ ബുദ്ധി കൊള്ളാം എന്നാണ് നെറ്റിസൺസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം