കൊഞ്ചിക്കാൻ ചെന്നു, തൂക്കി ദൂരത്തെറിഞ്ഞ് ആന, യുവാവ് എയറില്‍, ഭയപ്പെടുത്തും ഈ വീഡിയോ
യുവാവ് വീണ്ടും വീണ്ടും ആനയുടെ കൂടുതൽ അടുത്തേക്ക് ചെല്ലുന്നു. എന്നാൽ, ആനയ്ക്ക് യുവാവിന്റെ സാന്നിധ്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് അതിന്റെ പെരുമാറ്റത്തിൽ നിന്നുതന്നെ വ്യക്തമാണ്.
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജീവിയേത് എന്ന ചോദ്യം ചോദിക്കുകയാണെങ്കിൽ അതിന്റെ ഉത്തരം മനുഷ്യൻ എന്നായിരിക്കും? അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വീഡിയോ. ഒരു ആനയുടെ തൊട്ടടുത്ത് പോയ യുവാവിനുണ്ടായ അനുഭവമാണ് വീഡിയോയിൽ കാണുന്നത്.
ആന ഒരു വന്യമൃഗമാണ്. അതെപ്പോൾ പ്രകോപിതരാകുമെന്നോ എന്ത് ചെയ്യുമെന്നോ ഒന്നും ആർക്കും പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ, പലപ്പോഴും മനുഷ്യർ അക്കാര്യം മറന്നുപോകാറാണ് പതിവ്. അതിനാൽ തന്നെ പൊരിവെയിലത്തും ആനയെ നടത്തിക്കുകയും ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുകയും ഒക്കെ ചെയ്തുകളയും മനുഷ്യർ. അങ്ങനെ അപകടങ്ങളും സംഭവിക്കാറുണ്ട്. വീഡിയോയിലുള്ള യുവാവിന് സംഭവിച്ചതും അതാണ്.
കുറച്ച് ഇലകളുമായി ഒരു യുവാവ് ആനയെ സമീപിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. യുവാവിന്റെ സുഹൃത്തുക്കളിൽ ആരോ തന്നെയാവണം വീഡിയോ പകർത്തുന്നത്. കാരണം, വീഡിയോയ്ക്ക് വേണ്ടിയാണ് യുവാവിന്റെ പ്രകടനങ്ങൾ എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. യുവാവ് കൊടുത്ത ഇലകൾ അപ്പോൾ തന്നെ ആന വായിലാക്കുന്നുണ്ട്. എന്നാൽ, യുവാവ് ആനയെ തലോടിയും കൊഞ്ചിച്ചും അവിടെ തന്നെ നിൽക്കുകയാണ്.
യുവാവ് വീണ്ടും വീണ്ടും ആനയുടെ കൂടുതൽ അടുത്തേക്ക് ചെല്ലുന്നു. എന്നാൽ, ആനയ്ക്ക് യുവാവിന്റെ സാന്നിധ്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് അതിന്റെ പെരുമാറ്റത്തിൽ നിന്നുതന്നെ വ്യക്തമാണ്. എന്നാൽ, യുവാവ് ഇതൊന്നും ഗൗനിക്കാതെ ആനയുടെ തൊട്ടടുത്തേക്ക് തന്നെ വീണ്ടും വീണ്ടും പോവുന്നു. ഇതോടെ പ്രകോപിതനായ ആന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടി എറിയുകയാണ്. യുവാവ് ദൂരെച്ചെന്ന് വീഴുന്നതും വീഡിയോയിൽ കാണാം.
ഷെയർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ആളുകൾ വീഡിയോയ്ക്ക് കമന്റുകളിടുകയാണ്. മിക്കവരും യുവാവിന്റെ ബുദ്ധിമോശത്തെ കുറിച്ചാണ് പറഞ്ഞത്. ഒപ്പം ആന ഒരു വന്യമൃഗമാണ് എന്ന് ആളുകൾ കമന്റ് ബോക്സിൽ ഓർമ്മപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം