ഷോർട്‍സിട്ടതിന് ബാങ്കിൽ കയറ്റാതെ സെക്യൂരിറ്റി ജീവനക്കാരൻ, പ്രതിഷേധവുമായി യുവാവ്, വീഡിയോ
ബാങ്കിലേക്ക് കടക്കുന്നതിന് ആളുകൾ എന്തെങ്കിലും പ്രത്യേക വസ്ത്രം ധരിക്കണം എന്ന് നിയമമുണ്ടോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. എന്നാൽ, സെക്യൂരിറ്റി ജീവനക്കാരൻ ഇതിന് മറുപടി ഒന്നും തന്നെ നൽകുന്നില്ല.
ബാങ്കുകളിൽ ചെല്ലുന്നതിന് എന്തെങ്കിലും പ്രത്യേകിച്ച് ഡ്രസ് കോഡുണ്ടോ? അതോ ഏതെങ്കിലും പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടോ? എന്തായാലും, ബാങ്ക് ഓഫ് ഇന്ത്യയുടെ നാഗ്പൂരിലെ ഒരു ബ്രാഞ്ചിൽ ചെന്ന ഒരു യുവാവിനെ സെക്യൂരിറ്റി ജീവനക്കാരൻ അകത്ത് കടക്കാൻ അനുവദിച്ചില്ല. കാരണം, അയാൾ ധരിച്ചിരുന്നത് ഷോർട്‍സ് ആയിരുന്നു.
സംഭവത്തിന്റെ വീഡിയോ യുവാവ് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ ഒരാൾ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതാണ് കാണാൻ സാധിക്കുന്നത്. യുവാവിന്റെ വഴി മുടക്കി നിൽക്കുകയാണ് സെക്യൂരിറ്റി ജീവനക്കാരൻ. ഷോർട്‍സ് ധരിച്ചുകൊണ്ട് ബാങ്കിന്റെ അകത്ത് കടക്കാൻ സാധ്യമല്ല എന്നാണ് ഇയാൾ യുവാവിനോട് പറയുന്നത്.
ബാങ്കിലേക്ക് കടക്കുന്നതിന് ആളുകൾ എന്തെങ്കിലും പ്രത്യേക വസ്ത്രം ധരിക്കണം എന്ന് നിയമമുണ്ടോ എന്നും യുവാവ് ചോദിക്കുന്നുണ്ട്. എന്നാൽ, സെക്യൂരിറ്റി ജീവനക്കാരൻ ഇതിന് മറുപടി ഒന്നും തന്നെ നൽകുന്നില്ല. കളക്ടറോടും ആർബിഐയോടും ഈ ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയാണ് എന്നും വീഡിയോയിലെ കാപ്ഷനിൽ കാണാം. ഒപ്പം തന്റെ എല്ലാ ചോദ്യത്തിനുള്ള ഉത്തരവും തനിക്ക് ലഭിക്കണം എന്നും യുവാവ് പറയുന്നു.
വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ബാങ്കിൽ പ്രവേശിക്കുന്നതിന് അങ്ങനെ പ്രത്യേകിച്ച് ഇന്ന ഡ്രസ് ധരിക്കണം എന്ന നിയമം ഒന്നുമില്ല എന്നാണ് ചിലർ പ്രതികരിച്ചത്. ഇത് വിവേചനമാണ് എന്നും ഇതിനെതിരെ നടപടിയെടുക്കേണ്ടതുണ്ട് എന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്ത് ഇതാദ്യമായിട്ടല്ല ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. കൊൽക്കത്തയിലെ ഒരു ബാങ്കിലും 2021 -ൽ സമാനമായ ഒരു സംഭവം നടന്നിരുന്നു.