ഉഷ്ണതരംഗം കടുത്തു; ജാക്കറ്റില്‍ ഫാന്‍ സജ്ജീകരിച്ച ജപ്പാനീസ് വീഡിയോ വൈറല്‍ !
'ഫാൻ ഘടിപ്പിച്ച ഈ ജാക്കറ്റ് പുറത്തെ വായു വലിച്ചെടുക്കുകയും വിയർപ്പിനെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ, ബാഷ്പീകരണത്തിലൂടെ ചൂട് പുറത്തു പോവുകയും ശരീരത്തിന് തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.'
കാലാവസ്ഥ വ്യതിയാനം ലോകമെമ്പാടും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കൻ ഐക്യനാടുകൾ മുതൽ യൂറോപ്പും ജപ്പാനും വരെയുള്ള രാജ്യങ്ങൾ ഇപ്പോൾ വേനൽചൂടിനേക്കാള്‍ കടുത്ത ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളുകയാണ്. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് വരെ നമ്മുടെ നാട്ടിലെ അവസ്ഥയും മറിച്ചായിരുന്നില്ല. അനിയന്ത്രിതമായി ഉയരുന്ന താപനില ഒരു വില്ലനായി തുടരുമ്പോൾ ചൂടിൽ നിന്ന് രക്ഷപ്പെടാൻ പലതരത്തിലുള്ള മാർഗങ്ങളും പലരും സ്വീകരിച്ച് കാണാറുണ്ട്. ഇത്തരത്തിൽ ചൂടിനെ പ്രതിരോധിക്കാനായി ആളുകൾ നടത്തുന്ന ശ്രമങ്ങളുടെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ ജപ്പാനിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ജപ്പാനിലെ ഒരു സിവിക് ജീവനക്കാരൻ, ചൂടിനെ പ്രതിരോധിക്കാനായി ഫാൻ സജ്ജീകരിച്ച യൂണിഫോം ധരിച്ചുകൊണ്ട് നടക്കുന്നതിന്‍റെ വീഡിയോയായിരുന്നു അത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ ഈ ഫാൻ ജാക്കറ്റിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, 'ഫാൻ ഘടിപ്പിച്ച ഈ ജാക്കറ്റ് പുറത്തെ വായു വലിച്ചെടുക്കുകയും വിയർപ്പിനെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ, ബാഷ്പീകരണത്തിലൂടെ ചൂട് പുറത്തു പോവുകയും ശരീരത്തിന് തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.' ഒപ്പം ഇത്തരത്തിലുള്ള ജാക്കറ്റുകളുടെ സ്വീകാര്യത ജപ്പാനിൽ വർദ്ധിച്ചു വരികയാണെന്നും കുറിപ്പിൽ പറയുന്നു.
ചൈനീസ് സിനിമാ താരമായ ഇന്ത്യക്കാരന്‍, ചൈനീസ് പാഠപുസ്തകത്തില്‍ ജീവിതകഥയും!
സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാൽ, വീഡിയോയ്ക്ക് ആളുകളുടെ ഭാഗത്തുനിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അനുദിന ജീവിതത്തിന് ആവശ്യമായ കാര്യങ്ങൾ ഇത്ര വേഗത്തിൽ കണ്ടുപിടിച്ച് നടപ്പാക്കുന്ന ജപ്പാന് അഭിനന്ദനങ്ങൾ എന്നായിരുന്നു ഒരു വിഭാഗം സാമൂഹിക മാധ്യമ ഉപഭോക്താക്കൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. എന്നാൽ ഈ കൊടുംചൂടിൽ കട്ടി കുറഞ്ഞ ഒരു വസ്ത്രം ധരിച്ച് നിൽക്കുന്നതിന് പകരം ഇത്രയേറെ കട്ടിയുള്ള ഒരു ജാക്കറ്റ് ധരിച്ച് അതിനുള്ളിൽ ഫാൻ പിടിപ്പിക്കുന്നത് എന്തിനെന്നായിരുന്നു മറ്റൊരു കൂട്ടര്‍ ചോദിച്ചത്. കട്ടി കുറഞ്ഞ ഒരു വസ്ത്രം ധരിച്ച് ഒരു കുടയോ തൊപ്പിയോ ചൂടി അല്പം സണ്‍സ്ക്രീനും പുരട്ടിയാൽ തീരാവുന്ന പ്രശ്നത്തിന് ബദലായി എന്തിനാണ് ഇങ്ങനെ ഒരു കണ്ടുപിടിത്തമെന്നും ആളുകൾ ചോദിച്ചു.ജപ്പാനിലെ മുൻ സോണി എഞ്ചിനീയർ ഇച്ചിഗയ ഹിരോഷിയാണ് ഫാൻ സജ്ജീകരിച്ച ഷർട്ടുകൾ രൂപകൽപ്പന ചെയ്തത്. ഈ കണ്ടുപിടുത്തത്തിന് 2017-ൽ, കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനും താപ സംരക്ഷണ കഴിവുകൾക്കുമായി “ആഗോള വാമിംഗ് പ്രിവൻഷൻ ആക്ടിവിറ്റിക്കുള്ള പരിസ്ഥിതി മന്ത്രിയുടെ പ്രശംസ” ലഭിച്ചിരുന്നുവെന്നും ജപ്പാൻ ഗവൺമെന്‍റിന്‍റെ പബ്ലിക് റിലേഷൻസ് ബ്ലോഗിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക