എന്തൊരു നല്ല വിദ്യാർത്ഥികൾ, എന്ത് ഭാഗ്യമുള്ള ടീച്ചർ; കാണാം ക്ലാസ്‍റൂമിലെ ആ മനോഹര കാഴ്ച
ഈ വീഡിയോ ആരുടെയായാലും കുട്ടിക്കാലത്തിന്റെ, അക്കാലത്തെ നിഷ്കളങ്കതയുടെ ഓർമ്മകൾ അവരിലേക്ക് തിരിച്ചു കൊണ്ടുവരും. ഒരിക്കൽ കൂടി ഇങ്ങനെ ഒരു കുട്ടിക്കാലത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞെങ്കിലെന്നും തോന്നിപ്പോകും.
സ്നേഹവും ദയയും പങ്കുവയ്ക്കലുകളും എല്ലാം നാം പഠിക്കുന്നത് വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമാണ്. അവിടെ നിന്നും നാം പഠിക്കുന്ന പാഠങ്ങൾ അത് നല്ലതായാലും ചീത്തയായാലും മിക്കവാറും എക്കാലവും നമ്മുടെ കൂടെത്തന്നെ കാണും. അതിനാലാണ്, മാതാപിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളോട് ആർദ്രതയോടെയും കരുണയോടെയും സ്നേഹത്തോടെയും പെരുമാറണം എന്ന് പറയുന്നത്. ഏറ്റവുമധികം നാം ഭക്ഷണം പങ്കുവച്ച് കഴിച്ചിട്ടുണ്ടാവുക സ്കൂളിൽ നിന്നായിരിക്കും. പങ്കുവയ്ക്കലിന്റെ ബാലപാഠങ്ങൾ പഠിച്ചതും അവിടെ നിന്നുതന്നെയാവണം.
അതുപോലെ ഇതാ അതിമനോഹരമായ ഒരു കാഴ്ചയാണ് ഈ ക്ലാസ്‍മുറിയിലേതും. avinash_sir07 എന്ന യൂസർ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ ആരുടെയായാലും കുട്ടിക്കാലത്തിന്റെ, അക്കാലത്തെ നിഷ്കളങ്കതയുടെ ഓർമ്മകൾ അവരിലേക്ക് തിരിച്ചു കൊണ്ടുവരും. ഒരിക്കൽ കൂടി ഇങ്ങനെ ഒരു കുട്ടിക്കാലത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞെങ്കിലെന്നും തോന്നിപ്പോകും. ഒരു ക്ലാസ്മുറിയിൽ വച്ചാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഉച്ചഭക്ഷണസമയത്താണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
വീഡിയോയിൽ ഒരു അധ്യാപകന് വിദ്യാർത്ഥികൾ തങ്ങൾ കൊണ്ടുവന്നിരിക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് നൽകുന്നതാണ് കാണാൻ കഴിയുക. അതിൽ എല്ലാത്തരത്തിലുള്ള ഭക്ഷണവും ഉണ്ട്. റൊട്ടിയും പച്ചക്കറികളും എല്ലാം. വിദ്യാർത്ഥികൾ തങ്ങളുടെ ടിഫിൻ ബോക്സുകളുമായി അധ്യാപകനെ സമീപിക്കുകയാണ്. പിന്നീട്, ടിഫിൻ ബോക്സ് തുറന്ന് അധ്യാപകന് നേരെ നീട്ടുന്നു. അതിൽ നിന്നും ഓരോ കുഞ്ഞുപങ്ക് അധ്യാപകൻ എടുക്കുന്നതും കാണാം. ആരേയും നിരാശപ്പെടുത്താതെ എല്ലാവരുടേയും പാത്രത്തിൽ നിന്നും ഓരോ കുഞ്ഞുപങ്കുകൾ അധ്യാപകനെടുക്കുന്നുണ്ട്.
കരുതലും സ്നേഹവും കാണിക്കുന്ന ഈ വീഡിയോ നെറ്റിസൺസിന് ഇഷ്ടമായി. അനേകം പേരാണ് ഈ മനോഹര വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുകൊണ്ടാണ് ഞാൻ ഒരു പ്രൈമറി ടീച്ചർ ആയിരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞത്, തന്റെ ഭക്ഷണത്തിൽ നിന്നും തന്റെ ടീച്ചർ ഒരു പങ്കെടുക്കുമ്പോൾ തനിക്ക് അഭിമാനം തോന്നാറുണ്ട് എന്നാണ്.
കാണാം ആ മനോഹരമായ വീഡിയോ: