പ്രായം നൂറുകടന്ന് വയസ്സന്‍ മീന്‍, വലിപ്പം കണ്ടാലും അമ്പരക്കും, വൈറലായി വീഡിയോ
രണ്ട് പതിറ്റാണ്ടുകളായി ഗൈഡായി പ്രവർത്തിക്കുന്ന അദ്ദേഹം ഏകദേശം 22,000 -ത്തിലധികം സ്റ്റർജനുകളെ പിടികൂടി എന്നാണ് കണക്കാക്കുന്നത്.
സ്വയം 'സ്റ്റർജൻ ഗൈഡ്' എന്ന് വിശേഷിപ്പിക്കുന്ന യീവ്സ് ബൈസൺ(Yves Bisson) തന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഗൈഡ് ജീവിതത്തിനിടയിൽ ഒരുപാട് കടൽ കാഴ്ചകൾ കണ്ടിട്ടുണ്ട്. ഇരുപതിനായിരത്തിലധികം സ്റ്റർജനു(sturgeon)കളെയും. വളരെക്കാലം ജീവിക്കുന്ന ഒരിനം മത്സ്യമാണ് സ്റ്റര്‍ജന്‍. ഇത് താനിത് വരെ കണ്ടതിൽ വച്ച് ഏറ്റവും ഭീകരനാണ് എന്ന് പറഞ്ഞ് ബൈസണ്‍ ഒരു സ്റ്റർജനെ പരിചയപ്പെടുത്തുകയുണ്ടായി. സംഭവങ്ങളുടെ വീഡിയോ ബൈസണിന്റെ ഒപ്പം ഉണ്ടായിരുന്നയാൾ പകർത്തുകയും ടിക്ടോക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. 36 മില്ല്യൺ പേരാണ് വീഡിയോ കണ്ടത്.
വീഡിയോയിൽ, ഇതിന്റെ തല ക്യാമറയിലേക്ക് പിടിക്കാൻ ബൈസൺ പാടുപെടുകയാണ്. "ഇത് പരിശോധിക്കുക, ഈ മത്സ്യത്തിന് പത്തര അടി നീളമുണ്ട്. അഞ്ഞൂറോ അറുന്നൂറോ പൗണ്ട് ഭാരം വരും" എന്നാണ് അദ്ദേഹം പറയുന്നത്. ഇത് സ്റ്റർജൻ ഇനത്തിൽ പെടുന്ന മത്സ്യമാണ്. ഇവയെ ചിലപ്പോൾ 'ജീവനുള്ള ദിനോസറുകൾ' എന്ന് അറിയപ്പെടാറുണ്ട്. കാനഡയിലെ ഫ്രേസർ നദിയിൽ വസിക്കുന്ന സ്റ്റർജൻ മത്സ്യത്തിൽ വിദഗ്ധനാണ് ബൈസൺ. തന്റെ വൈറൽ വീഡിയോയിലെ മത്സ്യത്തിന് നൂറുവയസുണ്ടാകാം എന്ന് ബൈസൺ അനുമാനിക്കുന്നു.
ഏതായാലും ബൈസണ് ഇവയെ കൊല്ലുന്നതിനോട് ഒട്ടും താൽപര്യമില്ല. നൂറു ശതമാനം 'കാച്ച് ആൻഡ് റിലീസ്' പോളിസിയാണ് ബൈസണ്. അതിനാൽ തന്നെ ഈ രാക്ഷസൻ മീനിനെ പിടിച്ചശേഷവും കുറച്ച് വീഡിയോയും ചിത്രവും പകർത്തിയ ശേഷം ബൈസൺ അതിനെ തിരികെ വിട്ടു. അതിന് ടാഗ് നൽകിയ ശേഷം തിരികെ വിട്ടതായി ബൈസൺ മാധ്യങ്ങളോട് പറഞ്ഞു.
സ്റ്റർജനിൽ ഘടിപ്പിച്ച ഇലക്‌ട്രോണിക് ടാഗുകളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ വഴി അദ്ദേഹം സ്റ്റർജനുകളെ കുറിച്ച് കൂടുതൽ പഠിക്കുന്നു. രണ്ട് പതിറ്റാണ്ടുകളായി ഗൈഡായി പ്രവർത്തിക്കുന്ന അദ്ദേഹം ഏകദേശം 22,000 -ത്തിലധികം സ്റ്റർജനുകളെ പിടികൂടി എന്നാണ് കണക്കാക്കുന്നത്. "അവ ലോകത്തിലെ ഏറ്റവും ശക്തമായ ശുദ്ധജല മത്സ്യമാണ്, മത്സ്യബന്ധനത്തെ തുടർന്നുള്ള മരണനിരക്ക് 0.012 ശതമാനമാണ്. അതിനാൽ അടിസ്ഥാനപരമായി അവ ഒരിക്കലും ഇല്ലാതാവില്ല. തങ്ങളുടെ ലോകപ്രശസ്ത ടാഗിംഗ് പ്രോഗ്രാം പ്രകാരമുള്ള വിവരങ്ങൾ അത് ശരിവയ്ക്കുന്നതാണ് എന്ന് ബൈസൺ പറയുന്നു.
ഏതായാലും ബൈസണിന്റെ ഈ വീഡിയോ കണ്ട സാമൂഹികമാധ്യമങ്ങളിലുള്ളവർ ശരിക്കും ഇങ്ങനെ ഒരു മത്സ്യമോ എന്ന് അമ്പരക്കുകയാണുണ്ടായത്.