റോഡിൽ പെട്ടെന്നൊരു കാണ്ടാമൃഗം, ആകെ വിരണ്ട് ജനങ്ങൾ, വീഡിയോ
പട്ടണത്തിൽ കാണ്ടാമൃഗം അലഞ്ഞു നടക്കുന്നത് കണ്ട് ആശയക്കുഴപ്പത്തിലാക്കരുത് എന്ന് നന്ദ അടിക്കുറിപ്പിൽ എഴുതിച്ചേർത്തിട്ടുണ്ട്. ക്ലിപ്പ് അധികം താമസിയാതെ തന്നെ വൈറലായി.
വാഹനമോടുന്ന തെരുവിൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാണ്ടാമൃഗത്തെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? വിരണ്ടു പോകുമല്ലേ? നഗരപ്രദേശത്തെ തെരുവിലൂടെ ഓടുന്ന കാണ്ടാമൃഗത്തിന്റെ ഒരു വീഡിയോ അടുത്തിടെ ഒരു ഐഎഫ്‌എസ് ഓഫീസർ പങ്കുവയ്ക്കുകയുണ്ടായി. പെട്ടെന്ന് തന്നെ ഇത് ആളുകളുടെ ശ്രദ്ധ നേടി. വീഡിയോ കണ്ട ഞെട്ടലിലാണ് ആളുകൾ.
ഐഎഫ്‌എസ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചതാണ് വീഡിയോ. റോഡിലൂടെ വേഗത്തിൽ ഓടുന്ന ഒരു കാണ്ടാമൃഗത്തെയാണ് വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. റോഡ് ശൂന്യമാണെന്ന് തോന്നുമെങ്കിലും, റോഡിന് അരികിൽ വാഹനങ്ങളും, അടുത്തുള്ള കടകളിൽ ആളുകളെയും കാണാം. നിരത്തിലൂടെ ഓടി വരുന്ന കാണ്ടാമൃഗത്തെ കണ്ട ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നതും, അടുത്തുള്ള കടയിലേക്ക് കയറുന്നതും കാണാമായിരുന്നു. മാത്രവുമല്ല കാണ്ടാമൃഗം കടന്ന് പോകുന്ന വഴിയിൽ ആളുകൾ അതിനെ കണ്ട് വീടുകളിൽ നിന്നും കടകളിൽ നിന്നും പുറത്ത് വരുന്നതും കാണാം. അതേസമയം വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
പട്ടണത്തിൽ കാണ്ടാമൃഗം അലഞ്ഞു നടക്കുന്നത് കണ്ട് ആശയക്കുഴപ്പത്തിലാക്കരുത് എന്ന് നന്ദ അടിക്കുറിപ്പിൽ എഴുതിച്ചേർത്തിട്ടുണ്ട്. ക്ലിപ്പ് അധികം താമസിയാതെ തന്നെ വൈറലായി. 70,000 -ലധികം ആളുകൾ ഇത് കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട പലരും കാണ്ടാമൃഗത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായി. ഇതിന് ശേഷം എന്ത് സംഭവിച്ചെന്നുവെന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്.
പലരും നന്ദയോട് യോജിക്കുകയും, വനങ്ങൾക്ക് പകരം പട്ടണങ്ങൾ നിർമ്മിക്കാനുള്ള അനുമതി നിരോധിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. "ഇത് ജുമാഞ്ജി സിനിമയിലെ ഒരു രംഗമാണോ" എന്നും ഒരാൾ അഭിപ്രായപ്പെട്ടു. “ദൈവമേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതാണ്!” എന്ന് മറ്റൊരാൾ പറഞ്ഞു.