സ്കൂളിന്റെ അവസ്ഥ മഹാമോശമാണ്, വടി മൈക്കാക്കി വിദ്യാർത്ഥിയുടെ റിപ്പോർട്ടിംഗ് വൈറൽ
മഹാമാരിയ്ക്ക് ശേഷം സ്‌കൂൾ തുറന്നുവെങ്കിലും, ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ല. വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രമാണ് സ്കൂളിൽ ഉള്ളത്. മിക്ക ക്ലാസ് മുറികളും ഒഴിഞ്ഞുകിടക്കുന്നു. സ്കൂളിന്റെ മോശം അവസ്ഥയെക്കുറിച്ച് പറയാൻ അവൻ മറ്റ് വിദ്യാർത്ഥികളുടെ സമീപം പോകുന്നതും വീഡിയോയിൽ കാണാം.
ഝാർഖണ്ഡിലെ ഒരു സ്കൂൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും, ഇടിഞ്ഞു വീഴാറായ മതിലുകളുമുള്ള ആ സ്കൂൾ തീർത്തും ശോചനീയാവസ്ഥായിലാണ്. എന്നാൽ വർഷങ്ങളായി സ്കൂളിന്റെ അവസ്ഥ ഇത് തന്നെയാണ്. പക്ഷെ, ഇപ്പോൾ അതൊരു വാർത്തയാകാൻ കാരണം അവിടത്തെ പന്ത്രണ്ടുവയസ്സുകാരനായ ഒരു വിദ്യാർത്ഥിയാണ്. പേര് സർഫറാസ് ഖാൻ.
ഒരു ന്യൂസ് റിപ്പോർട്ടറായി അഭിനയിക്കുന്ന അവന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. തന്റെ സ്‌കൂളിന്റെ ദുരവസ്ഥ റിപ്പോർട്ട് ചെയ്യുകയാണ് അവൻ അതിൽ. ഒരു അടിപൊട്ടിയ പ്ലാസ്റ്റിക് കുപ്പിയുടെ അകത്ത് തിരുകി കയറ്റിയ വടിയാണ് അവന്റെ മൈക്ക്. അതും പിടിച്ച് അവൻ സ്കൂളിൽ ചുറ്റി നടക്കുന്നു. ഝാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ ഭിഖിയാചക് ഗ്രാമത്തിലാണ് അവന്റെ സ്കൂൾ. വാർത്ത റിപ്പോർട്ട് ചെയ്യാൻ അവൻ സ്കൂളിന്റെ ഓരോ വിഭാഗങ്ങളിലും കയറി ഇറങ്ങുന്നു. ക്ലാസ് മുറികളും, കാട് കയറിയ മൂത്രപ്പുരയും, ജീർണിച്ച കക്കൂസുകളും അവൻ നമുക്ക് കാണിച്ച് തരുന്നു. കുട്ടികളുടെ മൈതാനം കാട് കയറിയിരിക്കുന്നു. അത് കാണിച്ച്, ഞങ്ങൾ എവിടെ കളിക്കുമെന്ന് അവൻ ചോദിക്കുന്നു. കൂടാതെ, പൂർത്തിയാകാത്ത കുഴൽക്കിണറും അവൻ കാണിച്ച് തരുന്നു. കുടിവെള്ളത്തിനായി കുത്തിയ കുഴൽകിണറാണ് പാതിയിൽ ഉപേക്ഷിച്ച അവസ്ഥയിൽ കിടക്കുന്നത്. സ്കൂളിൽ വെള്ളമില്ലാത്ത അവസ്ഥയാണ് എന്നും അവൻ പറയുന്നു.
മഹാമാരിയ്ക്ക് ശേഷം സ്‌കൂൾ തുറന്നുവെങ്കിലും, ക്ലാസുകൾ പുനരാരംഭിച്ചിട്ടില്ല. വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രമാണ് സ്കൂളിൽ ഉള്ളത്. മിക്ക ക്ലാസ് മുറികളും ഒഴിഞ്ഞുകിടക്കുന്നു. സ്കൂളിന്റെ മോശം അവസ്ഥയെക്കുറിച്ച് പറയാൻ അവൻ മറ്റ് വിദ്യാർത്ഥികളുടെ സമീപം പോകുന്നതും വീഡിയോയിൽ കാണാം. സർക്കാരിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന് അവൻ പറയുന്നു. അവിടെയുള്ള വാട്ടർ ടാങ്കും ഹാൻഡ് പമ്പും നന്നാക്കണമെന്നും അവൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയാകാറായി എന്നും, ഇപ്പോഴും ഇവിടെ അധ്യാപകർ എത്തിയിട്ടില്ലെന്നും അവൻ കുറ്റപ്പെടുത്തി. അധ്യാപകർ ഒരുകാലത്തും കൃത്യസമയത്ത് സ്കൂളിൽ വരാറില്ലെന്നും അവൻ കൂട്ടിച്ചേർത്തു. എല്ലാവരും അവന്റെ വാചാലതയും, ആത്മവിശ്വാസവും കണ്ട് അത്ഭുതപ്പെടുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അവനെ അഭിനന്ദിക്കാൻ മുന്നോട്ട് വന്നത്.